കേളി ഫുട്ബോൾ രണ്ടാം ആഴ്ചയിൽ ഒരു ജയവും സമനിലയും
text_fieldsറിയാദ്: കേളി കലാ സാംസ്കാരിക വേദി 10ാമത് ‘കുദു കേളി’ ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാം വാര മത്സരങ്ങളിൽ മിഡിൽ ഈസ്റ്റ് ഫുഡ് പ്രോഡക്ട് ആൻഡ് ഇമാദ് യൂനിഫോം റെയിൻബോ എഫ്.സിക്ക് വിജയവും ഇസ്സ ഗ്രൂപ് അസീസിയ സോക്കർ ബഞ്ച് മാർക്ക് ടെക്നോളജി റോയൽ ഫോക്കസ് ലൈൻ എഫ്.സി മത്സരം സമനിലയിലും പിരിഞ്ഞു. ആദ്യ മത്സരത്തിൽ സുലൈ എഫ്.സി, റെയിൻബോ എഫ്.സിയുമായി ഏറ്റുമുട്ടി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റെയിൻബോ എഫ്.സി വിജയികളായി. സൗദി റഫറി പാനലിലെ അലി അൽഖഹ്താനി, മുഹമ്മദ് ദോങ്കൽ, അഹമ്മദ് ദോങ്കൽ, അബ്ദുല്ല തഹാമി എന്നിവർ കളി നിയന്ത്രിച്ചു.
രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റിൽ ഷിബിലും 13ാം മിനിറ്റിൽ ഇൻഷാദും അധിക സമയത്തിലെ രണ്ടാം മിനിറ്റിൽ സലീൽ റഹീമും റെയിൻബോ എഫ്.സിക്ക് ഗോളുകൾ നേടി. രണ്ടാം പകുതിയുടെ 10ാം മിനിറ്റിൽ സുലൈ എഫ്.സിയുടെ ഷാഫി ഫൗൾ ചെയ്തതിനെ തുടർന്ന് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. കളിയിൽ ഉടനീളം റെയിൻബോയുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്. സുലൈ എഫ്.സിയുടെ ശക്തമായ രണ്ട് ആക്രമണങ്ങളെ റെയിൻബോ ഗോൾകീപ്പർ മുഹമ്മദ് റാഷിദ് കൈപ്പിടിയിലൊതുക്കി.
27ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ വെച്ച് ഫൗൾ ചെയ്തതിനെ തുടർന്ന് അനുവദിച്ച പെനാൽറ്റിയിലൂടെ ജോബി സുലൈ എഫ്.സിക്കുവേണ്ടി ഒരു ഗോൾ മടക്കി. റെയിൻബോയുടെ ഷിബിൽ ചെറുകാടിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ കുദു റിയാദ് ഏരിയ മാനേജർ പവിത്രൻ, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ടി.ആർ. സുബ്രഹ്മണ്യൻ, ജോസഫ് ഷാജി, വൈസ് പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, ജോയിൻറ് സെക്രട്ടറി മധു ബാലുശ്ശേരി, റിഫ പ്രസിഡൻറ് ബഷീർ ചേലാമ്പ്ര എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. രണ്ടാം മത്സരത്തിൽ ഇസ്സ ഗ്രൂപ് അസീസിയ സോക്കർ, ബഞ്ച് മാർക്ക് ടെക്നോളജി റോയൽ ഫോക്കസ് ലൈൻ എഫ്.സിയുമായി ഏറ്റുമുട്ടി. ശക്തരായ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. അസീസിയ സോക്കറിനുവേണ്ടി നാലു കളിക്കാരാണ് നാട്ടിൽനിന്ന് എത്തിയത്. കളിയുടെ അവസാന ഒരു മിനിറ്റിൽ റോയൽ ഫോക്കസ് ലൈൻ എഫ്.സിയുടെ സജീഷ് ചൂരപ്പാറ ചുവപ്പ് കാർഡ് കണ്ടു പുറത്തായി.
അസീസിയ സോക്കറിന്റെ സാലി സുബൈറിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. വെസ്റ്റേൺ യൂനിയൻ ഇവൻറ് ഓർഗനൈസർ ലിയാഖത്ത്, കേളി രക്ഷാധികാരി അംഗം പ്രഭാകരൻ കണ്ടോന്താർ, വൈസ് പ്രസിഡൻറ് രജീഷ് പിണറായി, ജോയൻറ് സെക്രട്ടറി സുനിൽ കുമാർ, റിഫ സെക്രട്ടറി സൈഫുദ്ദീൻ കരുളായി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. സഹാദ് ഷെഹിരി, യാസർ ഔസാവി, അബ്ദുൽ അസീസ് മത്ഹലി, അബ്ദുല്ല തഹാമി എന്നവർ രണ്ടാം മത്സരം നിയന്ത്രിച്ചു. സഫ മക്ക മെഡിക്കൽ ടീം ആവശ്യമായ വൈദ്യസഹായം ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.