വിസ്മയമായി ‘കരിന്തേൾ’ ഗുഹ
text_fieldsറിയാദ്: സൗദിയുടെ വടക്കൻ അതിർത്തി മേഖലയിലെ അപൂർവ ഗുഹകളിൽ ഒന്നാണ് ‘കറുത്ത തേൾ’ എന്നറിയപ്പെടുന്നത്. ഭൂമോപരിതലത്തിൽനിന്ന് 500 മീറ്ററിലധികം ആഴമുള്ള ഈ ഗുഹ റഫ ഗവർണറേറ്റിൽനിന്ന് പടിഞ്ഞാറ് ഭാഗത്തായി 160 കിലോമീറ്റർ അകലെ അൽ ഹബ്ക ഗ്രാമത്തിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്. വിസ്തൃതിയിലും ഉയരത്തിലും വ്യത്യാസമുള്ള മൂന്ന് ഇടനാഴികൾ ഈ ഗുഹക്കുള്ളിലുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഗുഹക്കുള്ളിലൂടെയുള്ള നടത്തം പ്രിയമാക്കുന്നത് ഈ ഇടനാഴികളാണ്.
ഇവയോട് ചേർന്ന് നിരവധി കിടങ്ങുകൾ പല ഭാഗങ്ങളിലായുണ്ട്. ചെന്നായ, കഴുതപ്പുലി, കുറുക്കൻ എന്നിവയുടെ പ്രജനന കേന്ദ്രമായി പുരാതന കാലം മുതൽ അറിയപ്പെടുന്ന ജലസ്രോതസ്സുകളിൽ ഒന്ന് കൂടിയാണ് ഈ ഗുഹ. രണ്ടു വർഷം മുമ്പ് നിരവധി ചീറ്റപ്പുലികളുടെ ജഡങ്ങൾ ഇവിടെ നിന്ന് ദേശീയ വന്യജീവി വികസനകേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.
വടക്കൻ അതിർത്തി മേഖലയിൽ 542 ഗുഹകളും മൺകൂനകളും കണ്ടെത്തുകയും അതിനെ ‘കറുത്ത തേൾ’ എന്ന് വിളിക്കുകയും ചെയ്തതായി ഗുഹകളെ കുറിച്ച് പഠനം നടത്തുന്ന ‘അഫാഖ്’ ജ്യോതിശാസ്ത്ര അസോസിയേഷൻ അംഗം ബുർജസ് അൽഫുലൈഹ് പറഞ്ഞു.
ചന്ദ്രമാസം 15ന് പൂർണ ചന്ദ്രൻ ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ ഗുഹയുടെ പ്രവേശന കവാടത്തിൽനിന്ന് ഗുഹയിലേക്ക് നോക്കുമ്പോൾ ഒരു കറുത്ത തേളിനെ പോലെ കാണുന്നതുകൊണ്ടാണ് ആ പേരിൽ ഈ ഗുഹ അറിയപ്പെടുന്നത്.
പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളാൽ ഈ ഗുഹകൾ ഒരു വിനോദസഞ്ചാര ആകർഷണമാണ്. അവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ കാരണം ഗുഹ ടൂറിസം, സാഹസികതകൾ, ഗവേഷകർ തുടങ്ങിയവർക്ക് അനുയോജ്യമായ സ്ഥലമാണെന്നും ബുർജസ് പറഞ്ഞു.
സമീപത്തുള്ള അൽ ഹബ്ക, അൽ റക, അൽ റൗദ്, ലുഖ എന്നീ പ്രദേശങ്ങളും ടൂറിസം സാധ്യതകളുമായി വേറിട്ടുനിൽക്കുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ഭൂമിശാസ്ത്രപരമായ രൂപങ്ങളെക്കുറിച്ചും തികഞ്ഞ എൻജിനീയറിങ് രീതിയിൽ രൂപപ്പെട്ട ശിലാഘടനകളെക്കുറിച്ചും പഠിക്കാനുള്ള അപൂർവ അവസരം നൽകുന്നതുമാണതെന്നും ബുർജസ് സൂചിപ്പിച്ചു. നിരവധി ഗുഹകൾക്ക് പേരുകേട്ട ഗ്രാമമാണ് അൽ ഹബ്ക. ഗ്രാമത്തിലെ ഭൂപ്രകൃതിയുടെ സവിശേഷതകൾ വ്യത്യസ്തമാണ്.
സമതലങ്ങൾ, പീഠഭൂമികൾ, ഉയർന്ന പ്രദേശങ്ങൾ, താഴ്വരകൾ, പാറകൾ തുടങ്ങി ധാരാളം കിണറുകൾ ഉള്ളതിനാൽ മരുഭൂമിയുടെ പുരാതന ജലസ്രോതസ്സുകളിലൊന്നായി ഇതിനെ കണക്കാക്കുന്നു.
വടക്കൻ അതിർത്തി മേഖലയിലെ റഫ ഗവർണറേറ്റിന് പടിഞ്ഞാറ് അൽഹബ്കയിലെ ഒരു ഗുഹയിൽനിന്ന് 17 ചീറ്റകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ദേശീയ വന്യജീവി വികസന കേന്ദ്രം മുമ്പ് പ്രഖ്യാപിച്ചിരുന്നു. അവയിൽ എല്ലാ വിശദാംശങ്ങളുള്ള മമ്മികളും 50 വർഷത്തിലേറെയായി വംശനാശം സംഭവിച്ചവയുണ്ടെന്നും ബുർജസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.