തീപ്പൊള്ളലേറ്റ് അബോധാവസ്ഥയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു
text_fieldsറിയാദ്: ബൂഫിയ ജോലിക്കിടെ എണ്ണച്ചട്ടിയിൽ വീണ് ശരീരമാസകലം ഗുരുതമായി പൊള്ളലേറ്റ് ഒരു മാസത്തിലേറെയായി അബോധാവസ്ഥയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ കൊളയാട് സ്വദേശി മുഹമ്മദലി കുന്നുമ്മേല്‍ (38) ആണ് റിയാദ് ശുമൈസി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചൊവ്വാഴ്ച രാത്രി മരിച്ചത്. നെഞ്ച് ഉൾപ്പെടെ ശരീരമാസകലം പൊള്ളലേറ്റതിനാൽ വൃക്കയുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. അതാണ് മരണകാരണമായത്.
റിയാദ് ദീറയിലുള്ള ബൂഫിയയിലായിരുന്നു ജോലി. മുമ്പ് ഖത്തറിൽ ജോലി ചെയ്തിട്ടുള്ള മുഹമ്മദലി ഇക്കഴിഞ്ഞ മേയ് 19നാണ് റിയാദിലെത്തിയത്. അന്ന് തന്നെ കടയിൽ ജോലിക്ക് ചേർന്നു. രണ്ടാം ദിവസമാണ് അപകടം സംഭവിച്ചത്. ജോലിക്കിടയില്‍ അപസ്മാര ബാധയുണ്ടാവുകയും പൂരി ചുട്ടെടുക്കാന്‍ സമീപത്തെ സ്റ്റൗവില്‍ വച്ചിരുന്ന ചട്ടിയിലെ തിളയ്ക്കുന്ന എണ്ണയിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.
ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദലിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരുമാസത്തിലേറെയായി അബോധാവസ്ഥയിൽ തന്നെയായിരുന്നു. ഭാര്യയും നാല് കുട്ടികളുടെ പിതാവുമാണ് മുഹമ്മദാലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.