'ദ ഫിഫ്റ്റീൻ ഡേയ്സ് ടു കൗണ്ട്'; ശ്രദ്ധേയമായി ഏഴാം ക്ലാസുകാരിയുടെ പുസ്തകം
text_fieldsദമ്മാം: ജീവിതത്തിൽ അപ്രസക്തമെന്നു കരുതി നാം തള്ളിക്കളയുന്ന കാര്യങ്ങൾ അൽപം ശ്രദ്ധയോടെ ചേർത്തുവെച്ചാൽ ജീവിതവിജയം സുനിശ്ചിതമെന്ന് അടിവരയിടുകയാണ് ഏഴാം ക്ലാസുകാരി ഖദീജ നാഫില.
കേവലം 15 ദിവസങ്ങൾ കൊണ്ട് നമ്മുടെ ജീവിതം അടുക്കിവെക്കാൻ സാധിക്കുമെന്ന് കരുത്തുറ്റ ചിന്തകൾ നിറഞ്ഞ കുറിപ്പുകളിലൂടെ ഈ വിദ്യാർഥിനി പറഞ്ഞുവെക്കുന്നു. ദമ്മാം അൽ ഖൊസാമ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഖദീജ നാഫിലയാണ് 'ദ ഫിഫ്റ്റീൻ ഡേയ്സ് ടു കൗണ്ട്' എന്ന പുസ്തകമെഴുതി ശ്രദ്ധേയയാകുന്നത്. വ്യത്യസ്തമായ ചിന്തകളിലൂടെ മറ്റുള്ളവർക്ക് പ്രചോദനവും, വഴികാട്ടിയുമാകുന്ന കുറിപ്പുകളാണ് ഖദീജ തന്റെ പുസ്തകത്തിലൂടെ പറഞ്ഞുവെക്കുന്നത്.
ജീവിതത്തെ ചിട്ടപ്പെടുത്തുകയും ആകർഷകമാക്കുകയും ചെയ്യുന്ന 15 കാര്യങ്ങൾ ഖദീജ തന്റെ പുസ്തകത്തിലൂടെ ഓർമപ്പെടുത്തുന്നു. ആദ്യ കുറിപ്പ് സമയത്തെക്കുറിച്ചാണ്. നാം ഏറ്റവും കൂടുതൽ പാഴാക്കുന്ന വിലകൂടിയ വസ്തു സമയമാണെന്ന് ഖദീജ പറയുന്നു. ഒന്ന് ചിട്ടപ്പെടുത്തിയാൽ, ജീവിതചലനങ്ങളോട് അതിനെയൊന്ന് ചേർത്തുനിർത്തിയാൽ ഏറ്റവും വിലകൂടിയ സമ്പാദ്യമായി സമയത്തെ മാറ്റിയെടുക്കാനാകും. അതുപോലെതന്നെ സ്വഭാവവും പെരുമാറ്റവും സമൂഹത്തിലെ ഇടപെടലുകളും ആത്മവിശ്വാസവും സ്വപ്നങ്ങളുമെല്ലാം ഒരു മനുഷ്യന്റെ ജീവിതവിജയവുമായി ബന്ധപ്പെട്ടുകിടക്കുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി മുജീബുദ്ദീൻ-ശാലിൻ ദമ്പതികളുടെ മൂത്ത മകളാണ്. സ്കൂളിലെ യൂത്ത് പാർലമെന്റിലെ പ്രതിപക്ഷ നേതാവായി ഖദീജ മികച്ച പ്രകടമാണ് കാഴ്ചവെക്കുന്നതെന്ന് അൽ ഖൊസാമ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ് പറഞ്ഞു.
നാഷനൽ സയൻസ് കോൺഗ്രസിൽ പങ്കെടുക്കുന്നതിന് സയൻസ് ഇന്ത്യ ഫോറം സെലക്ട് ചെയ്ത പ്രോജക്ടുകളിലൊന്ന് ഖദീജയുടേതാണ്. ഇംഗ്ലീഷ് ഭാഷയിലെ ഈ പുസ്തകം ഇന്ത്യയിലെ വൈറ്റ് ഫാൽക്കൺ പബ്ലിഷിങ് ആണ് പുറത്തിറക്കിയത്. തന്റെ കുടുംബമാണ് തന്റെ ഏറ്റവും വലിയ വഴികാട്ടിയും പ്രചോദകരും എന്ന് ഖദീജ പറഞ്ഞു. തന്റെ ചെറിയ ജീവിതത്തിൽ പരീക്ഷിച്ച കാര്യങ്ങളാണ് സുഹൃത്തുക്കൾക്ക് പ്രചോദനമാകാൻ പുസ്തകരൂപത്തിൽ ആക്കിയിട്ടുള്ളതെന്നും ഖദീജ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം അൽഖോബാർ അൽ ഗൊസൈബി ഹോട്ടലിൽ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.