കോവിഡ് ബാധിച്ച് കാസർകോട് സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ദമ്മാമിൽ മരിച്ചു
text_fieldsദമ്മാം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ദമ്മാമിൽ മരിച്ചു. ചെമ്മനാട് പരവനടുക്കം സ്വദേശി എ.ബി. മുഹമ്മദ് (56) ആണ് മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ത്യ ഫ്രറ്റേനിറ്റി ഫോറത്തിൻെറ നേതൃനിരയിൽ സജീവമായി രംഗത്തുണ്ടായിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾക്കിടയിൽ ഇന്ത്യ ഫ്രറ്റേനിറ്റി ഫോറത്തെ പരിചയപ്പെടുത്തി സംഘടിപ്പിച്ചു പ്രവർത്തിച്ചു വരുന്നതിനിടെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം മൂർച്ഛിച്ചതിനാൽ വെന്റിലേറ്ററിൻെറ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ, ശ്വാസതടസ്സം ഗുരുതരമായതിനെത്തുടർന്ന് ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു.
ദമ്മാമിൽ ഓട്ടോ വേൾഡ് എന്ന കമ്പനിയിൽ അക്കൗണ്ടൻറായി ജോലി ചെയ്ത് വരികയായിരുന്നു. ജീവകാരുണ്യ മേഖലയിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ എ.ബി എന്ന ചുരുക്കപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
ദമ്മാം കാസർകോട് അസോസിയയേഷൻെറ മുഖ്യ സംഘടകനായിരുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തുമ്പോൾ എസ്.ഡി.പി.ഐ ചെമ്മനാട് ബ്രാഞ്ച് കമ്മിറ്റിയുടെ കീഴിൽ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു. രോഗാതുരനായി അബോധാവസ്ഥയിലാവും വരെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ അക്ഷീണ പ്രയത്നം നടത്തിയിരുന്ന ആത്മാർത്ഥതയും വിനയവും ഒത്തിണങ്ങിയ സാമൂഹിക പ്രവർത്തകനായിരുന്നു.
നാട്ടിൽ നേരത്തെ പരവനടുക്കം നെച്ചിപ്പടുപ്പിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നതെങ്കിലും ചെമ്മനാട് ലേസ്യത്തേക്ക് താമസം മാറിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. ഭാര്യ: നസീബ മുഹമ്മദ്. മക്കൾ: ഹിബ, നിദ, ആസ്യ. മയ്യിത്ത് ദമ്മാമിൽ തന്നെ ഖബറടക്കാൻ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ഇന്ത്യ ഫ്രറ്റേനിറ്റി ഫോറം റീജിയനൽ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ, കാസർകോട് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.