കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സിൽവർ ജൂബിലി
text_fieldsദമ്മാം: കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൽ ഖോബാർ കാനു ക്രിക്കറ്റ് കോംപ്ലക്സിൽ നടന്ന സിൽവർ ജൂബിലി കപ്പ് ടൂർണമെന്റിൽ കാസ്ക് ക്രിക്കറ്റ് ടീം ജേതാക്കളായി.
ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കളിക്കാരും ടൂർണമെന്റിൽ പങ്കെടുത്തു. വാശിയേറിയ ഫൈനലിൽ യൂനിഫൈഡ് ബ്ലൂസിനെ 12 റൺസിന് തോൽപിച്ചാണ് കാസ്ക് സിൽവർ ജൂബിലി കപ്പിൽ മുത്തമിട്ടത്.
16 ബോളിൽ 41 റൺസ് നേടിയ റാഷിദാണ് പ്ലെയർ ഓഫ് ദി മാച്ച്. പ്രതമേഷ് ഠാകുർ പ്ലെയർ ഓഫ് ദി ടൂർണമെൻറും സഞ്ജു കാണേറിയ മികച്ച ബാറ്ററും ബാലു മികച്ച ബൗളർ അവാർഡും സ്വന്തമാക്കി. കൂടാതെ മികച്ച വിക്കറ്റ് കീപ്പറായി കാസ്കിന്റെ സുമിത്തിനെയും മികച്ച ഫീൽഡറായി അൽ ബിലാദിയുടെ ശ്രേയസ് കദമിനെയും തിരഞ്ഞെടുത്തു.
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് (126) നേടിയ യൂനിഫൈഡ് ബ്ലൂസിന്റെ സഞ്ജു കനോജിയക്ക് ഓറഞ്ച് ക്യാപ്പും കൂടുതൽ വിക്കറ്റ് (ഏഴ്) നേടിയ അൽ ബിലാത്തിയുടെ ഫിറോസ് ശൈഖിന് പർപ്പിൾ ക്യാപ്പും സമ്മാനിച്ചു.
പ്രസിഡൻറ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ജനറൽ സെക്രട്ടറി സുരേഷും കാഷ് പ്രൈസായ 12,500 റിയാൽ കോംപാസ് ലോജിസ്റ്റിക് പ്രതിനിധി ഇല്യാസും അൽ റവാദ് ജനറൽ മാനേജർ സാബിത്തും ചേർന്ന് ഈസ്റ്റേൺ ബ്ലൂ ക്യാപ്റ്റനായ അൻസാഫിന് സമ്മാനിച്ചു.
ടീം കാസ്കിനുള്ള ചാമ്പ്യൻസ് ട്രോഫി പ്രസിഡൻറ് പ്രദീപ് കുമാറും കാഷ് പ്രൈസായ 25,000 റിയാൽ പ്രോട്ടക്ക് എം.ഡി ശിഹാബ്, വെസ്റ്റ് വേലോസിറ്റി ഡയറക്ടർ ഷഫീഖ് എന്നിവർ ചേർന്ന് ക്യാപ്റ്റൻ ബാലുവിന് സമ്മാനിച്ചു. കൂടാതെ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കുമുള്ള ഫലകങ്ങളും ചടങ്ങിൽ കൈമാറി.
നവോദയ കേന്ദ്ര ജനറൽ സെക്രട്ടറി സെക്രട്ടറി രഞ്ജിത്ത് വടകര, ലോക കേരളസഭ പ്രതിനിധി നന്ദിനി മോഹൻ, രക്ഷാധികാരി ബിനു പി. ബേബി എന്നിവർ പങ്കെടുത്തു. യാസർ അറാഫത്ത് പരിപാടികൾ നിയന്ത്രിച്ചു. കൺവീനർ റസാഖ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.