കേളി ഒരു ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യും; ഉദ്ഘാടനം നാളെ
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 11-ാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കേരളത്തിൽ ഒരു ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ നിർവഹിക്കും. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലാണ് വിതരണോദ്ഘാടന ചടങ്ങ്. തുടർന്ന് 14 ജില്ലകളിലെയും സർക്കാർ ആശുപത്രികളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികൾക്കും നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കുന്ന പ്രവർത്തനം നടത്തുമെന്ന് കേളി ഭാരവാഹികൾ റിയാദിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രക്ഷാധികാരി കമ്മിറ്റി മുൻ സെക്രട്ടറി കെ.ആർ. ഉണ്ണികൃഷ്ണൻ, സമിതി അംഗമായിരുന്ന സതീഷ് കുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകും. മറ്റിടങ്ങളിൽ നാട്ടിൽ അവധിയിലുള്ള കേളിയുടെ പ്രവർത്തകരും മുൻ പ്രവർത്തകരുമായിരിക്കും നേതൃത്വം നൽകുന്നത്. ഓരോ ഇടങ്ങളിലെയും കുടുംബശ്രീയുമായി കൈകോർത്ത് പദ്ധതി നടപ്പാക്കുന്നതിന് പ്രാധാന്യം നൽകും. കേളിയുടെ 12-ാം കേന്ദ്ര സമ്മേളനത്തിന് മുമ്പ് ഒരു ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
കേളിയുടെ 12 ഏരിയ കമ്മറ്റികളുടെയും 72 യൂനിറ്റ് കമ്മറ്റികളുടെയും നേതൃത്വത്തിൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി റിയാദിലെ പൊതു സമൂഹത്തിൽ നിന്നും വളരെ നല്ലരീതിയിലുള്ള പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി മലസ്, സുലൈ, ബദീഅ ഏരിയ കമ്മിറ്റികളുടെയും മജ്മഅ യൂനിറ്റിന്റെയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും അൽഖർജ് ഏരിയ ഹുത്ത യൂനിറ്റിന്റെ നേതൃത്വത്തിൽ വിന്റർഫെസ്റ്റും നടത്തുകയുണ്ടായി. പരിപാടിയിൽ പങ്കെടുത്ത പ്രവാസികൾ പദ്ധതിയുടെ ഉദ്ദേശലക്ഷ്യത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന അനുഭവമാണെന്നും ഭാരവാഹികൾ പറഞ്ഞു. മലസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഒമ്പത് യൂനിറ്റുകൾ ചേർന്ന് 25,000 പൊതിച്ചോറുകൾ നൽകുമെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞതായും അവർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ മുഖ്യ രക്ഷാധികാരി കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ആക്ടിങ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ജോസഫ് ഷാജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.