പുതിയ മാപ്പിളപ്പാട്ടുകൾക്ക് ജനമനസ്സുകളെ കീഴടക്കാനാവുന്നില്ല -ഗായകൻ കണ്ണൂർ ഷാഫി
text_fieldsദമ്മാം: ഗായകരും എഴുത്തുകാരും കൂടുതലായി ഉണ്ടാകുമ്പോഴും പുതിയ മാപ്പിളപ്പാട്ടുകൾ മനസ്സുകൾ കീഴടക്കുന്നില്ലെന്ന് പ്രമുഖ മാപ്പിളപ്പാട്ടുഗായകൻ കണ്ണൂർ ഷാഫി. ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. പഴയ കാലത്തേതു പോലെ പാട്ടുകൾക്ക് വേണ്ടി സ്വയം സമർപ്പിക്കപ്പെടുന്നവർ ഇപ്പോൾ ഇല്ലാതാകുന്നു. മറിച്ച് അൽപായുസ്സുള്ള പണവും പ്രശസ്തിയും ആഗ്രഹിച്ചുള്ള കലാപ്രവർത്തനങ്ങളാണ് നടക്കുന്നത്.
തിരിഞ്ഞുനോക്കുമ്പോൾ താൻ പാടിത്തീർത്ത നൂറുകണക്കിന് പാട്ടുകളുണ്ടെന്ന് ഷാഫി പറയുന്നു. പക്ഷേ, പുതിയ തലമുറക്ക് ഞങ്ങളെ ആരെയും അറിയില്ല. പുതിയ തലമുറ ആഘോഷിക്കുന്ന ഗായകർക്കും ഞങ്ങളെ വേണ്ട. പണ്ടുള്ളവർ എത്ര വളർന്നാലും തങ്ങൾക്ക് മുന്നിലുള്ളവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഇന്നത് ഇല്ലാതായി. എല്ലാവരും സ്വന്തം സാമ്രാജ്യം പണിയുന്ന തിരക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1995ൽ ഇറങ്ങിയ ‘കിനാക്കിളി’ എന്ന കാസറ്റിലെ ‘പൊന്നു സഖീ എന്തിനാ, പിണക്കമെന്നോടെന്തിനാ’ എന്ന സൂപ്പർ ഹിറ്റ് ഗാനം പാടിയത് കണ്ണൂർ ഷാഫിയാണ്. ഒരു പക്ഷേ ഏറ്റവും കൂടുതൽ കാസറ്റുകൾ വിറ്റുപോയതിന്റെ റെക്കോഡ് ഈ ആൽബത്തിന് കിട്ടിയത് ഇതിലെ ഈ ഒരൊറ്റ പാട്ടിലൂടെയായിരുന്നു. തുടർന്നിറങ്ങിയ ‘സിഫത്ത്’ എന്ന കാസറ്റിലെ ‘പൂമണം ചൊരിയും രാവ്...’ എന്ന പാട്ടും ആയിരങ്ങൾ ഏറ്റെടുത്തു. അതോടെ കണ്ണൂർ ഷാഫിയെക്കൊണ്ട് പാട്ടുകൾ പാടിക്കാൻ എഴുത്തുകാരും കാസറ്റ് നിർമാതാക്കളും വരി നിന്നു.
എൽ.പി സ്കൂളിൽ പഠിക്കുമ്പോൾ അവിടെ അറബി മുൻഷിയായിരുന്ന സി. എടയന്നൂർ ഒരുപാട്ടുപാടിയതിന് ഒരു കഷണം ചോക്ക് സമ്മാനമായി നൽകിയതാണ് ജീവിതത്തിലെ ആദ്യ പ്രോത്സാഹനം. പിന്നെ കണ്ണൂരിലെ മിക്കവേദികളിലും ഷാഫി ഗായകനായി. ബാബുരാജിന്റെ ശിഷ്യൻ വി.കെ.സി. തങ്ങളാണ് ഹാർമോണിയത്തിന്റെ പിന്നണിക്കൊപ്പം പാടാൻ ആദ്യ അവസരം നൽകിയത്. ഹിന്ദി ഖവാലികളും ഗസലുമൊക്കെ പാടുന്ന ഷാഫി മാപ്പിളപ്പാട്ടിന്റെ അതിരുകൾ ഭേദിച്ചും മുന്നോട്ടുപോയി.
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബോംബെ എസ്. കമാൽ സ്ത്രീ സ്വരത്തിൽ പാടാനാണ് ഷാഫിയെ ബാല്യത്തിൽ ഒപ്പം കൂട്ടിയത്. പിന്നീടത് ഹൃദയം കൊരുത്തുള്ള ബന്ധമായി. നിരവധി വേദികളിൽ അദ്ദേഹത്തോടൊപ്പം പാടാൻ അത് അവസരമൊരുക്കി. ഇതിനിടയിൽ ആകാശവാണി കോഴിക്കോട് നിലയത്തിലെ മാപ്പിളപ്പാട്ട് ഗായകനായും തിരഞ്ഞെടുക്കപ്പെട്ടു. ഉപ്പ സത്താറും ഉമ്മ സക്കീനയും ഗായകരായിരുന്നു. അത് തന്നെയാകും ഷാഫിയെയും ഗായകനാക്കിയത്.
കഴിഞ്ഞ ദിവസം ദമ്മാമിലെ മാപ്പിളപ്പാട്ട് ആസ്വാദകർ ഷാഫിക്ക് സ്വീകരണം നൽകിയിരുന്നു. ഇപ്പോഴും മാപ്പിളപ്പാട്ടുകളുമായി തന്നെ ജീവിതം കഴിക്കുകയാണ് ഈ ഗായകൻ. ഭാര്യ സെറീനയും മക്കളായ ഷെബീറും ഷെഫീറും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. ഷെബീർ ചിത്രകാരനും ഷെഫീർ ഗായകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.