കേളി കുടുംബ സുരക്ഷപദ്ധതിക്ക് തുടക്കമായി
text_fieldsറിയാദ്: കേളി കലാസാസ്കാരിക വേദി ‘പ്രവാസി കുടുംബ സുരക്ഷപദ്ധതി’ എന്ന പേരിൽ മലയാളി പ്രവാസികൾക്കായി പുതിയൊരു സുരക്ഷപദ്ധതിക്ക് തുടക്കം കുറിക്കുന്നു. കേളിയുടെ 24ാം വാർഷിക വേദിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി വെബ് സെറ്റ് ലോഞ്ചിങ്ങും പ്രഖ്യാപനത്തിനോടൊപ്പം അദ്ദേഹം നിർവഹിച്ചു.
പ്രയാസങ്ങൾക്കിടയിൽ ജീവിതശൈലീ രോഗങ്ങളെ കുറിച്ച് വേണ്ടവിധം ബോധവാന്മാരാവാതെ പ്രവാസികൾ വേഗത്തിലുള്ള രോഗശമനത്തിന് സ്വയം ചികിത്സ തേടി, ആരോഗ്യസ്ഥിതി വഷളാക്കി പെട്ടെന്നൊരുദിവസം കുടുംബത്തെ അനാഥമാക്കുന്ന സ്ഥിതിയാണ് വരുത്തിവെക്കുന്നത്. അത്തരം നിരവധി കേസുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പ്രവാസികൾക്കായി സുരക്ഷപദ്ധതി ആവിഷ്കരിച്ചതെന്ന് സാദിഖ് പറഞ്ഞു.
സൗദി അറേബ്യയിൽ നിയമാനുസൃതം ജോലി ചെയ്യുന്ന എല്ലാ പ്രവാസികൾക്കും അംഗമാകാവുന്ന പദ്ധതി മാർച്ച് ഒന്നിന് തുടക്കം കുറിക്കും. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേളി കലാസാംസ്കാരിക വേദി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉത്തരവാദിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി പൂർണമായും ഇന്ത്യൻ നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായിരിക്കും. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആകസ്മികമായി ജീവൻ വെടിയേണ്ടി വരുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്നതാണ് കേളി കുടുംബ സുരക്ഷപദ്ധതി.
അസംഘടിതരായ പ്രവാസി സമൂഹത്തിന് പദ്ധതി സഹായകമാകും. പദ്ധതിയിൽ അംഗമാവുന്നവർക്ക് ഒരു വർഷത്തെ സുരക്ഷയാണ് ആദ്യ ഘട്ടത്തിൽ നൽകുക. പദ്ധതി കാലയളവിൽ അംഗം പ്രവാസം അവസാനിപ്പിക്കുകയോ മറ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോവുകയോ ചെയ്താലും ആനുകൂല്യം ലഭിക്കും. തുടർച്ചയായി 20 മാസം പദ്ധതിയിൽ തുടരുന്നവർക്ക് പെട്ടെന്നുണ്ടാകുന്ന ഗുരുതര രോഗങ്ങൾക്ക്, ചികിത്സ ആവശ്യമായി വരികയാണെങ്കിൽ നിശ്ചിത തുകയുടെ സഹായം നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്. കുടുംബ സുരക്ഷക്കൊപ്പം നാട്ടിലെ പാലിയേറ്റിവ് കെയറുകൾക്ക് സഹായകമാകാവുന്ന തരത്തിൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വിപുലീകരിക്കും.
ഓൺലൈനായും കേളിയുടെ യൂനിറ്റ് പ്രവർത്തകർ മുഖേനയും ഏതൊരു പ്രവാസിക്കും പദ്ധതിയിൽ അംഗമാകാൻ കഴിയും. പദ്ധതിയുടെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലയെ പ്രതിനിധീകരിച്ച് ആദ്യ അപേക്ഷകൾ സ്വീകരിച്ചു. വിദ്യാഭ്യാസ മേഖലയിൽനിന്ന് ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ്, ആരോഗ്യ മേഖലയിൽനിന്ന് നഴ്സ് വി.എസ്. സജീന, അസംഘടിത തൊഴിൽ മേഖലയെ പ്രതിനിധീകരിച്ച് രാമകൃഷ്ണൻ ധനുവച്ചപുരം എന്നിവരുടെ അപേക്ഷകൾ ഭാരവാഹികൾ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.