കരിപ്പൂരിലെ ഇരട്ടി നിരക്ക് തീർഥാടകരോടുള്ള വെല്ലുവിളി -സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി
text_fieldsറിയാദ്: ഹജ്ജ് സർവിസിന് ഇരട്ടി നിരക്ക് ഈടാക്കൽ കരിപ്പൂർ വഴി സഞ്ചരിക്കുന്ന തീർഥാടകരോട് കാട്ടുന്ന ക്രൂരതയാണെന്നും വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി. ഇക്കൊല്ലം കേരളത്തിൽനിന്ന് ഹജ്ജിന് അവസരം ലഭിച്ചവരിൽ പകുതിയിലധികവും കോഴിക്കോട് വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത് എന്നത് കൊണ്ടുതന്നെ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തി തീർഥാടകരുടെ ദുരിതം നീക്കുന്നതിന് പകരം കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ നിരുത്തരവാദപരമായ പ്രസ്താവനകൾ ഇറക്കി തീർഥാടകരെ അവഹേളിക്കുകയാണ്. പരിഹാരം കാണാത്തപക്ഷം മാതൃസംഘടനയായ മുസ്ലിം ലീഗ് പ്രഖ്യാപിച്ച ശക്തമായ പ്രതിഷേധ പരിപാടികൾക്കൊപ്പം പ്രവാസി സമൂഹം അണിനിരക്കും. ബന്ധപ്പെട്ടവർ കണ്ണ് തുറക്കാത്ത പക്ഷം പാർട്ടിയുമായി ആലോചിച്ച് നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
കരിപ്പൂർ വിമാനത്താവളത്തിന്റെ ചിറകരിയാൻ വിമാനത്താവള നിർമിതി മുതൽ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് യാത്രക്കാരുടെയും തീർഥാടകരുടെയും കഴുത്തിന് പിടിക്കാനുള്ള ശ്രമം. ഇത് വിലപ്പോവില്ലെന്നും ഇക്കാര്യത്തിൽ ന്യായമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയവും ന്യൂനപക്ഷ മന്ത്രാലയവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സംസ്ഥാന സർക്കാരും തയാറാവണം.
വലിയ വിമാന സർവിസ് ഉടൻ പുനരാരംഭിക്കുകയോ ഹജ്ജിനായി പ്രത്യേക തീരുമാനമെന്നോണം വലിയ വിമാന സർവിസുകൾക്ക് അനുമതി നൽകുകയോ നിലവിലെ ഭീമമായ തുക കുറക്കാൻ കോഴിക്കോട് നിന്നുള്ള ഹജ്ജ് ഓപറേഷന് കൂടുതൽ ഇന്ത്യൻ, സൗദി വിമാന കമ്പനികളെ ഉൾപ്പെടുത്തി റീ ടെൻഡർ വിളിക്കുകയോ ചെയ്ത് വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് നേതാക്കളായ കെ.പി. മുഹമ്മദ്കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.