കലാം ഇ ഇശ്ഖ് ഗസൽ, ഖവാലി ഇന്ന്; സമീര്‍ ബിന്‍സിയും സംഘവും ദമ്മാമിലെത്തി
text_fieldsദമ്മാം: പ്രശസ്ത സൂഫി ഗായകരായ സമീര്‍ ബിന്‍സിയും സംഘവും ദമ്മാമിലെത്തി. വ്യാഴാഴ്ച സൈഹാത്ത് റിദ റിസോർട്ടിൽ അരങ്ങേറുന്ന സൂഫി ഗസലുകളും ഖവ്വാലികളും നിറയുന്ന ‘കലാം ഇ ഇശ്ഖി’ൽ പങ്കെടുക്കാനാണ് ആറംഗ സംഘം ദമ്മാമിൽ എത്തിയത്.
മലബാർ ഹെറിറ്റേജ് കൗൺസിൽ ദമ്മാം ചാപ്റ്ററാണ് ‘കലാം ഇ ഇശ്ഖ്’ ഒരുക്കുന്നത്. മിസ്റ്റിക് കാവ്യാലാപനത്തിൽ ആസ്വാദക വൃന്ദങ്ങളുടെ ഹൃദയം കവർന്ന പ്രശസ്ത ഗായകൻ സമീർ ബിൻസിക്കൊപ്പം ഇമാം മജ്ബൂറും സംഘാ൦ഗങ്ങളായ മറ്റു പ്രതിഭകളും അകമ്പടി ചേരും. പുകൾപെറ്റ ഗസലുകളും ഖവ്വാലികളും ഇച്ച മസ്താന്റെ വിരുത്തങ്ങളും ഇവർ അവതരിപ്പിക്കും.
പരിപാടിയോടനുബന്ധിച്ച് മലബാർ സ്ട്രീറ്റ് ഫെസ്റ്റും ഉണ്ടാകും. സ്ട്രീറ്റ് ഫെസ്റ്റിൽ തട്ടുകട, ദോശ കോർണർ, ചായക്കട, നാടൻ കടികൾ, കൂൾബാർ, ആഭരണശാല, തുണിക്കട, മെഹന്തി കോർണർ, പുസ്തകശാല തുടങ്ങിയ സ്റ്റാളുകളും ക്രമീകരിക്കുന്നുണ്ട്.
കലാം ഇ ഇശ്ഖ് കിഴക്കൻ പ്രവിശ്യയിലെ ഗസൽ, ഖവാലി പ്രേമികൾക്ക് വേറിട്ടൊരു അനുഭവമായിരിക്കുമെന്ന് മലബാർ ഹെറിറ്റേജ് കൗൺസിൽ അറിയിച്ചു. മലബാറിന്റെ ചരിത്രവും പൈതൃകവും പ്രതാപവും അക്കാദമിക്കലായി ഗവേഷണം നടത്തുകയും നവലോക ക്രമത്തിൽ അതിനെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ദൗത്യമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഹെറിറ്റേജ് കൗൺസിൽ വിഭാവനം ചെയ്യുന്നതെന്നും സംഘാടകർ പറഞ്ഞു.
ബുധനാഴ്ച രാവിലെ ദമ്മാം വിമാനത്താവളത്തിൽ എത്തിയ സംഘത്തെ സംഘാടകരായ ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മഖ്ബൂൽ, റഹ്മാൻ കാര്യാട്, നജീം ബഷീർ, അമീൻ, സാജിദ് ആറാട്ടുപുഴ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.