കലാലയം സാംസ്കാരിക വേദി പ്രവാസി സാഹിത്യോത്സവ് രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsജിദ്ദ: സമൂഹത്തിലെ വ്യത്യസ്ത പ്രതിഭകളെ കണ്ടെത്തി അവസരവും പരിശീലനവും നൽകി സമൂഹത്തോട് പ്രതിബദ്ധതയുള്ള ഉയർന്ന കലാ, സാംസ്കാരിക ബോധമുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ കലാലയം സാംസ്കാരിക വേദിയുടെ 14ാത് പ്രവാസി സാഹിത്യോത്സവിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സെപ്തംബർ 11 മുതൽ നവംബർ എട്ട് വരെയാണ് സാഹിത്യോത്സവ് കാലം.
എട്ട് വിഭാഗങ്ങളിൽ 99 കലാ, സാഹിത്യ, വൈജ്ഞാനിക ഇനങ്ങളിൽ 3000ത്തോളം പ്രതിഭകളാണ് സാഹിത്യോത്സവിന്റെ ഭാഗമാകുന്നത്. അസീർ, ജിദ്ദ സിറ്റി, യാംബു, മദീന, ത്വാഇഫ്, മക്ക, തബൂക്ക്, ജിസാൻ, ജിദ്ദ നോർത്ത്, അൽബഹ എന്നി 10 സോണുകളിൽ നിന്നുള്ള പ്രതിഭകൾ പ്രാദേശിക യൂനിറ്റ് തലം മുതൽ സെക്ടർ, സോൺ ഘട്ടങ്ങളിലായി മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തിയവർ നവംബർ എട്ടിന് ജിസാനിൽ നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കും.
സാഹിത്യോത്സവ് സംഘാടകരുടെ പരിശീലന വേദിയായ സർഗശാലയും പഴയകാല പ്രതിഭകളുടെ ഒത്തു കൂടലായി സർഗമേളയും സൗദി വെസ്റ്റിലെ 10 സോണുകളിലും അനുബന്ധമായി പൂർത്തീകരിക്കും. പ്രവാസി കുടുംബങ്ങളിൽ നടക്കുന്ന ഫാമിലി സാഹിത്യോത്സവ് ആണ് ആദ്യ ഘട്ടം.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ, കാമ്പസ് എന്നീ എട്ടു വിഭാഗങ്ങളിലായാണ് മത്സരം. മൂന്നു വയസു മുതൽ 30 വയസ്സ് വരെയുള്ള വിദ്യാർതി, വിദ്യാർഥിനി, യുവതി യുവാക്കൾക്കാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് 0536854646, 0537069486 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.