നരിക്കുനി അത്താണിയിലെ അന്തേവാസികൾക്ക് അന്നമൂട്ടി കേളി
text_fieldsറിയാദ്: വാര്‍ധക്യത്തിന്റെ അവശതകളാൽ അനാഥമാക്കപ്പെട്ടവരെയും അപകടത്തില്‍ ശാരീരികമായി തളര്‍ന്ന് എഴുന്നേല്ക്കാന് കഴിയാതെ ചലനമറ്റുപോയവരെയും പ്രായമായപ്പോള്‍ വീട്ടുകാര്‍ വഴിയില്‍ ഇറക്കിവിട്ടവരെയും ആരുമില്ലാതെ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ടവരെയും ചേർത്തുപിടിച്ച് പരിചരണവും സാന്ത്വനവും മരണം വരെ അഭയവും നൽകുന്ന കോഴിക്കോട് നരിക്കുനിയിലെ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സ്ഥാപനമായ ‘അത്താണി’യിലെ അന്തേവാസികൾക്ക് റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ സഹായഹസ്തം.
2005ൽ പ്രവർത്തനം ആരംഭിച്ച ‘അത്താണി’യിലെ 45ഓളം അന്തേവാസികൾക്കും അവരെ പരിചരിക്കുന്നവർക്കുമായി 15 ദിവസത്തെ ഭക്ഷണം ‘കേളി’നൽകും. കേളിയുടെ 11ാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘ഹൃദയപൂർവം കേളി’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭക്ഷണ വിതരണം നടത്തുന്നത്. അത്താണി ഡെസ്റ്റിറ്റ്യൂട്ട് ഹോമിൽ ഒരുക്കിയ വിതരണോദ്ഘാടന ചടങ്ങിന് സി.പി.എം കക്കോടി ഏരിയ കമ്മിറ്റി അംഗം പി.കെ.ഇ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അത്താണി ഡെസ്റ്റിറ്റ്യൂട്ട് ഹോം സെക്രട്ടറി വി.പി. അബ്ദുൽ ഖാദർ, സി.പി.എം കക്കോടി ഏരിയ കമ്മറ്റി അംഗം ഷനോജ്, ഡി.വൈ.എഫ്.ഐ നന്മണ്ട നോർത്ത് മേഖല സെക്രട്ടറി അബിൻ രാജ്, കേളി അംഗം ഇസ്മാഈൽ തടായിൽ, കേളി മുൻ അംഗവും പ്രവാസി സംഘം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ ചെക്കുട്ടി എന്നിവർ സംസാരിച്ചു. കേളി ജോയൻറ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും അത്താണി ഭരണസമിതി അംഗം ടി.കെ. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. നരിക്കുനി ലോക്കൽ കമ്മിറ്റി സെക്രട്ടറി മിഥിലേഷ്, നന്മണ്ട ലോക്കൽ കമ്മിറ്റി അംഗം എം.എൻ. സതീശൻ, എരഞ്ഞിക്കൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ കുമാർ, കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജയരാജ്, ഗീത ജയരാജ്, കേളി മുൻ പ്രവർത്തകരായ അബ്ബാസ് പാലത്ത്, യൂസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.