ഗൾഫ് സൈന്യങ്ങളുടെ സംയുക്ത സുരക്ഷ പരിശീലനം സൗദിയിൽ
text_fieldsജുബൈൽ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളുടെ സംയുക്ത സൈനിക പരിശീലനത്തിൽ (അറബ് ഗൾഫ് സെക്യൂരിറ്റി ത്രീ) പങ്കെടുക്കാൻ ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിൽനിന്ന് സുരക്ഷാസേന വിഭാഗങ്ങൾ സൗദി അറേബ്യയിലെത്തി. സൈന്യങ്ങളുടെ ഏകോപനവും സഹകരണവും വർധിപ്പിക്കാനും പ്രതിസന്ധികളെയും അടിയന്തര സാഹചര്യങ്ങളെയും നേരിടാനുള്ള കഴിവ് വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പരിപാടിയാണ് സംയുക്ത അഭ്യാസം. ഇതിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി ആഭ്യന്തരമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ജി.സി.സി ആഭ്യന്തരമന്ത്രിമാരുടെ 37ാമത് യോഗത്തിൽ എടുത്ത തീരുമാനത്തിന് അനുസരിച്ചാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. കേണൽ സലീം മുബാറക് അൽ അബ്രാവിയുടെ നേതൃത്വത്തിൽ റോയൽ ഒമാൻ പൊലീസിൽനിന്നുള്ള ഒരു സംഘമാണ് ആദ്യം എത്തിയത്. ബോയിങ് സി-17 ഗ്ലോബ്മാസ്റ്റർ മിലിട്ടറി കാർഗോ വിമാനത്തിൽ കമാൻഡർ മേജർ യൂസുഫ് അൽ-ഹമദിന്റെ നേതൃത്വത്തിലാണ് ഖത്തർ സേന എത്തിയത്. ബ്രിഗേഡിയർ ജനറൽ അബ്ദുല്ല അൽ-അതീഖിയാണ് കുവൈത്തിന്റെ സംഘത്തെ നയിക്കുന്നത്.
ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഏകോപനത്തിന്റെയും ഫീൽഡ് സഹകരണത്തിന്റെയും നിലവാരം ഉയർത്തുകയാണ് ഈ അഭ്യാസം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സൗദിയുടെ കിഴക്കൻ നഗരമായ അൽഖോബാറിനെ ദ്വീപ് രാഷ്ട്രവുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലൂടെ വാഹനവ്യൂഹത്തിലാണ് ബഹ്റൈൻ സംഘം എത്തിയത്. ഏറ്റവും ഒടുവിൽ യു.എ.ഇ സുരക്ഷ സേനാംഗങ്ങളും എത്തി. സുരക്ഷ മേഖലയിൽ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രതിസന്ധികളെയും അടിയന്തര സാഹചര്യങ്ങളെയും അഭിമുഖീകരിക്കുന്നതിനും സേനകളെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറേബ്യൻ രാജ്യങ്ങൾക്കുള്ള എല്ലാ ഭീഷണികളും അപകടസാധ്യതകളും നേരിടാൻ സുരക്ഷ സേവനങ്ങളുടെ ഏകോപന നിലവാരവും സന്നദ്ധതയുടെ തോതും ഉയർത്തുകയാണ് അഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.