കഅ്ബയെ പുതിയ കിസ്വ പുതപ്പിച്ചു
text_fieldsജിദ്ദ: കഅ്ബയെ പുതിയ കിസ്വ പുതപ്പിച്ചു. പതിവുപോലെ ദുൽഹജ്ജ് ഒമ്പത് അറഫ ദിനത്തിൽ തിങ്കളാഴ്ച രാവിലെയാണ് പഴയ കിസ്വ എടുത്തു മാറ്റി പുതിയ കിസ്വ കഅ്ബയെ പുതപ്പിച്ചത്. പ്രത്യേക ട്രക്കിലാണ് കിസ്വ കിങ് അബ്ദുൽ അസീസ് കിസ്വ കോപ്ലക്സിൽ നിന്ന് ഹറമിലെത്തിച്ചത്.
ആരോഗ്യ മുൻകരുതൽ പാലിച്ച് കോപ്ലക്സിലെ വിദഗ്ധ സംഘമാണ് പുതിയ കിസ്വ പുതപ്പിച്ച് കഅ്ബയുടെ എല്ലാ കോണുകളിലും സ്ഥാപിച്ചത്. കിസ്വ മാറ്റുന്നതിനു മുന്നോടിയായി ദുൽഹജ്ജ് ഒന്നിനാണ് കിസ്വ കൈമാറ്റ ചടങ്ങ് നടന്നത്. സൽമാൻ രാജാവിനു വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ആണ് പുതിയ കിസ്വ കഅ്ബയുടെ മുതിർന്ന പരിചാരകനായ ഡോ. സ്വാലിഹ് ബിൻ സൈനുൽ ആബിദിൽ അശൈബിക്ക് കൈമാറിയത്.
മക്കയിലെ ഉമ്മുജൂദിലെ കിസ്വ ഫാക്ടറിയിലാണ് കിസ്വ നിർമിച്ചിരിക്കുന്നത്. കറുത്ത ചായം പൂശിയ 670 കിലോഗ്രാം ശുദ്ധ സിൽക്ക്, 120 കിലോ ഗ്രാം സ്വർണ നൂൽ, 100 കിലോ വെള്ളി നൂൽ എന്നിവയാണ് കിസ്വ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 14 മീറ്ററാണ് കിസ്വയുടെ ഉയരം.
മുകളിലെ മൂന്നിലൊന്ന് ഭാഗത്ത് 95 സെൻറീ മീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള ബെൽറ്റ് ഉണ്ട്. 16 കഷ്ണങ്ങളോട് കൂടിയതാണ് കിസ്വ. വിശുദ്ധ വചനങ്ങൾ ആലേഖനം ചെയ്തു അലങ്കരിച്ചതാണ് ബെൽറ്റ്. കഅ്ബയുടെ നാല് ഭാഗങ്ങളെ പുതപ്പിക്കുന്നതായി നാല് വലിയ തുണികളും ഉൾക്കൊള്ളുന്നതാണ് കിസ്വ. അഞ്ചാമതൊരു തുണി കഷ്ണം കഅ്ബയുടെ വാതിൽ വിരിയാണ്.
നെയ്ത്ത്, എബ്രോയിഡറി രംഗത്തെ ഏറ്റവും നൂതനമായ സംവിധാനങ്ങളുടെയും പരിശീലനം നേടിയ ജോലിക്കാരുടെയും സഹായത്തോടെ ഏകദേശം ഒരു വർഷമെടുത്തു ഘട്ടങ്ങളായാണ് കിസ്വയുടെ നിർമാണം പൂർത്തിയാക്കുന്നത്. 200 ലധികം പേർ ജോലിക്കാരായുണ്ട്. എല്ലാവരും സ്വദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.