ഒത്തുചേരലിന്റെ ഊഷ്മളതയിൽ മനം നിറഞ്ഞ് കേളി കുടുംബസംഗമം
text_fieldsറിയാദ്: പ്രവാസ സ്മരണകളില്‍ നിറഞ്ഞ് പ്രഥമ സംസ്ഥാനതല കേളി കുടുംബ സംഗമം നിലമ്പൂരില്‍ സമാപിച്ചു. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേളി കലാസാംസ്കാരിക വേദിയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പ്രവര്‍ത്തിച്ച് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് നിലമ്പൂരില്‍ ഒത്തുചേര്‍ന്നത്. അകമ്പാടം ഏദന്‍ കണ്വെന്ഷന് സെൻററില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.
പ്രവാസികളെ ഇത്രയധികം ഹൃദയത്തോട് ചേര്‍ത്ത മറ്റൊരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും പ്രവാസികള്‍ക്ക് കേരളസര്‍ക്കാര്‍ നല്കുന്ന നിരവധി ആനുകൂല്യങ്ങള്‍ അതിന് തെളിവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. നാടിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് എം.എൽ.എ പറഞ്ഞു. കേളി അംഗമായിരിക്കെ മരിച്ചവര്‍ക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി മരിച്ച അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി ചെയര്മാന് ഗോപിനാഥൻ വേങ്ങര അധ്യക്ഷത വഹിച്ചു.
സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി അംഗം ഇ. പത്മാക്ഷന്, കേളി മുന്‍ രക്ഷാധികാരി സമിതി അംഗവും സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി അംഗവുമായ ബി.എം. റസാഖ്, കേളി രക്ഷാധികാരി സമിതി കണ്‍വീനറും ലോക കേരളസഭ അംഗവുമായ കെ.പി.എം. സാദിഖ്, നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്മാന് മാട്ടുമ്മല്‍ സലിം, പ്രവാസി സംഘം മലപ്പുറം ജില്ലാ സെക്രട്ടറിയും ജിദ്ദ നവോദയ മുന്‍ രക്ഷാധികാരിയുമായ വി.കെ. റഊഫ്, പ്രശസ്ത കലാകാരി നിലമ്പൂര്‍ ആയിഷ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
കേളി മുൻ രക്ഷാധികാരി സമിതി അംഗങ്ങളും ഭാരവാഹികളുമായിരുന്ന പി. വൽസൻ, എം. നസീർ, ദസ്തക്കീർ എന്നിവർ സംസാരിച്ചു. കേളി റിയാദിൽ രൂപവത്കരിച്ച കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലം ബി.എം. റസാഖ് സദസ്സിനെ ഓർമപ്പെടുത്തി. കേളി കുടുംബാഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. നിലമ്പൂർ നടനം നൃത്താലയം അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, നിസാർ മമ്പാടും സംഘവും അവതരിപ്പിച്ച ഗാനമേള എന്നീ പരിപാടികൾ വേദിയിൽ അവതരിപ്പിച്ചു. കേളി മുൻ സെക്രട്ടറിയും കുടുംബ സംഗമ സംഘാടക സമിതി കൺവീനറുമായ ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും മുൻ സെക്രട്ടറി റഷീദ് മേലേതിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.