കേളി വിദ്യാഭ്യാസ പുരസ്കാര ജേതാക്കളുടെ സമ്മാനത്തുക 'ലക്ഷം പൊതിച്ചോർ' പദ്ധതിയിലേക്ക്
text_fieldsറിയാദ്: കേളി കലാസാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാരമായി ലഭിച്ച സമ്മാനത്തുക വിദ്യാർഥികൾ ജീവകാരുണ്യത്തിന് സംഭാവന ചെയ്ത് മാതൃകയായി. കേരളത്തിലെ വിവിധ ആശുപത്രികളിലേക്ക് കേളി നൽകുന്ന 'ഒരു ലക്ഷം പൊതിച്ചോർ' എന്ന പദ്ധതിയിലേക്കാണ് സംഭാവനയായി നൽകിയത്. ഉപഹാരവും കാഷ് അവാർഡും അടങ്ങുന്ന വിതരണോദ്ഘാടന ചടങ്ങിൽ വെച്ചാണ് അവാർഡ് ജേതാക്കളായ കുട്ടികൾ, തങ്ങൾക്ക് കിട്ടിയ കാഷ് അവാർഡ് പൊതിച്ചോർ വിതരണ പദ്ധതിയിലേക്ക് സംഭാവനയായി നൽകുകയാണെന്ന് പ്രഖ്യാപിച്ചത്.
അംന സെബിന്‍, ഹെന്ന വടക്കുംവീട്, ഫത്തിമ നസ്സീര്‍, അദ്വൈത് ബാബു, അനുഗ്രഹ് ബാബു, ഗോഡ്‌സണ്‍ പൗലോസ് എന്നീ കുട്ടികളാണ് പുരസ്കാര ജേതാക്കളായതും സമ്മാന തുക സംഭാവന ചെയ്ത് മാതൃകയായതും. 10, 12 ക്ലാസുകളിൽനിന്നും ഉപരിപഠനത്തിന് അര്‍ഹരായ കേളി അംഗങ്ങളുടെ കുട്ടികൾക്ക് ഗൾഫിലും നാട്ടിലുമായി കൊടുക്കുന്ന അവാർഡ് വിതരണപരിപാടികളുടെ 2021-22 വർഷത്തെ വിതരണോദ്ഘാടനമാണ് റിയാദ് ബത്ഹയിലെ ക്ലാസിക് ഹാളിൽ നടന്നത്.
പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 181 പേരാണ് അവാർഡിന് അർഹരായത്. അതിൽ ആറ് പേരാണ് റിയാദിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങിയത്. മറ്റുള്ള കുട്ടികൾ നാട്ടിൽ അതത് ഏരിയകളിൽ നടക്കുന്ന ചടങ്ങുകളിൽ അവാർഡുകൾ ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.