കേളി ഫുട്ബാൾ മൂന്നാംവാരം: ലാൻറൺ എഫ്.സിക്കും ബ്ലാസ്റ്റേഴ്സ് എഫ്.സിക്കും വിജയം
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 10ാമത് കുദു-കേളി ഫുട്ബാൾ ടൂർണമെൻറിന്റെ മൂന്നാം വാരത്തിൽ ലാൻറൺ എഫ്.സിക്കും ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാടിനും വിജയം. ആദ്യ മത്സരത്തിൽ റിയൽ കേരള എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലാൻറൺ എഫ്.സി പരാജയപ്പെടുത്തി. കളിയുടെ രണ്ടാം പകുതിയുടെ നാലാം മിനിറ്റിൽ കെ.ടി. ഇർഷാദ് റിയൽ കേരള എഫ്.സിക്ക് വേണ്ടി ആദ്യ ഗോൾ നേടിയതിന്റെ ആരവം തീരുംമുമ്പ് അഞ്ചാം മിനിറ്റിൽ ലാൻറൺ എഫ്.സിക്ക് വേണ്ടി അബ്ദുൽ മുബാറക് ഗോൾ മടക്കി. അധിക സമയത്തെ രണ്ടാം മിനിറ്റിൽ മുഹമ്മദ് റാഷിക് ലാൻറൺ എഫ്.സിക്ക് വേണ്ടി രണ്ടാമത്തെ ഗോൾ നേടി. ആദ്യ കളിയിലെ മികച്ച കളിക്കാരനായി ലാൻറൺ എഫ്.സിയുടെ അബ്ദുൽ മുബാറക്കിനെ തെരഞ്ഞെടുത്തു.
അജ്നാസ് റിയൽ കേരളക്ക് വേണ്ടി 23-ാം മിനിറ്റിൽ ഗോൾ നേടിയെങ്കിലും ലാൻറൺ വാർ അൈപ്ല ചെയ്തു. വാർ പരിശോധനയിൽ ഓഫ് സൈഡ് വ്യക്തമായതിനാൽ ഗോൾ പിൻവലിച്ചു. കളിയുടെ അവസാന മിനിറ്റിൽ റിയൽ കേരള എഫ്.സിയുടെ ശക്തമായ മുന്നേറ്റം ബാറിൽ തട്ടി പുറത്തുപോയി. ആദ്യ കളിയിൽ ആലപ്പുഴ എം.പി എ.എം. ആരിഫ് കളിക്കാരുമായി പരിചയപ്പെട്ടു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ഫിറോസ് തയ്യിൽ, സെക്രട്ടേറിയറ്റംഗം കാഹിം ചേളാരി, സംഘാടക സമിതി ജോ.കൺവീനർ ജവാദ് പരിയാട്ട്, ഗ്രൗണ്ട് മാനേജർ റഫീഖ് ചാലിയം, കേളി മാധ്യമ കമ്മിറ്റി കൺവീനർ പ്രദീപ് ആറ്റിങ്ങൽ, പൊതുപ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, കരുനാഗപ്പള്ളി കൂട്ടായ്മ മൈത്രി ഭാരവാഹി കബീർ എന്നിവർ അനുഗമിച്ചു.
രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാടും സുലൈ എഫ്.സിയും ഏറ്റുമുട്ടി. ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട് വിജയിച്ചു. കളിയുടെ 16ാം മിനിറ്റിൽ സഫറുദ്ദീനും രണ്ടാം പകുതിയുടെ ആറാം മിനിറ്റിൽ ആഷിക് നെയ്യപ്പാടനും ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാടിന് വേണ്ടി ഗോളുകൾ നേടി. ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ അക്മൽ ഖാൻ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ കളിയിൽ കൊബ്ലാൻ സെയിൽസ് മാനേജർ പ്രസാദ് വഞ്ചിപ്പുര, കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി, കുടുംബവേദി പ്രസിഡൻറ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, റിഫ ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർകാട്, റെഡ്സ്റ്റാർ ക്ലബ് സെക്രട്ടറി റിയാസ് പള്ളത്ത് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. സൗദി റഫറി പാനലിലെ അലി അൽ ഖഹ്താനി, അബ്ദുൽ അസീസ് അൽ താഷ, അഹമ്മദ് ദോഗ്ലാ, മുഹമ്മദ് ദോഗ്ലാ, വലീദ് ഇബ്രാഹിം, ആദിൽ അൽ ഗ്രൗൺ, അബ്ദുല്ല തഹാമി എന്നിവർ കളികൾ നിയന്ത്രിച്ചു. മികച്ച കളിക്കാരനായി തെരഞ്ഞെടുത്തവർക്ക് ഐബി ടെക് പ്രതിനിധി ജാഫർ കാഷ് പ്രൈസ് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.