കേളി കുടുംബസംഗമം: രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsറിയാദ്: കേളി കലാസാംസ്കാരികവേദിയുടെ മുന്‍ അംഗങ്ങളുടെ സംസ്ഥാനതല കുടുംബസംഗമം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായ രജിസ്ട്രേഷൻ ആരംഭിച്ചു. ആഗസ്റ്റ് 25 വരെ രജിസ്ട്രേഷൻ തുടരുമെന്ന് കൺവീനർ ഷൗക്കത്ത് നിലമ്പൂർ അറിയിച്ചു. 2001 ജനുവരി ഒന്നിന് റിയാദിൽ തുടക്കംകുറിച്ച കേളി കലാസാംസ്കാരികവേദി ആദ്യമായാണ് കേരളത്തിൽ ഒരു കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ 23 വർഷത്തിനിടയിൽ നിരവധി പ്രവർത്തകർ റിയാദിലെ പ്രവാസം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങിയിട്ടുണ്ട്. നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവർത്തകരായിരുന്നവരുടെ കുടുംബങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നതോടൊപ്പം കേളി നാട്ടിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ മുൻ അംഗങ്ങളെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
വിവിധ കലാസാംസ്കാരിക പരിപാടികളോടെ സെപ്റ്റംബർ 17ന് നിലമ്പൂരിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള കേളി മുൻ അംഗങ്ങൾക്കു പുറമെ കുടുംബങ്ങളും അവധിയിൽ നാട്ടിലുള്ള അംഗങ്ങളും കുടുംബവേദിയിലെ അംഗങ്ങളും പങ്കെടുക്കും.
രജിസ്ട്രേഷനുവേണ്ടി കൺവീനർ ഷൗക്കത്ത് നിലമ്പൂർ (+91 97444 02743), ചെയർമാൻ ഗോപിനാഥൻ വേങ്ങര (+91 98479 63316), ട്രഷറർ റഷീദ് മേലേതില്‍ (+91 6235 291 959) എന്നിവരെ വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.