ഓണം ഉത്സവമാക്കി കേളി
text_fieldsറിയാദ്: കേളി കലാ സാംസ്കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഓണോത്സവം 2023’ വിവിധ കലാ, സാംസ്കാരിക പരിപാടികളോടെ അരങ്ങേറി. ശിഫയിലെ റിമാസ് ഓഡിറ്റോറിയത്തിൽ നടന്ന മുഴുദിന പരിപാടിയിൽ കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും അവതരിപ്പിച്ച ഓണപ്പാട്ട്, നാടോടി നൃത്താവിഷ്കാരം, കൈകൊട്ടിക്കളി, സൂഫി ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങി വിവിധ നൃത്തസംഗീത പരിപാടികളും പായസ പാചക മത്സരവും രചന മത്സരവും നടന്നു.
വൈകീട്ട് നാലിന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അനിൽ അറക്കൽ ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ഡോ. കെ.ആർ. ജയചന്ദ്രൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മനുഷ്യനെ തമ്മിൽ അടിപ്പിക്കുന്നതല്ല അടുപ്പിക്കുന്നതാവണം ഓണം എന്നാണ് ഈ ഓണോത്സവത്തിന്റെ സന്ദേശമായി നൽകാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം ജോസഫ് ഷാജി, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡൻറ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, മർഖബ് ഏരിയ രക്ഷാധികാരി സെക്രട്ടറി സെൻ ആൻറണി, ബത്ഹ ഏരിയ രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി, വൈസ് പ്രസിഡൻറ് മോഹൻ ദാസ്, എച്ച്.എം.സി.സി എം.ഡി സജീവ് മത്തായി, ടി.വി.എസ് ഗ്രൂപ് എം.ഡി സലാം, ഹനാദി അൽ ഹർബി എം.ഡി പ്രിൻസ്, ന്യൂ എയ്ജ് ഇന്ത്യ സെക്രട്ടറി വിനോദ് മഞ്ചേരി എന്നിവർ സംസാരിച്ചു.
പായസ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷിനി റീജേഷ്, രണ്ടാം സ്ഥാനം നേടിയ മജ്ന മുസ്തഫ എന്നിവർക്ക് സ്വർണനാണയങ്ങളും മൂന്നാം സ്ഥാനം നേടിയ ഗീത ജയരാജ്, രചനാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സീബ കൂവോട്, രണ്ടാം സ്ഥാനം നേടിയ ജോമോൻ സ്റ്റീഫൻ എന്നിവർക്ക് ഉപഹാരങ്ങളും പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഫലകങ്ങളും വിതരണം ചെയ്തു.
ഏരിയ സെക്രട്ടറി രാമകൃഷ്ണൻ സ്വാഗതവും സംഘാടക സമിതി കൺവീനർ സുധീഷ് തരോൾ നന്ദിയും പറഞ്ഞു. പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് പട്ടുറുമാൽ ഫെയിം ഷജീറും ശബാന അൻഷാദും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നവും ഓണോത്സവത്തിന് കൊഴുപ്പേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.