Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസംയുക്ത സൈനിക...

സംയുക്ത സൈനിക പരിശീലനം:​ ഇന്ത്യൻ യുദ്ധകപ്പലുകൾ സൗദി തീരത്ത്

text_fields
bookmark_border
സംയുക്ത സൈനിക പരിശീലനം:​ ഇന്ത്യൻ യുദ്ധകപ്പലുകൾ സൗദി തീരത്ത്
cancel
Listen to this Article

റിയാദ്​: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ദൃഢമാകുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ ചെങ്കടൽ തീരത്ത്​ എത്തി. ഇരുരാജ്യങ്ങളുടെയും സംയുക്ത സൈനിക പരിശീലനത്തിന്‍റെ തുടർച്ചയാണ്​ ഇത്​. ഇന്ത്യൻ നാവികസേനയുടെ പടവ്യൂഹത്തിന്​ പരിശീലനം നൽകിയ ആദ്യ കപ്പലുകളായ ഐ.എൻ തിർ, ഐ.എൻ.എസ്​ സുജാത എന്നിവയും ഇന്ത്യൻ തീരദേശസേനയുടെ കപ്പലായ സാരഥിയും ആണ്​ വ്യാഴാഴ്ച സൗദിയുടെ പശ്ചിമ തീരത്തെ ജിദ്ദ തുറമുഖത്ത്​ എത്തിയത്​.

വെള്ളിയാഴ്ച നാവിക യാത്രാപരിശീലന കപ്പലായ ഐ.എൻ.എസ്​ തരംഗിണിയും ഈ ദൗത്യത്തിൽ പങ്കുചേർന്നു. കഴിഞ്ഞ വർഷം നടന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ നാവിക അഭ്യാസത്തിന് ശേഷം ഇപ്പോൾ ജിദ്ദയിലെത്തിയ ഇന്ത്യൻ സൈനിക കപ്പലുകൾ ഉഭയകക്ഷി പ്രതിരോധബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്​. ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയുടെ കിഴക്കൻതീരത്ത് നടന്ന അഭ്യാസത്തിൽ 40 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത 'മിലൻ 2022' ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ റോയൽ സൗദി നേവൽ ഫോഴ്‌സ് പ്രതിനിധി സംഘവും പങ്കെടുത്തിരുന്നു.



ഐ.എൻ.എസ് തിർ മുംബൈയിലെ മസ്ഗാവ് ഡോക്ക് ലിമിറ്റഡ് നിർമിച്ച ആദ്യത്തെ കേഡറ്റ് പരിശീലന കപ്പലാണ്. ഇത് 1986 ഫെബ്രുവരി 21നാണ്​ കമീഷൻ ചെയ്തത്​. ദക്ഷിണ നാവിക കമാൻഡിലെ ഒന്നാംപരിശീലന സ്ക്വാഡ്രണിലെ സീനിയർ കപ്പലാണ് ഇത്​. ആധുനിക പരിശീലന സൗകര്യങ്ങൾ ഉള്ള ഈ കപ്പൽ സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുൾപ്പെടെ 4000-ലധികം ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചിട്ടുണ്ട്. സമുദ്രനയതന്ത്രവും വിദേശസഹകരണവും വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 27 രാജ്യങ്ങളിലാണ്​ ഈ കപ്പൽ എത്തിയിട്ടുള്ളത്​. 20 ഇൻസ്ട്രക്ടർമാരും 12 കേഡറ്റുകളുമായാണ് കപ്പലിൽ ഉള്ളതെങ്കിലും ഇതിന്​ ആവശ്യമെങ്കിൽ 293 പേരെ വരെ വഹിക്കാനാകും. അത്യാധുനിക പരിശീലനത്തിനുള്ള സൗകര്യം, ആശയവിനിമയ സംവിധാനം, പീരങ്കി എന്നിവ സജ്ജീകരിച്ചിട്ടുള്ള ഈ കപ്പലിൽ ഒരു ഹെലികോപ്റ്ററും ഉണ്ട്​​. കടൽകൊള്ളക്കാരെ തുരത്തുന്ന ദൗത്യങ്ങളിൽ വളരെ വിജയകരമായ പങ്കാളിത്തം ഈ കപ്പൽ വഹിച്ചിട്ടുണ്ട്.

1993 നവംബർ മൂന്നിന്​ കമീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയമായി നിർമിച്ച സുകന്യ ക്ലാസ് ഓഫ്‌ഷോർ പട്രോൾ കപ്പലാണ് ഐ.എൻ.എസ് സുജാത. കപ്പൽ ഫ്ലീറ്റ് സപ്പോർട്ട് ഓപ്പറേഷൻസ്, മാനുഷിക സഹായ ദൗത്യങ്ങൾ, ഓഫ്‌ഷോർ പട്രോളിങ്​, സമുദ്ര നിരീക്ഷണം, എസ്കോർട്ട് ഡ്യൂട്ടി എന്നിവയാണ്​ ഇതിന്‍റെ പ്രധാന ദൗത്യങ്ങൾ. ഒമ്പത് വർഷമായി ഒരു കേഡറ്റ് പരിശീലന കപ്പൽ, സങ്കീർണമായ ദൗത്യങ്ങളിലേക്ക്​ നീങ്ങുന്നതിന് മുമ്പ് ഈ കപ്പലിലെ നാവിഗേഷന്‍റെയും നാവികസേനയുടെയും പ്രായോഗിക വശങ്ങൾ ഓഫീസർ കേഡറ്റുകൾക്ക് ലഭ്യമാക്കുന്നു. എല്ലായിപ്പോഴും 'ജാഗ്രതയോടെ മുന്നോട്ട്​' എന്ന മുദ്രാവാക്യത്തോടെ നാവിക സേനയുടെ സഹായിയായി ഈ കപ്പൽ ഒപ്പമുണ്ടാകും.



ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമിച്ച ആറ് ഓഫ്‌ഷോർ പട്രോൾ വെസ്സലുകളുടെ പരമ്പരയിലെ മൂന്നാമത്തേതാണ് ഇന്ത്യൻ തീരദേശ സൈനിക കപ്പലായ​ 'സാരഥി'. 2016 സെപ്റ്റംബർ ഒമ്പതിന് കമീഷൻ ചെയ്ത ഈ കപ്പലിൽ അത്യാധുനിക നാവിഗേഷൻ, ആ​ശയവിനിമയ ഉപകരണങ്ങൾ, സെൻസറുകൾ, മെഷിനറികൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 30 എം.എം സി.ആർ.എൻ 91 നേവൽ ഗൺ, ഇന്‍റഗ്രേറ്റഡ് ബ്രിഡ്ജ് സിസ്റ്റം, ഇന്‍റഗ്രേറ്റഡ് മെഷിനറി കൺട്രോൾ സിസ്റ്റം, പവർ മാനേജ്‌മെന്‍റ്​ സിസ്റ്റം, ഹൈ-പവർ എക്‌സ്‌റ്റേണൽ ഫയർ ഫൈറ്റിങ്​ സിസ്റ്റം എന്നിവയാണ്​ ഇതിന്‍റെ പ്രത്യേകതകൾ.



ഒരു ഇരട്ട എഞ്ചിൻ ലൈറ്റ് ഹെലികോപ്റ്ററും അഞ്ച് അതിവേഗ ബോട്ടുകളും ഉൾക്കൊള്ളുന്ന തരത്തിലാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദ്രുതഗതിയിലുള്ള ബോർഡിങ്​ പ്രവർത്തനങ്ങൾ, തിരച്ചിൽ, രക്ഷാപ്രവർത്തനം, നിയമപാലകർ, സമുദ്ര പട്രോളിങ്​ എന്നിവയ്ക്കായി രണ്ട് ക്വിക്ക് റിയാക്ഷൻ ഇൻഫ്ലേറ്റബിൾ ബോട്ടുകൾ ഉൾപ്പെടുന്നു. കടലിലെ എണ്ണ ചോർച്ച തടയുന്നതിനുള്ള മലിനീകരണ പ്രതികരണ ഉപകരണങ്ങൾ വഹിക്കാനും കപ്പലിന് കഴിയും. സീനിയർ ഓഫീസർ ഫസ്റ്റ് ട്രെയിനിങ്​ സ്ക്വാഡ്രനും ഐ.എൻ.എസ് തിർ ക്യാപ്റ്റനുമായ അഫ്താബ് അഹമ്മദ് ഖാനാണ് സ്ക്വാഡ്രൺ കമാൻഡർ.

ജിദ്ദ തുറമുഖത്ത് എത്തിയ കപ്പലുകൾക്ക് റോയൽ സൗദി നേവൽ ഫോഴ്‌സ്, ബോർഡർ ഗാർഡ്‌സ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന്​ ഊഷ്മളമായ സ്വീകരണം നൽകി. നാല് ദിവസം തുറമുഖത്ത് തങ്ങുന്ന കപ്പലുകൾ എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പരിശീലനങ്ങൾ നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian warshipSaudi Arabia
News Summary - Joint military training: Indian warships off the coast of Saudi Arabia
Next Story