ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്‍ദുല്ല ഇനി സൗദി അറേബ്യയുടെ മരുമകൻ
text_fieldsജിദ്ദ: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്‍ദുല്ലയും സൗദിയിലെ റിയാദിൽ നിന്നും റജ്‍വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സൈഫ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൈഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി ജോര്‍ദാന്‍ രാജകീയ കോടതി അറിയിച്ചു. റിയാദിലെ വധുവിന്റെ പിതാവിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ചടങ്ങിൽ ജോർദാൻ രാജകുടുംബത്തിലെ അംഗങ്ങളായ പ്രിൻസ് ഹസ്സൻ ബിൻ തലാൽ, പ്രിൻസ് ഹാഷിം ബിൻ അബ്ദുല്ല, പ്രിൻസ് അലി ബിൻ ഹുസൈൻ, പ്രിൻസ് ഹാഷിം ബിൻ ഹുസൈൻ, പ്രിൻസ് ഗാസി ബിൻ മുഹമ്മദ്, പ്രിൻസ് റാഷിദ് ബിൻ ഹസ്സൻ എന്നിവരും വധുവിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാന്‍, ജോര്‍ദാന്‍ രാജാവ് അബ്‍ദുല്ല രണ്ടാമനെയും കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയെയും വിളിച്ചു ആശംസകള്‍ നേർന്നതായി സൗദി പ്രസ് ഏജൻസി അറിയിച്ചു. വിവാഹത്തിനൊരുങ്ങുന്ന ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ രാജകുമാരനും റജ്‍വ ഖാലിദ് ബിന്‍ മുസൈദിനും സന്തോഷകരമായ ജീവിതം ആശംസിക്കുന്നതായി അമീർ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. 'എനിക്ക് സന്തോഷം അടക്കാൻ കഴിയുന്നില്ല, എന്റെ മൂത്ത മകൻ ഹുസൈൻ രാജകുമാരനും അദ്ദേഹത്തിന്റെ സുന്ദരിയായ വധു റജ്‍വക്കും അഭിനന്ദനങ്ങൾ' എന്നായിരുന്നു വിവാഹ നിശ്ചയ ചടങ്ങിന് ശേഷം ജോര്‍ദാന്‍ രാജ്ഞി റാനിയ തന്റെ ട്വിറ്ററിൽ കുറിച്ചത്.
28 കാരനായ ഹുസൈന്‍ രാജകുമാരന്‍ അമ്മാനിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 2016-ൽ അമേരിക്കയിലെ ജോർജ്ജ്ടൗൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ ഹിസ്റ്ററിയിൽ ബിരുദം നേടി. ശേഷം ബ്രിട്ടീഷ് മിലിട്ടറി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ നിന്നും ബിരുദം നേടി ഇപ്പോൾ ജോർദാനിയൻ സായുധ സേനയിൽ ക്യാപ്റ്റൻ പദവി വഹിക്കുന്നു.
2009 ലാണ് രാജകീയ ഉത്തരവിലൂടെ അദ്ദേഹത്തെ ഔദ്യോഗികമായി കിരീടാവകാശിയായി തെരഞ്ഞെടുത്തത്. 28 വയസുകാരിയായ റജ്‍വ ഖാലിദ് റിയാദിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോര്‍ക്കിൽ ആര്‍ക്കിടെക്ചര്‍ പഠനം പൂര്‍ത്തിയാക്കി. ജോര്‍ദാന്‍ രാജകുമാരി ഇമാന്‍ ബിന്‍ത് അബ്‍ദുല്ലയും ന്യൂയോര്‍ക്ക് സ്വദേശി ജമീല്‍ അലക്സാണ്ടറും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.