ജുബൈലിൽ ഇനി ചെമ്മീൻ ചാകരയുടെ മാസങ്ങൾ
text_fieldsജുബൈല്‍: ആറു മാസത്തെ കാത്തിരിപ്പിനുശേഷം മത്സ്യത്തൊഴിലാളികൾ ചെമ്മീൻ ചാകര തേടി കടലിൽ പോയിത്തുടങ്ങി. ആഗസ്റ്റ് ആദ്യം ആരംഭിച്ച ചാകര സീസൺ അടുത്ത വർഷം ജനുവരി അവസാനം വരെ നീളും. അതിനു ശേഷമുള്ള ആറു മാസം ചെമ്മീൻ മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളുണ്ട്. പ്രജനന കാലത്തെ ചെമ്മീൻ കൊയ്ത്ത് ബാക്കിയുള്ള മാസങ്ങളിലെ ലഭ്യതയെ ബാധിക്കുമെന്നതിനാലാണിത്.
നിരവധി ബോട്ടുകളാണ് ഓരോ ദിവസവും ജുബൈലിന്റെ തീരം വിട്ട് കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകുന്നത്. മത്സ്യങ്ങൾ ലഭ്യമാകുന്നതിന് അനുസരിച്ച് ചില ബോട്ടുകൾ ദിവസങ്ങൾ കഴിഞ്ഞാണ് തിരിച്ചെത്തുക. ചിലപ്പോൾ രാത്രിയിലും ട്രോളിങ് ഉണ്ടാകും.
വളരെ ചെറിയ നിരക്കിൽ ഇക്കാലയളവിൽ ആളുകൾക്ക് ചെമ്മീൻ ലഭ്യമാകും. മറ്റുള്ള പട്ടണങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെയെത്തി മീൻ വാങ്ങി പോകുന്നുണ്ട്. തെർമോക്കോൾ പെട്ടികളിൽ ഐസ് നിറച്ചു കൊണ്ടുപോകുന്നതിനാൽ ഏറെ സമയം മീൻ ചീത്തയാവാതെയിരിക്കും.
ഒരുപാട് പ്രതീക്ഷകളോടെയാണ് ഇത്തവണയും ഓരോ ബോട്ടും കടലിലേക്കിറങ്ങുന്നത്. കഠിനമായ ചൂട് പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നത് തീർച്ചയാണ്. അതിനാൽ മത്സ്യതൊഴിലാളികൾ വേണ്ടത്ര മുൻകരുതലെടുക്കുന്നുണ്ട്. ഇക്കാലയളവിൽ മീൻ ലേല ചന്തകളും അനുബന്ധ മത്സ്യക്കടകളും കൂടുതൽ സജീവമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.