കേളിദിനം ആഘോഷം, റിമി ടോമി നാളെ റിയാദിൽ
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി 22ാം വാർഷികാഘോഷമായ ‘കേളിദിനം 2023’ വെള്ളിയാഴ്ച റിയാദ് അൽഹൈർ ഉവൈദ ഫാംഹൗസിൽ നടക്കും.
കേളിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കലാപരിപാടികൾക്കു പുറമെ, തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായിക റിമി ടോമിയും സംഘവും നയിക്കുന്ന പരിപാടികളും കേളി ഒരുക്കുന്ന മെഗാ ഷോയിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തി
ൽ അറിയിച്ചു.
രാവിലെ ഒമ്പതു മുതൽ ആരംഭിക്കുന്ന കേളിദിന പരിപാടികളിൽ നാടകം, നൃത്തനൃത്യങ്ങൾ, സംഗീതശിൽപം, ഒപ്പന, കൈകൊട്ടിക്കളി, നാടൻപാട്ടുകൾ, വിപ്ലവ ഗാനങ്ങൾ, കഥാപ്രസംഗം, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, തെയ്യം തുടങ്ങി വ്യത്യസ്തങ്ങളായ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് 4.30ന് കേളിദിന സമാപന സമ്മേളനവും സംഘടന പുറത്തിറക്കിയ പുതുവർഷ കലണ്ടറും ഡയറിയും പ്രകാശനവും നടക്കും.
ശേഷം നടക്കുന്ന മെഗാഷോയിൽ ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടിയോടൊപ്പം റിയാദിലെ വിവിധ നൃത്ത സംഘങ്ങളുടെ ചുവടുകളും അരങ്ങേറും.
അൽഹൈറിലെ അതിവിശാലമായ മൈതാനിയിൽ എല്ലാവിധ സജ്ജീകരണങ്ങളും ഉൾപ്പെടെ, തയാറാക്കിയ വേദിയിൽ റിമി ടോമി നയിക്കുന്ന സംഗീതനിശയിൽ പിന്നണി സംഗീതരംഗത്തെ ശ്രീനാഥ്, നിഖിൽ, ശ്യാം പ്രസാദ് എന്നിവരും പങ്കെടുക്കും. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്നതിലൂടെ സാധാരണക്കാരായ പ്രവാസി സമൂഹത്തിന് കേളിയുടെ പുതുവത്സര സമ്മാനം കൂടിയാണ് ഈ പരിപാടിയെന്ന് സംഘാടകർ പറഞ്ഞു.
കേരളത്തിലെ വിവിധ ആശുപത്രികളിലും ഭിന്നശേഷി വിദ്യാലയങ്ങളിലും അഗതിമന്ദിരങ്ങളിലും നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു ലക്ഷം പൊതിച്ചോറുകൾ നൽകുന്ന പദ്ധതി നടപ്പാക്കുകയാണെന്നും ഈ വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളിൽ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം നൽകുക എന്ന പുതിയ പദ്ധതികൂടിയാണ് മുന്നോട്ടുവെക്കുന്നതെന്നും അവർ വിശദീകരിച്ചു.
22 വർഷത്തിനിടെ പ്രവാസിസമൂഹത്തിനും കേരളത്തിലെ സാധാരണക്കാർക്കും വേണ്ടി നിരവധി ജീവകാരുണ്യ, സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കേളിക്ക് നടത്താനായെന്നും പ്രവാസികളുടെ സാമൂഹിക-സാംസ്കാരികോന്നമനത്തിന് ആവശ്യമായ നിരവധി പ്രവർത്തന പദ്ധതികളുമായി മുന്നോട്ടുപോകുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ കെ.പി.എം. സാദിഖ്, ജോസഫ് ഷാജി, ഗീവർഗീസ്, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, സുനിൽകുമാർ, സുനിൽ സുകുമാരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.