പ്രവാസി സമൂഹം ഏറെ ജാഗ്രത പുലർത്തണം -ജുബൈൽ വെൽഫെയർ അസോസിയേഷൻ
text_fieldsജുബൈൽ: സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കേസുകളിൽപെട്ട് ജയിലിലാകുന്ന പ്രവാസികളുടെ എണ്ണം ആശങ്ക ഉളവാക്കുന്നതാണെന്ന് ജുബൈൽ വെൽഫെയർ അസോസിയേഷൻ (ജുവ). ഇതുവഴി നിരവധിയാളുകൾക്ക് നിയമക്കുരുക്കുകളിലകപ്പെട്ട് ജോലി പോലും നഷ്ടപ്പെടുന്നു. സാമ്പത്തിക ഇടപാടുകളിൽ പാലിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ച് സംഘടനാ തലങ്ങളിലുള്ള ബോധവത്കരണം അനിവാര്യമാണെന്ന് ജുവ എക്സിക്യൂട്ടിവ് കമ്മിറ്റി വിലയിരുത്തി. ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു.
മൂന്ന് വർഷം മുമ്പ് സൗദി അറേബ്യയിൽ നിന്നും ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോവുകയും പിന്നീട് ഖത്തറിൽ ജോലിക്കെത്തുകയും ചെയ്ത മലയാളി, ഉംറ നിർവഹിക്കുന്നതിനായി സൗദിയിലെത്തി തിരികെ ഖത്തറിലേക്ക് പോകുന്നതിനിടെ, തദ്ദേശ ബാങ്കുമായി സാമ്പത്തിക ബാധ്യതയുള്ളതിനാൽ യാത്രാവിലക്കുണ്ടെന്ന് അധികൃതർ അറിയിക്കുകയും യാത്ര തടസ്സപ്പെടുകയും ചെയ്ത സംഭവം ചടങ്ങിൽ അദ്ദേഹം വിശദീകരിച്ചു.
മാനസികമായി തളർന്ന അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജുബൈൽ ഇസ്ലാഹി സെൻറർ, ജുവയുടെ പിന്തുണ ആവശ്യപ്പെടുകയായിരുന്നു. ജുവ രക്ഷാധികാരി ടി.സി. ഷാജിയുടെയും അഷ്റഫ് മൂവാറ്റുപുഴയുടെയും അഭ്യർഥനയെ തുടർന്ന് ഇരയാക്കപ്പെട്ട വ്യക്തിക്ക്, ഒ.ഐ.സി.സി, കെ.എം.സി.സി, നവോദയ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ, ഫോക്കസ് ജുബൈൽ, ഐ.സി.ഫ് ജുബൈൽ, ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ, ജുബൈൽ മലയാളി സമാജം, തനിമ ജുബൈൽ, ക്രൈസിസ് മാനേജ്മെൻറ്, ആംപ്സ്, കോൺഫിഡൻറ് അറേബ്യ തുടങ്ങിയ സംഘടനകൾ ആവശ്യമായ സഹായം എത്തിക്കാൻ മുന്നോട്ട് വന്നു. മേഖലയിലെ പ്രമുഖരായ ടി.സി. ഷാജി, കുഞ്ഞി കോയ, സയ്യിദ്, സഫയർ മുഹമ്മദ്, ജയൻ തച്ചൻപാറ, അഷ്റഫ് കൊടുങ്ങല്ലൂർ, അൻഷാദ് ആദം, നസീർ തുണ്ടിൽ, നിസാം യാഖൂബ് എന്നിവരും ഈ യജ്ഞത്തിൽ പങ്കാളികളായി.
മദ്യം, മയക്കുമരുന്ന്, ക്രഡിറ്റ് കാർഡിന്റെ നിയമവിരുദ്ധമായ ഉപയോഗം, മറ്റ് സാമ്പത്തിക തട്ടിപ്പുകൾ, അനാവശ്യ കാര്യങ്ങളിൽ അനന്തരഫലങ്ങൾ മനസ്സിലാക്കാതെ ഇടപെടൽ തുടങ്ങിയ കേസുകളിൽ പെട്ടുപോകുന്നവരെ കുറിച്ച് ചടങ്ങിൽ സംസാരിച്ച കബീർ സലാഹി, പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർമാരായ സൈഫുദ്ദീൻ പൊറ്റശ്ശേരി, സലിം ആലപ്പുഴ എന്നിവർ ചൂണ്ടിക്കാട്ടി. എല്ലാ സംഘടനകളുടെയും പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഷംസുദ്ദീൻ പള്ളിയാളി സ്വാഗതവും ഉമേഷ് കളരിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.