വർണ വിസ്മയം തീർത്ത് ജുബൈൽ ഫൈൻ ആർട്സ് സൊസൈറ്റി കലാപ്രദർശനം
text_fieldsജുബൈൽ: സൗദി സാംസ്കാരിക വകുപ്പിന് കീഴിൽ സ്ഥാപിതമായ ജുബൈൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏഴ് ദിവസം നീളുന്ന ചിത്ര പ്രദർശനത്തിന് റോയൽ കമീഷൻ മേഖലയിലെ ഫനാത്തീറിൽ തുടക്കമായി. പ്രദർശനം ശനിയാഴ്ച അവസാനിക്കും. സൗദിക്കകത്തും പുറത്തുമുള്ള നിരവധി കലാകാരന്മാരുടെ മികച്ച രചനകളാണ് പ്രദർശനത്തിനായെത്തിയിട്ടുള്ളത്. ജുബൈൽ സൗദി ഫൈൻ ആർട്സ് സൊസൈറ്റി സി.ഇ.ഒ നാദിയ അൽ ഒതൈബിയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.
ഫനാത്തീറിലെ നോളജ് ആൻഡ് ക്രിയേറ്റിവിറ്റി സെന്ററിൽ മൂന്നു ഗാലറികളിലായിട്ടാണ് ചിത്രപ്രദർശനം നടക്കുന്നത്. ആദ്യത്തേതിൽ കുട്ടികളുടെ രചനകളാണ് മുഖ്യമായും പ്രദർശിപ്പിച്ചിരിക്കുന്നത്. രണ്ടാമത്തെ വേദിയിൽ ചിത്രങ്ങളുടെ വലിയ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. റിയാദിൽനിന്നുള്ള ചിത്രകാരന്മാരുടെ രചനകളാണ് മുഖ്യമായും ഈ ഗാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നാമത്തെ ഗാലറിയിൽ സൗദിക്കകത്തും പുറത്തും നിന്നുള്ള പ്രഗത്ഭരായ ചിത്രകാരന്മാരുടെയും ചിത്രകാരികളുടെയും രചനകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജുബൈലിലെ കലാധ്യാപകനായ എം.സി. സുനിൽകുമാറിന്റെ ‘ഈവനിങ് രാഗ’ എന്ന തലക്കെട്ടിലുള്ള അക്രിലിക്കിൽ തീർത്ത ഒരു പെയിന്റിങ്ങും പ്രദർശനത്തിനുണ്ട്. അതേ സ്കൂളിലെ വിന്റർ ആർട്ട് ഫെസ്റ്റിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ആറ് കുട്ടികളുടെ രചനകളും പ്രദർശനത്തിനായുണ്ട്. നൂറ അൽഖാലിദി, അമൽ അൽഅത്വാസ്, അബ്ദുല്ല അൽ അമ്മാരി, മനാൽ അൽറുവൈശ്ദി, മുന ബേവസീർ തുടങ്ങിയവരുടെ സൃഷ്ടികളുമുണ്ട്. ചിത്രകലയുടെ പ്രമോഷനോടൊപ്പം ഇതര രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയവും പ്രദർശനം ലക്ഷ്യം വെക്കുന്നു. കുട്ടികൾക്ക് വരക്കാനുള്ള കാൻവാസുകളും പെയിന്റുകളും വേദിക്കടുത്തായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മുതൽ എട്ട് വരെയാണ് സന്ദർശന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.