കൗസർ അൽ ഹുസൈനിയുടെ ചിത്രപ്രദർശനത്തിന് ദമ്മാമിൽ തുടക്കം
text_fieldsദമ്മാം: യുവ ചിത്രകാരി കൗസർ അൽ ഹുസൈനിയുടെ ആദ്യ ചിത്രപ്രദർശനത്തിന് ദമ്മാമിൽ തുടക്കമായി. സൊസൈറ്റി ഫോർ കൾചർ ആൻഡ് ആർട്സിന്റെ അബ്ദുല്ല അൽ-ശൈഖ് ആർട്ട് ഹാളിൽ ആരംഭിച്ച പ്രദർശനം പ്രശസ്ത ചിത്രകാരി ഷുവ അൽ-ദോസരി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. പ്രദർശനം ഏഴു ദിവസം നീണ്ടുനിൽക്കും. തനത് കാഴ്ചയുടെ വർണക്കൂട്ടുകളാണ് കൗതറിന്റെ ചിത്രങ്ങളെന്ന് ഷുവ അൽ-ദോസരി പറഞ്ഞു.
കാഴ്ചക്കാരിലേക്ക് യാഥാർഥ കാഴ്ചയുടെ സൗന്ദര്യം സന്നിവേശിപ്പിക്കാൻ ചിത്രകാരിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഒറ്റക്ക് ഇത്രയേറെ ചിത്രങ്ങളുമായി പ്രദർശനം നടത്താനുള്ള കൗതറിന്റെ ശ്രമം പുതിയ ചിത്രകാരികൾക്ക് പ്രചോദനമാണെന്നും അവർ പറഞ്ഞു.
ആദ്യ പ്രദർശനത്തിൽതന്നെ ചിത്രകാരികളുടെ ലോകത്ത് തനതായ ഇരിപ്പിടം കണ്ടെത്താൻ കൗസർ അൽ-ഹുസൈനിക്ക് കഴിഞ്ഞതായി പ്രദർശനത്തിനെത്തിയ മറ്റ് ചിത്രകാരികൾ അഭിപ്രായപ്പെട്ടു. ഓരോ കാഴ്ചയുടേയും വിശദാംശങ്ങളിലൂടെ ആവശ്യമായ നിറങ്ങൾ തിരഞ്ഞൈടുത്ത് വരക്കാൻ ചിത്രകാരിക്ക് കഴിഞ്ഞിട്ടുണ്ട്. പുതിയ ചിത്രകാരികൾക്കായി ദമ്മാമിലെ സൊസൈറ്റി ഫോർ കൾച്ചർ ആൻഡ് ആർട്സ് അതിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ഫൈൻ ആർട്സ് കമ്മിറ്റിയുടെ സൂപ്പർവൈസർ ആർട്ടിസ്റ്റ് യാത്രിബ് അൽ-സാദിർ പറഞ്ഞു.
പുതിയ ചിത്രകാരികൾ എക്സിബിഷനുകളും ആർട്ട് ഗാലറികളും സന്ദർശിച്ച് ചിത്രങ്ങൾ നിരീക്ഷിക്കുകയും അറബ് ചിത്രരചന രീതിയുടെ പ്രത്യേകതകൾ മനസ്സിലാക്കുകയും വേണമെന്നും യദ്രിബ് ഉപദേശിച്ചു. ചിത്രരചനയിലെ വിവിധ രീതികൾ പരിശീലിക്കാൻ അവർ തയാറാകണമെന്നും പറഞ്ഞു. പ്രദർശനത്തിനെ തുടർന്ന് നടന്ന ചടങ്ങിൽ കൗസർ അൽ-ഹുസൈനി തന്റെ ചിത്രരചന അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. തനിക്ക് കിട്ടിയ സ്വീകരണം ഈ മേഖലയിൽ തുടരാൻ കൂടുതൽ ആത്മവിശ്വാസം പകരുന്നതായി അവർ പറഞ്ഞു. സൗദിയുടെ വിവിധയിടങ്ങളിൽ നടന്ന ചിത്രപ്രദർശനങ്ങളിൽ പങ്കാളിയായതിന്റെ ധൈര്യത്തിലാണ് ആദ്യമായി ഏകാംഗ പ്രദർശനം നടത്താൻ തയാറായതെന്നും കൗസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.