കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര വിതരണം പൂർത്തിയായി
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ, 2022-23 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര വിതരണം പൂർത്തിയായി. നിപ ഭീഷണിയെ തുടർന്ന് മാറ്റിവെച്ച കോഴിക്കോട് ജില്ലയിലെ പുരസ്കാരം ബുധനാഴ്ച കേരള പ്രവാസിസംഘം സംസ്ഥാന കമ്മിറ്റിയംഗം സി.വി. ഇഖ്ബാൽ വിതരണം ചെയ്തു.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.പി.എം ചേവായൂർ ലോക്കൽ സെക്രട്ടറി ടി.കെ. വേണു അധ്യക്ഷത വഹിച്ചു.
കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, കേളി രക്ഷാധികാരി അംഗമായിരുന്ന സുരേന്ദ്രൻ ആനവാതിൽ, കേളി മുൻ അംഗം സുരേഷ് മണ്ണൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കേളി മെംബർ ബഷീർ ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോട് ജില്ലയിൽനിന്നും 22 കുട്ടികളാണ് പുരസ്കാരത്തിന് അർഹരായത്. 10ാം ക്ലാസിലും പ്ലസ് ടുവിലും തുടർപഠനത്തിന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് കേളി എജുക്കേഷനൽ ഇൻസ്പിരേഷൻ അവാർഡ് (കിയ). ഫലകവും കാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
സംസ്ഥാന തലത്തിൽ 10-ാം ക്ലാസ് വിഭാഗത്തിൽ 129, പ്ലസ് ടു വിഭാഗത്തിൽ 99 എന്നിങ്ങനെ 228 കുട്ടികൾ ഈ അധ്യയനവർഷം പുരസ്കാരത്തിന് അർഹരായി. 13 ജില്ലകളിലെയും വിതരണം നേരത്തേ പൂർത്തിയാക്കിയിരുന്നു. ചടങ്ങിൽ കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ഹസ്സൻ കോയ സ്വാഗതവും ബത്ഹ എരിയ മുൻ വൈസ് പ്രസിഡൻറ് ചേക്കുട്ടി കൊടുവള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.