കെ-റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും -കെ.കെ. ജയചന്ദ്രൻ
text_fieldsകേളി ഒരുക്കിയ സ്വീകരണ യോഗത്തിൽ കെ.കെ. ജയചന്ദ്രൻ സംസാരിക്കുന്നു
റിയാദ്: കെ-റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ കെ.കെ. ജയചന്ദ്രൻ. കേളി കലാസാംസ്കാരിക വേദി ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാനുമതി എന്ന കടമ്പ മാത്രമാണ് കെ-റെയിലിന് മുന്നിലുള്ളത്.
രാജ്യത്തിന്റെ വികസന കുതിപ്പിന് അധികകാലം ഒരു സർക്കാറിനും വിലങ്ങുതടിയായി നിൽക്കാൻ സാധിക്കില്ല. ഇന്നല്ലെങ്കിൽ നാളെ അനുമതി നൽകാതിരിക്കാൻ കേന്ദ്രസർക്കാറിന് കഴിയില്ല. കേരളത്തിന്റെ വികസന കുതിപ്പിന് പ്രതിപക്ഷവും സംഘ്പരിവാർ ശക്തികളും വിഘാതം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും കെ.കെ. ജയചന്ദ്രൻ അഭിപ്രായപ്പെട്ടു.
നവകേരള സൃഷ്ടിക്കായി ഇടതുസർക്കാർ പ്രതിജ്ഞാബദ്ധമാണ്. കാർഷിക സർവകലാശാല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റുകയും ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും എന്ന ആദ്യ ലക്ഷ്യത്തിലേക്ക് കേരളം കുതിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ സുപ്രധാന പങ്കുവഹിക്കുന്നവരായിട്ടുകൂടി പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യൻ സർക്കാർ ഒന്നുംതന്നെ ചെയ്യുന്നില്ല. എന്നാൽ, കേരളം അതിൽനിന്നും വിഭിന്നമായി ഒരു ബദൽ തന്നെ രാജ്യത്തിന് മുന്നിൽ തുറന്നുകാണിച്ചിട്ടുണ്ട്.
മടങ്ങിവന്ന പ്രവാസികൾക്ക് ഒരു കോടി രൂപവരെയുള്ള വായ്പാ സൗകര്യങ്ങൾ, 3500 മുതൽ 5000 രൂപാ വരെയുള്ള പെൻഷൻ, പ്രവാസികളുടെ മാത്രം കാര്യങ്ങൾ ചർച്ച ചെയ്യാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമായി ലോക കേരളസഭ എന്നിവയൊക്കെ ഉദാഹരണങ്ങൾ മാത്രം.
കേരളത്തെയാണ് ലഹരി മാഫിയ ലക്ഷ്യംവെക്കുന്നത്. അതിനായി പുതുതലമുറയെ കരുവാക്കാനൊരുങ്ങി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇത് അനുവദിച്ചുകൂടാ. രാജ്യത്ത് ആകെ വിപണനം ചെയ്യപ്പെടുന്ന ലഹരി മരുന്നുകളുടെ നാമമാത്രമായ ക്രയവിക്രയങ്ങളാണ് കേരളത്തിൽ കണ്ടെത്തപ്പെട്ടിട്ടുള്ളത്. എന്നാൽ, കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണെന്നുള്ളതരത്തിൽ പ്രചണ്ഡമായ പ്രചാരണങ്ങൾ ദുഷ്ട ശക്തികൾ നടത്തികൊണ്ടിരിക്കുകയാണ്.
ഇത്തരം പൊള്ളത്തങ്ങൾ തുറന്നു കാണിക്കപ്പെടണമെന്നും ലഹരി വിരുദ്ധ പ്രതിജ്ഞകൾ വീടുകളിൽനിന്നും തുടങ്ങണമെന്നും ഈ വിപത്തിന്നെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി. കേളി രക്ഷാധികാരി സമിതി ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ ആമുഖ പ്രഭാഷണം നടത്തി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ കെ.പി.എം. സാദിഖ്, സുനിൽ കുമാർ, സീബ കൂവോട് എന്നിവർ അദ്ദേഹത്തെ ബൊക്കെ നൽകി സ്വീകരിച്ചു. ജവാദ് പരിയാട്ട്, രജീഷ് പിണറായി, അനിരുദ്ധൻ, ജോഷി പെരിഞ്ഞനം, സുബ്രഹ്മണ്യൻ, സുകേഷ് കുമാർ, ഹസ്സൻ പുന്നയൂർ, മധു ബാലുശ്ശേരി, മനോഹരൻ നെല്ലിക്കൽ, സുരേഷ് പി, ഏരിയ കമ്മറ്റികൾക്കു വേണ്ടി നൗഫൽ പൂവകുറിശ്ശി, രാമകൃഷ്ണൻ, നിസാറുദ്ധീൻ, ഹാഷിം കുന്നത്തറ, സൈനുദ്ധീൻ, ഗോപാൽ ജി, സുനീർ ബാബു, റഫീഖ് ചാലിയം, ഗിരീഷ് കുമാർ, കിഷോർ ഇ നിസാം, തോമസ് ജോയ്, നൗഫൽ സിദ്ധീഖ് എന്നിവർ ഹാരാർപ്പണം നടത്തി. ആക്ടിങ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും പ്രസിഡന്റ് സെബിൻ ഇഖ്ബാൽ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.