ജുബൈൽ ഇന്ത്യൻ സ്കൂൾ ഹിന്ദി അധ്യാപകൻ അൽത്താഫ് മുനീർ വിരമിച്ചു
text_fieldsജുബൈൽ: 30 വർഷത്തെ സേവനത്തിനു ശേഷം ജുബൈൽ ഇന്ത്യൻ സ്കൂൾ ഹിന്ദി അധ്യാപകൻ മഹാരാഷ്ട്ര സ്വദേശി അൽത്താഫ് മുനീർ വിരമിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു അദ്ദേഹം. രണ്ടു ദശാബ്ദങ്ങൾക്ക് മുമ്പ് സ്കൂളിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു നേരിട്ട പ്രതിസന്ധികളിൽ താങ്ങും തണലുമായി രക്ഷിതാക്കൾക്കും മാനേജ്മെന്റിനുമൊപ്പം നിന്ന അധ്യാപകരിലൊരാളാണ് അൽത്താഫ് മുനീർ. ഹിന്ദി അധ്യാപകൻ എന്നതിൽ ഉപരിയായി പ്രധാനാധ്യാപകൻ, എക്സാം ഇൻചാർജ്, സെക്ഷൻ സൂപ്പർവൈസർ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
സ്കൂളിലെ കായികരംഗത്തും അദ്ദേഹം സജീവമായിരുന്നു. ഹിന്ദിയിൽ നിമിഷ കവിതകൾ രചിക്കുന്നതിൽ അനിതര സാധാരണമായ കഴിവുള്ള അദ്ദേഹം കഴിഞ്ഞ 30 വർഷമായി രചിച്ച കവിതകൾ ഒരു സമാഹാരമായി പുറത്തിറക്കാനുള്ള തീരുമാനത്തിലാണ്.
മഹാരാഷ്ട്രയിലെ നാസികാണ് സ്വദേശം. നാസിക് കോർപറേഷൻ സ്കൂൾ ഹെഡ് മിസ്ട്രസായിരുന്ന സുൽത്താന ഭാര്യയും കമ്രാൻ, ഫർഹാൻ എന്നിവർ മക്കളുമാണ്. ജുബൈൽ സ്കൂൾ മാനേജ്മെന്റ് അംഗങ്ങളും പ്രിൻസിപ്പലും അധ്യാപകരും വിദ്യാർഥികളും ചേർന്ന് അൽത്താഫ് മുനീറിന് ഹൃദ്യമായ യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.