നാവിൽ മധുരം കിനിച്ച് ബുറൈദയിൽ ഖുലൈജ മേളയുടെ നാളുകൾ
text_fieldsറിയാദ്: വേറിട്ട രുചിമധുരം നാവിലൂറിക്കും അറേബ്യൻ പലഹാരം ‘ഖുലൈജ’യുടെ ഉത്സവത്തിനു ബുറൈദയിൽ തുടക്കം. അൽ ഖസീം പ്രവിശ്യയുടെ ഹൃദയഭാഗമായ ബുറൈദ നഗരത്തിലുള്ള കിങ് ഖാലിദ് കൾച്ചറൽ സെന്ററിലാണ് 10 ദിവസം നീളുന്ന മേള. 2009 ൽ ആരംഭിച്ച മേള പിന്നീട് എല്ലാ വർഷവും ബുറൈദയിൽ മധുരോത്സവ കൊടിയേറ്റായി മാറി, ആളുകൾ ആ നാളുകൾക്കായി കാത്തിരിക്കലായി. അൽ ഖസീം ചേംബർ ഓഫ് കൊമേഴ്സ് സംഘടകരായ മേളയുടെ 15ാം പതിപ്പാണ് ഈ മാസം എട്ടിന് തുടങ്ങിയത്. 27ന് സമാപിക്കും.
ഫുഡ് ട്രക്കുകൾക്കൊപ്പം പ്രമുഖ കമ്പനികളും കുടിൽ വ്യവസായം നടത്തുന്ന 200-ലധികം തദ്ദേശീയ കുടുംബങ്ങളുമാണ് പ്രദർശനവും വിൽപയുമായി മേളയിലുള്ളത്. ഈ രംഗത്തെ പ്രധാന നിർമാണ കമ്പനികളെല്ലാം തങ്ങളുടെ ഉൽപന്നത്തെ പരിചയപ്പെടുത്താനും വാണിജ്യ സാധ്യത ഉപയോഗപ്പെടുത്താനും മേളയിലുണ്ട്. ഖുലൈജ ജനപ്രിയ ഉൽപന്നമായതിനാൽ വൻ തിരക്കാണ് മേളയിൽ അനുഭവപ്പെടുന്നത്. പ്രതിദിനം ശരാശരി 20,000 സന്ദർശകരാണ് മേളയിലെത്തുന്നത്. 10 ലക്ഷം സൗദി റിയാലിന്റെ വിൽപനയാണ് മേളയിൽ ദിനേന നടക്കുന്നത്. ആദ്യ 10 ദിവസത്തെ വിൽപന ഒരു കോടി റിയാലാണ്.
അറബ് ആതിഥേയരുടെ സ്വീകരണമുറിയിൽ ഖഹ്വയും ഈത്തപ്പഴവും കഴിഞ്ഞാൽ മൂന്നും നാലും സ്ഥാനം ചായ (സുലൈമാനി)ക്കും ഖുലൈജക്കുമാണ്. തനത് രുചിയും സാംസ്കാരിക പ്രാധാന്യവുമുള്ള ഖുലൈജ സൗദിയുടെ കാർഷിക മേഖലകൂടിയായ ഖസീം പ്രവിശ്യയുടെ പരമ്പരാഗത പ്രാദേശിക പലഹാരമാണ്. സൗദിയിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് ഈ പ്രവിശ്യയിലാണ്. കുടിൽ വ്യവസായമായും ചെറുകിട ബേക്കറികൾ, വലിയ ഫാക്ടറികൾ എന്നിവയിലും ഖുലൈജ ഉത്പാദിപ്പിക്കുന്നുണ്ട്.
ബിസ്കറ്റ് മാവിനുള്ളിൽ തേനും ഈത്തപ്പഴവും നെയ്യും ചേർത്തുപരത്തിയെടുത്ത് ബോർമയിൽ ചുട്ടെടുക്കുന്ന ഖുലൈജക്ക് രാജ്യത്തിന്റെ ചരിത്രത്തിനപ്പുറം പഴക്കമുണ്ട്. ചരിത്രം പറയാനും പുതുതലമുറക്കും വിദേശികൾക്ക് പരിചയപ്പെടുത്താനുമുള്ള വേദി കൂടിയാണ് മേള. ഒരു പ്രാദേശിക ഉൽപന്നത്തിൽ ഒതുങ്ങാതെ മത്സരാധിഷ്ഠിത ആഗോള ബ്രാൻഡാക്കി മാറ്റാനുള്ള ശ്രമംകൂടിയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യം വെക്കുന്നത്. റമദാനിൽ അത്താഴത്തിലും ഇഫ്താർ വിഭവങ്ങളിലും ഇടം പിടിക്കുന്ന പലഹാരമാണ് ഖുലൈജ. അതുകൊണ്ട് തന്നെ റമദാൻ പടിവാതിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ മുന്തിയഇനം തന്നെ നോക്കി വാങ്ങി സൂക്ഷിക്കാൻ മേളയിൽ എത്തുന്നവർ താൽപര്യം കാട്ടുന്നുണ്ട്.
ഖുലൈജയുടെ നിർമാണവും പാചകവിദ്യയും പരിചപ്പെടുത്തുന്ന സ്റ്റാളുകളും മേളയിൽ സജീവമാണ്. ഇതിനുപുറമെ രാജ്യത്തെ മറ്റു സവിശേഷ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും വിൽപനയും മേളയിൽ നടക്കുന്നുണ്ട്. റിയാദ്, ദമ്മാം പ്രവിശ്യകളിൽ നിന്ന് വാരാന്ത്യത്തിൽ കുടുംബസമേതം മേളയിലേക്ക് സന്ദർശകരെത്തുന്നുണ്ട്. വിവിധ പ്രവിശ്യകളിൽ നിന്നുള്ള സന്ദർശകരും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രദർശന സ്റ്റാളുകളും മേളയെ വൈവിധ്യമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.