കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം -കോട്ടക്കൽ കെ.എം.സി.സി
text_fieldsറിയാദ്: പ്രവാസി യാത്രക്കാർ കൂടുതലുള്ള കരിപ്പൂർ വിമാനത്താവളത്തിനകത്തും പുറത്തും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.
പൊതുമേഖല സ്ഥാപനമായ കരിപ്പൂർ വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അപ്രായോഗിക പാർക്കിങ് പരിഷ്കാരങ്ങൾ ഒഴിവാക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. സാധാരണക്കാരായ പ്രവാസികൾ കൂടുതൽ ആശ്രയിക്കുന്ന കരിപ്പൂരിലേക്ക് മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണം.
സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി ആറു മാസം നീളുന്ന കാമ്പയിൻ നടത്തും. നൈപുണ്യ വികസനം, ലീഡേഴ്സ് മീറ്റ്, കലാ-കായിക മത്സരങ്ങൾ, ഫാമിലി മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കും. കോട്ടക്കൽ മണ്ഡലത്തിൽ ഉന്നതപഠനം നടത്തുന്ന അർഹരായ വിദ്യാർഥികൾക്ക് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന യു.എ. ബീരാൻ സ്മാരക സ്കോളർഷിപ്പ് വർഷം തോറും നൽകാൻ തീരുമാനിച്ചു.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് ഫുട്ബാൾ മത്സരവും റിയാദിൽ ഫൈനൽ മത്സരവും സംഘടിപ്പിച്ച കെ.എം.സി.സി നാഷനൽ കമ്മിറ്റിയെ അഭിനന്ദിച്ചു. ഫുട്ബാൾ മത്സരം വിജയിപ്പിക്കുന്നതിൽ സംഘാടകർക്കൊപ്പം പ്രവർത്തിച്ച കെ.എം.സി.സി നാഷനൽ സ്പോർട്സ് വിങ് കൺവീനർ മൊയ്ദീൻ കുട്ടി പൊന്മളയെയും അഭിനന്ദിച്ചു.
ബത്ഹയിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മൊയ്ദീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. മൊയ്ദീൻ കുട്ടി കോട്ടക്കൽ, ഇസ്മാഈൽ പൊന്മള, മൊയ്ദീൻ കുട്ടി പൂവ്വാട്, നൗഷാദ് കണിയേരി, ദിലൈബ് ചാപ്പനങ്ങാടി, ഫാറൂഖ് പൊന്മള, ഹാഷിം കുറ്റിപ്പുറം, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി ഫൈസൽ എടയൂർ സ്വാഗതവും യൂനുസ് ചെങ്ങോട്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.