കലാലയം സാംസ്കാരിക വേദി ജിദ്ദ പ്രവാസി സാഹിത്യോത്സവിൽ അനാകിശ്, ശറഫിയ്യ സെക്ടറുകൾ ചാമ്പ്യൻമാർ
text_fieldsജിദ്ദ: കലാലയം സാംസ്കാരിക വേദി ജിദ്ദ സംഘടിപ്പിച്ച 14 മത് പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. സര്‍ഗ്ഗ വസന്തം പെയ്തിറങ്ങിയ 93 ഇനങ്ങളിൽ നടന്ന മത്സരത്തിൽ ജിദ്ദ സിറ്റി സോണില്‍ നിന്നും ശറഫിയ്യ സെക്ടറും ജിദ്ദ നോര്‍ത്ത് സോണില്‍ നിന്നും അനാകിശ് സെക്ടറും ജേതാക്കളായി. മഹ്ജര്‍, സഫ സെക്ടറുകൾ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാമ്പസ് വിഭാഗത്തില്‍ അഹ്ദാബ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ചാമ്പ്യന്മാരായി. നോവല്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മികച്ച സംഘാടനവും ആയിരങ്ങളുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായ പ്രവാസി സാഹിത്യോത്സവില്‍ ജിദ്ദയിലെ 12 സെക്ടറുകള്‍ക്ക് പുറമെ അഞ്ച് ഇന്ത്യൻ ഇന്‍റര്‍നാഷനല്‍ കാമ്പസുകളില്‍ നിന്നായി 500 ലേറെ പ്രതിഭകളാണ് മാറ്റുരച്ചത്.
കലാപ്രതിഭയായി ജിദ്ദ സിറ്റി സോണില്‍ നിന്നും സുലൈമാനിയ സെക്ടറിലെ സഹദ് അന്‍വറും നോർത്തിൽ സഫ സെക്ടറിലെ മുഹമ്മദ് ശമ്മാസും തെരഞ്ഞെടുക്കപ്പെട്ടു. സര്‍ഗ്ഗ പ്രതിഭകളായി റാബഖ് സെക്ടറിലെ മുഹമ്മദ് സുഹൈല്‍, സുലൈമാനിയ സെക്ടറിലെ റിസാന്‍ അഹ്മദ്, ആസിഫ് മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു. വനിത വിഭാഗത്തില്‍ സുലൈമാനിയ സെക്ടറിലെ വര്‍ദ ഉമറും, അനാകിശ് സെക്ടറിലെ ആലിയ ഫൈഹയും സര്‍ഗ പ്രതിഭകളായി.
ഉദ്ഘാടന സംഗമം മുഹമ്മദലി സഖാഫി വള്ളിയാട് ഉദ്ഘാടനം ചെയ്തു. ജിദ്ദ നോർത്ത് ആര്‍.എസ്.സി ചെയര്‍മാന്‍ സദഖതുല്ലാഹ് മാവൂര്‍ അധ്യക്ഷത വഹിച്ചു. സിറ്റി ജനറല്‍ സെക്രട്ടറി ആശിഖ് ശിബിലി ആമുഖ പ്രഭാഷണം നടത്തി. സാദിഖ് ചാലിയാര്‍ (ആർ.എസ്.സി ഗ്ലോബൽ), യാസിര്‍ അലി തറമ്മല്‍ (ആർ.എസ്.സി സൗദി വെസ്റ്റ്), മുഹ്സിൻ സഖാഫി (ഐ.സി.എഫ് ജിദ്ദ) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സംഘാടക സമിതി കൺവീനർ മന്‍സൂര്‍ മാസ്റ്റര്‍ അലനല്ലൂര്‍ സ്വാഗതവും കലാലയം സെക്രട്ടറി സകരിയ്യ അഹ്സനി നന്ദിയും പറഞ്ഞു.
സാംസ്കാരിക സമ്മേളനം മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസാഫിര്‍ മലപ്പുറം ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും ദേശകാലന്തരങ്ങളെ അതിജീവിച്ചു പുതിയ രൂപങ്ങളിലും വ്യത്യസ്ത ആവിഷ്കാരങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ സിറ്റി ആര്‍.എസ്.സി ചെയര്‍മാന്‍ ജാബിര്‍ നഈമി അധ്യക്ഷത വഹിച്ചു.
നോർത്ത് ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് നൗഫല്‍ അഹ്സനി മുഖ്യപ്രഭാഷണം നടത്തി. ഇസ്ഹാഖ് പൂണ്ടോളി (കെ.എം.സി.സി), മുജീബുറഹ്മാന്‍ എ.ആര്‍ നഗര്‍ (ഐ.സി.എഫ്), മന്‍സൂര്‍ ചൂണ്ടമ്പറ്റ (ആർ.എസ്.സി), റഫീഖ് പത്തനാപുരം (നവോദയ), ഉബൈദ് ഇബ്റാഹീം നൂറാനി (എസ്.എസ്.എഫ് ഇന്ത്യ) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രവാസം മതിയാക്കി മടങ്ങുന്ന ഡോ. ദിനേശ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. സിദ്ദീഖ് മുസ്ലിയാര്‍ സ്വാഗതവും ശാഫി ബിന്‍ ശാദുലി നന്ദിയും പറഞ്ഞു. സമാപന സംഗമത്തിൽ സംഘാടക സമിതി ചെയര്‍മാന്‍ സൈനുല്‍ ആബിദ് തങ്ങള്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. വിജയികൾ നവംബർ 15ന് ജിസാനിൽ നടക്കുന്ന സൗദി വെസ്റ്റ് നാഷനൽ തല പ്രവാസി സാഹിത്യോത്സവിൽ മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.