സന്ദർശനവിസയിൽ ജോലിക്കെത്തി പ്രതിസന്ധിയിലായ കർണാടക യുവതി നാടണഞ്ഞു
text_fieldsഅബഹ: 2004ൽ രാജാവിെൻറ അതിഥിയായി ഹജ്ജ് ചെയ്യാൻ ഭാഗ്യം ലഭിക്കുകയും അന്ന് നല്ല അനുഭവങ്ങളുണ്ടാവുകയും ചെയ്തതിനാൽ സൗദിയിൽ ജോലിക്ക് വരാൻ ആഗ്രഹിച്ചിരുന്ന സബീഹ എന്ന കർണാടക സ്വദേശിനി സന്ദർശന വിസയിൽ വീട്ടുജോലിക്കെത്തി ദുരിതത്തിലായി.
ഒടുവിൽ സാമൂഹികപ്രവർത്തകരുടെയും കോൺസുലേറ്റിന്റെയും സഹായത്തോടെ നാടണഞ്ഞു. ഒൻപതാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് ഫഹദ് രജാവിന്റെ അതിഥിയായി ഇന്ത്യയിൽനിന്നും ഹജ്ജിന് വരാൻ ഭാഗ്യം ലഭിച്ചത്.
യതീം ഖാനയിൽ നിന്നും നറുക്കെടുപ്പിലൂടെ 10 പേരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടാണ് അന്ന് സബീഹക്ക് ഈ അവസരം ലഭിച്ചത്. കർണാടക സ്വദേശികളായ സമീഉള്ള-ഷമീൻ ദമ്പതികളുടെ മകളാണ് സബീഹ.
അന്ന് ലഭിച്ച പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും ഭക്ഷണവും സൗകര്യങ്ങളിലും മോഹിതയായിപ്പോയ സബീഹ കരുതിയിരുന്നത് സൗദിയിൽ എല്ലായിടത്തും എപ്പോഴും ഈ സാഹചര്യമാണെന്നായിരുന്നു. അതുകൊണ്ടാണ് വീട്ടുജോലിയെന്ന് കേട്ടയുടനെ സൗദിയിലേക്കു പുറപ്പെട്ടത്. മുംബൈ സ്വദേശി സലീം എന്ന ഏജന്റ് ദുബൈയിലേക്കുള്ള ടൂറിസ്റ്റ് വിസയിലെത്തിച്ച ശേഷം അവിടെ ദിവസങ്ങളോളം താമസിപ്പിച്ച ശേഷമാണ്, സൗദിയിലേക്ക് സ്വകാര്യ സന്ദർശന വിസയിൽ ദൂബൈയിൽ നിന്നും റിയാദ് വഴി ഖമീസ് മുശൈത്തിലെത്തിയത്. ഇവിടെ എത്തിയപ്പോഴാണ് തന്റെ ധാരണകളെല്ലാം തെറ്റിയെന്നും കബളിപ്പിക്കപ്പെട്ടെന്നും മനസ്സിലായത്.
സ്വദേശിയുടെ വീട്ടിലെ ദുരിതത്തെതുടർന്ന് വിവരം ഏജന്റിനേയും നാട്ടിലെ തന്റെ കുടുംബത്തേയും അറിയിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്നു രക്ഷപ്പെട്ട് പൊലീസിന്റെ സഹായം തേടുകയായിരുന്നു.
പൊലീസ് ഗാർഹിക തൊഴിലാളികളെ താമസിപ്പിക്കുന്നിടത്തേക്കും പിന്നീട് നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലേക്കും മാറ്റാൻ ശ്രമിച്ചെങ്കിലും നിയമാനുസൃതമായി സന്ദർശന വിസയിലായിരുന്നതിനാലും ഗാർഹിക തൊഴിലാളികൾക്കുള്ള ഇഖാമയിൽ അല്ലാത്തതുകൊണ്ടും സാധ്യമായില്ല. തുടർന്ന് ഖമീസ് മുശൈത്തിലെ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി മെമ്പറും സാമൂഹികപ്രവർത്തകനുമായ അഷ്റഫ് കുറ്റിച്ചലിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി പൊലീസ് മേധാവിയുടെ സഹായത്തോടെ നാട്ടിലേക്കുള്ള രേഖകൾ ശരിയാക്കി.
വിമാന ടിക്കറ്റ് ഖമീസ് മുശൈത്തിലെ ലന സ്കൂൾ നൽകി. ഒ.ഐ.സി.സി നേതാക്കളായ പ്രസാദ്, മനാഫ്, അൻസാരി, റോയി, ഹബീബ് എന്നിവരും സഹായത്തിനുണ്ടായിരുന്നു. സബീഹ കഴിഞ്ഞ ദിവസം അബഹയിൽ നിന്നും എയർ അറബ്യ വിമാനത്തിൽ ബംഗളൂരുവിലേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.