ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജോലിക്കും വാക്സിനെടുക്കണം –മന്ത്രാലയം
text_fieldsജിദ്ദ: സൗദിയിൽ ടൂറിസ്റ്റ് താമസ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നിർബന്ധമാക്കുന്നു. ടൂറിസ്റ്റുകൾ താമസിക്കുന്ന കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാരും ശവ്വാൽ ഒന്നുമുതൽ കോവിഡ് കുത്തിവെപ്പെടുത്തിരിക്കുകയോ അല്ലെങ്കിൽ പി.സി.ആർ പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റ് നേടിയവരോ ആയിരിക്കണമെന്ന് ടൂറിസം മന്ത്രാലയമാണ് നിബന്ധനയായി നിശ്ചയിരിക്കുന്നത്. കോവിഡ് വാക്സിനെടുക്കാത്തവർക്ക് ഒാരോ ആഴ്ചയിലും എടുക്കുന്ന പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും.
തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. അതിനിടെ, വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന രാജ്യത്തെ മുഴുവൻ ഒാഫിസുകളിലെ ജോലിക്കാർ കോവിഡ് വാക്സിനെടുത്തിരിക്കണമെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മുഴുവൻ ജീവനക്കാരും ശവ്വാൽ ഒന്ന് മുതൽ ജോലിക്ക് കോവിഡ് കുത്തിവെപ്പെടുത്തിരിക്കുകയോ അല്ലെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റ് നേടിയവരോ ആയിരിക്കണമെന്ന് അറിയിപ്പിലുണ്ട്.
കോവിഡ് വാക്സിനെടുക്കാത്തവർക്കാണ് ഒരോ ആഴ്ചയിലും നടത്തിയ പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയും പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷക്ക് ഗവൺമെൻറ് കാണിക്കുന്ന അതീവ താൽപര്യവും പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.