കരീം വധം; റിയാദിൽനിന്ന് പ്രതി ഹനീഫയുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ അറസ്റ്റിലായ അബ്ദുൽകരീം വധക്കേസ് പ്രതി ഹനീഫയുമായി കേരള പൊലീസ് ക്രൈംബാഞ്ച് സംഘം ഞായറാഴ്ച രാവിലെ കോഴിക്കോട്ടെത്തും. വയനാട് വൈത്തിരി ജങ്കിൾ പാർക്ക് റിസോർട്ട് ഉടമ ചേവായൂർ വൃന്ദാവൻ കോളനി സ്വദേശി അബ്ദുൽ കരീമിനെ ക്വട്ടേഷൻ സംഘം അടിച്ചുകൊന്ന കേസിലെ 10-ാം പ്രതിയാണ് മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫ. ശനിയാഴ്ച രാത്രി 11.55-ന് റിയാദ് വിമാനത്താവളത്തിൽ വെച്ച് സൗദി പൊലീസിൽനിന്ന് കൈമാറി കിട്ടിയ പ്രതിയുമായി ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എയർ ഇന്ത്യ എക്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു. ഞായറാഴ്ച രാവിലെ 7.15-ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങും.
17 വർഷം മുമ്പുണ്ടായ സംഭവത്തെ തുടർന്ന് നാടുവിട്ട പ്രതി ഇത്രയും കാലവും ഖത്തറിൽ ഒളിച്ചുകഴിയുകയായിരുന്നു. അവിടെ എന്തോ ജോലിയിലായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ വർഷം നവംബറിൽ ഫുട്ബാൾ ലോകകപ്പിെൻറ ഭാഗമായി സൗദി-ഖത്തർ അതിർത്തിയിൽ യാത്രാനടപടികൾ ലളിതമാക്കിയ അവസരം മുതലാക്കി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ സൗദി പൊലീസ് പിടികൂടുകയായിരുന്നു. കേരള പൊലീസ് ഇൻറർപോളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസാണ് പ്രതിയെ കുടുക്കിയത്. സൗദി-ഖത്തർ അതിർത്തിയായ സൽവയിൽ വെച്ച് പിടിയിലായ പ്രതിെയ അവിടെ തന്നെ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
കുറ്റവാളികളെ കൈമാറാൻ ഇരുരാജ്യങ്ങൾക്കുമിടയിൽ കരാറുള്ളതിനാൽ പിടിയിലായ ഉടൻ ഇന്ത്യൻ ആഭ്യന്തരമന്ത്രാലയം വഴി കേരള പൊലീസിനെ അറിയിക്കുകയും ഡി.ജി.പി അനിൽകാന്ത് റിയാദിലെത്തി പ്രതിയെ ഏറ്റുവാങ്ങാൻ മൂന്നംഗ ക്രൈബാഞ്ച് സംഘത്തെ നിയോഗിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയായ മുറയ്ക്ക് പ്രതിയെ രണ്ടാഴ്ച മുമ്പ് റിയാദ് മലസിലെ ഡിപ്പോർട്ടേഷൻ (തർഹീൽ) സെൻറർ സെല്ലിലേക്ക് കൊണ്ടുവന്നു. ഈ മാസം അഞ്ചിന് എസ്.പി കെ.കെ. മൊയ്തീൻകുട്ടിയും ഇൻസ്പെക്ടർ ടി. ബിനുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത് പ്രഭാകർ എന്നിവരുമുൾപ്പെട്ട ക്രൈംബാഞ്ച് സംഘം റിയാദിലെത്തി.
സൗദി നാഷനൽ സെൻട്രൽ ബ്യൂറോ (എൻ.സി.ബി) ആണ് ക്രൈംബാഞ്ച് സംഘത്തെ സ്വീകരിച്ചതും പ്രതിയെ കൈമാറാനുള്ള ബാക്കി നടപടികൾ പൂർത്തീകരിച്ചതും. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പ്രേം സെൽവാളും (കോൺസുലർ-വിസ) സംഘത്തിന് നടപടികൾ പൂർത്തീകരിക്കാനാവശ്യമായ സഹായം നൽകി.
2006 ഫെബ്രുവരി 11-ന് താമരശ്ശേരി ചുരത്തിലൂടെ ജീപ്പിൽ യാത്രചെയ്യവെ ക്വട്ടേഷൻ സംഘം തടഞ്ഞുനിർത്തി അബ്ദുൽ കരീമിനെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നൂറാംതോട് ഭാഗത്ത് മൃതദേഹം ഉപേക്ഷിച്ചു. കരീമിെൻറ റിസോർട്ടിെൻറ നടത്തിപ്പ് ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി ബാബുവർഗീസായിരുന്നു ക്വട്ടേഷൻ നൽകിയത്. ബിസിനസിലെ തർക്കത്തെതുടർന്ന് ഗുണ്ടകളുമായെത്തി ബാബുവർഗീസ് കരീമിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പൊലീസ് കേസാവുകയും ബാബുവർഗീസ് റിമാൻഡിലാവുകയും ചെയ്തു.
ഈ വിരോധത്തിലായിരുന്നു ക്വട്ടേഷൻ നൽകിയത്. കേസിലെ 11 പ്രതികളിൽ ഒരാൾ മരണപ്പെട്ടു. രണ്ടുപേരെ വെറുതെ വിടുകയും ഏഴുപേരെ ശിക്ഷിക്കുകയും ചെയ്തു. അവശേഷിച്ചയാളാണ് പ്രതിപ്പട്ടികയിൽ 10-ാം സ്ഥാനത്തുള്ള ഹനീഫ. ഖത്തറിൽ ഒളിവിൽ കഴിയുന്നതിനിടെ ഏഴുവർഷം മുമ്പ് നേപ്പാൾ വഴി നാട്ടിൽ എത്തുകയും പിന്നീട് തിരിച്ചുപോവുകയും ചെയ്തു. ഈ വരവിൽ കഞ്ചാവ് കേസിൽ പ്രതിയായി അതിലും പിടികിട്ടാപ്പുള്ളി ലിസ്റ്റിലാവുകയും ചെയ്തു. അതോടെ കേരള പൊലീസ് ഇൻർപോളിെൻറയടക്കം സഹായത്തോടെ ഗൾഫ് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.