വടക്കു-കിഴക്ക് പാതകൾ യോജിപ്പിക്കാൻ ജുബൈൽ റെയിൽവേ പദ്ധതി
text_fieldsജുബൈൽ: വടക്ക്, കിഴക്കൻ റെയിൽപാതകളെ ജുബൈൽ വ്യവസായ നഗരവുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ പദ്ധതിക്ക് തുടക്കം. കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ഉദ്ഘാടനം ചെയ്തു.ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രിയും സൗദി റെയിൽവേ കമ്പനി (എസ്.എ.ആർ) ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സാലിഹ് അൽ ജാസറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് അൽ റുമൈഹ്, എസ്.എ.ആർ സി.ഇ.ഒ ഡോ. ബാഷർ അൽ മാലിക് എന്നിവർ പങ്കെടുത്തു.
ജുബൈൽ വ്യവസായ നഗരത്തിനുള്ളിൽ 69 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഈ ശൃംഖല. ഇത് വ്യാവസായിക ആവശ്യങ്ങൾക്ക് ഗുണം ചെയ്യും. ജുബൈലിലെ സദാറ കമ്പനി മുതൽ കിങ് ഫഹദ് ഇൻഡസ്ട്രിയൽ തുറമുഖം, ജുബൈൽ കമേഴ്‌സ്യൽ പോർട്ട് എന്നിവിടങ്ങൾവരെ വ്യാപിക്കുന്നതാവും ഈ ശൃംഖല. കിങ് ഫഹദ് തുറമുഖത്ത് നിന്ന് പ്രതിവർഷം 60 ലക്ഷം ടണ്ണിലധികം ദ്രാവക, ഖര പദാർഥങ്ങൾ ഈ പാതവഴി കയറ്റിയയക്കാനാവും.
വടക്ക്, കിഴക്ക് റെയിൽവേകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജുബൈൽ റെയിൽവേയുടെ ആകെ നീളം 124 കിലോമീറ്ററാണ്. മൂന്ന് സ്റ്റോറേജ് ലൈനുകൾ, മൂന്ന് റെയിൽവേ പാലങ്ങൾ, ഏഴ് മേൽപാലങ്ങൾ എന്നിവ നിർമിച്ചു. നഗരത്തിലെ ഫാക്ടറികൾക്ക് വലിയ സഹായമാകും ഇത്.വർഷം ആദ്യ പാദത്തിൽ ഇതിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങും. പൊതുഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ലൈസൻസിങ് ഉൾപ്പടെയുള്ള നടപടി പൂർത്തിയായാലുടൻ ചരക്കുഗതാഗതം പൂർണാർഥത്തിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.