കേളി മലസ് ഏരിയ ഓണമാഘോഷിച്ചു
text_fieldsറിയാദ്: കേളി കലാ സാംസ്കാരിക വേദി മലസ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു. 'ആവണി 2022' എന്നപേരിൽ നടന്ന ആഘോഷം റിയാദിലെ അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫൈസൽ കൊണ്ടോട്ടി അണിയിച്ചൊരുക്കിയ നാടകം, സംഗീത ശിൽപങ്ങൾ, കേളി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നൃത്തനൃത്യങ്ങൾ, പാട്ടുകൾ, മിമിക്രി, മാജിക് ഷോ തുടങ്ങി കലാപരിപാടികൾ അരങ്ങേറി. 700ഓളം പേർക്ക് കേളി പ്രവർത്തകർ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.
സംഘാടകസമിതി ചെയർമാൻ ടി.ബി. നൗഷാദിെൻറ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് നൗഫൽ പൂവ്വക്കുർശി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു. എഴുത്തുകാരി സബീന സാലി, കേളി മുഖ്യരക്ഷാധികാരി കമ്മിറ്റി ആക്ടിങ് കൺവീനർ സുരേന്ദ്രൻ കൂട്ടായി, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്‌ബാൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, മീനുമിക്സ് ഫക്രൂ ഇന്റർനാഷനൽ പ്രതിനിധി മുസ്തഫ നെടുംകണ്ടൻ, ഖസർ ഹൈപർമാർക്കറ്റ് പ്രതിനിധി സയ്യിദ്, ലുഹ പാരഗൺ ഗ്രൂപ് സി.ഇ.ഒ ബഷീർ മുസ്ലിയാരകത്ത് എന്നിവർ സംസാരിച്ചു.
കേളി കേരളത്തിന് കൊടുക്കുന്ന ലക്ഷം പൊതിച്ചോറിൽ 25,000 പൊതിച്ചോറ് മലസ് ഏരിയ നൽകുമെന്ന് രക്ഷാധികാരി സെക്രട്ടറിയും കേളി ജോയന്റ് സെക്രട്ടറിയുമായ സുനിൽ കുമാർ സാംസ്‌കാരിക സമ്മേളനത്തിൽ അറിയിച്ചു. ആദ്യ ഗഡുവായി 3725 പൊതിച്ചോറിന്റെ തുക ഏരിയ ട്രഷറർ നൗഫൽ ഉള്ളാട്ട്ചാലി കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന് കൈമാറി. ലുഹ പാരഗൺ ഗ്രൂപ്പ് ഉടമ ബഷീർ 200 പൊതിച്ചോറ് സംഭാവന നൽകാൻ സന്നദ്ധത അറിയിച്ചു.
സാംസ്‌കാരിക സമ്മേളനത്തിനുശേഷം ഗായകൻ സജീർ പട്ടുറുമാൽ, ഗായിക ദേവിക എന്നിവർ അവതരിപ്പിച്ച ഗാനമേള അരങ്ങേറി. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സംഘാടകസമിതി നടത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിന് അർഹനായ മൻസൂറിന് അൽ അർക്കാൻ ട്രാവൽസ് മാനേജർ സെബിൻ ഇഖ്‌ബാൽ റിയാദ്-കൊച്ചി വിമാന ടിക്കറ്റ് കൈമാറി. ഏരിയ സെക്രട്ടറി കെ.പി. സജിത്ത് സ്വാഗതവും സംഘാടകസമിതി കൺവീനർ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.