കേളി അറേബ്യൻ വടംവലി സാക് ഖത്തർ ചാമ്പ്യന്മാർ
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെ അണിനിരത്തി സൗദിയിൽ ആദ്യമായി നടത്തിയ അറേബ്യൻ വടംവലി മത്സരത്തിൽ സാക് ഖത്തർ കിരീടത്തിൽ മുത്തമിട്ടു. ‘വസന്തം 2023’ എന്ന ബാനറിൽ കഴിഞ്ഞ മൂന്നാഴ്ചകളിലായി നടന്നുവരുന്ന കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും വ്യത്യസ്തങ്ങളായ കലാ, കായിക പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി വടംവലി മത്സരം നടത്തിയത്.
530 കിലോ വിഭാഗത്തിൽ (റീ വെയിറ്റ്) ഏഴ് ആളുകളെവരെ ഉൾപ്പെടുത്തിയായിരുന്നു മത്സരം. സാക് ഖത്തർ, കാന്റീൻ കെ.കെ.ബി കുവൈത്ത്, വി.ആർ.വൺ യു.എ.ഇ, റിയാദ് ടാക്കീസ്, കെ.കെ.ബി കേളി മലാസ്, മോഡേൺ കനിവ് റിയാദ്, ആഹാ സെവൻസ് കല്ലൂസ് ദമ്മാം, നവോദയ ദമ്മാം, റെഡ് അറേബ്യ, കെ.എസ്.വി റിയാദ്, റീക്കോ എടത്തനാട്ടുകര, റിയാദ് ടൈഗേഴ്സ്, റിബൽസ് റിയാദ്, കൊമ്പൻസ് റിയാദ് എന്നീ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
സുലൈയിലെ റിവ (റിയാദ് ഇന്ത്യൻ വടംവലി അസോസിയേഷൻ) ഗ്രൗണ്ടിൽ നടന്ന മത്സരം കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.ആർ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. മുഖ്യ പ്രായോജകരായ റിയാദ് വില്ലാസ് മാർക്കറ്റിങ് മാനേജർ ജോയ് മുഖ്യാതിഥിയായിരുന്നു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രഡിഡന്റ് പ്രിയ വിനോദ്, റിവ പ്രതിനിധികളായ ഫൈസൽബാബു, ഷമീർ ആലുവ, ജോർജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ഷാജി റസാഖ് നന്ദി പറഞ്ഞു.
നാല് ഗ്രൂപ്പുകളിലായി നടന്ന ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം കാന്റീൻ കെ.കെ.ബി കുവൈത്ത്, സാക് ഖത്തർ, റിയാദ് ടാക്കീസ്, വി.ആർ.വൺ യു.എ.ഇ എന്നീ ടീമുകൾ സെമിയിൽ കടന്നു. തീ പാറുന്ന സെമി മത്സരങ്ങൾക്കൊടുവിൽ കാന്റീൻ കെ.കെ.ബി കുവൈത്ത്, സാക് ഖത്തർ എന്നീ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. ആയിരക്കണക്കിന് കാണികളുടെ ആരവങ്ങളോടെ നടന്ന ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് കാന്റീൻ കെ.കെ.ബി കുവൈത്തിനെ പരാജയപ്പെടുത്തി ടീം സാക് ഖത്തർ വിജയികളായി. റിവ റഫറി പാനലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
വിജയികൾക്ക് റിയാദ് വില്ലാസ് മാർക്കറ്റിങ് മാനേജർ ജോയ് ട്രോഫികൾ വിതരണം ചെയ്തു. കെ.പി.എം സാദിഖ് വിന്നർ പ്രൈസ് മണിയും കേളി ബദിയ ഏരിയ കമ്മിറ്റി അംഗങ്ങൾ റണ്ണറപ്പിനുള്ള പ്രൈസ് മണിയും ടി.ആർ. സുബ്രഹ്മണ്യൻ, കാഹിം ചേളാരി, ഷറഫുദ്ദീൻ, സിജിൻ കൂവള്ളൂർ, ഷാജി റസാഖ് എന്നിവർ മറ്റു ടീമുകൾക്കുള്ള പ്രൈസ് മണിയും കൈമാറി. സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം എന്നിവർ മെഡലുകളും സീബ കൂവോട്, ശ്രീഷാ സുകേഷ്, ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, ഫിറോസ് തയ്യിൽ, ചന്ദ്രൻ തെരുവത്ത് എന്നിവർ മെമന്റോകളും കൈമാറി. സമാപന ചടങ്ങുകൾക്ക് സംഘാടക സമിതി കൺവീനർ ഷാജി റസാഖ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.