പ്രവാസികളെ ചേർത്തുപിടിച്ച ബജറ്റ് -കേളി
text_fieldsറിയാദ്: കേന്ദ്ര സർക്കാറിന്റെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക ഞെരുക്കം നിലനിൽക്കുമ്പോഴും ജനങ്ങൾക്കുവേണ്ടിയുള്ള വികസന - ക്ഷേമ പ്രവർത്തനങ്ങളിൽ കുറവുവരാതിരിക്കാൻ ബജറ്റിൽ ശ്രദ്ധിച്ചിട്ടുണ്ടെന്ന് കേളി കലാസാംസ്കാരിക വേദി വാർത്താക്കുറിപ്പിൽ പറഞ്ഞു. കേന്ദ്ര ബജറ്റിൽ പ്രവാസികളെ പൂർണമായും അവഗണിച്ചപ്പോൾ കേരള ബജറ്റിൽ 44 കോടി രൂപ പ്രവാസി പുനഃരധിവാസത്തിനായി വകയിരുത്തുകയും തിരിച്ചെത്തിയ പ്രവാസികൾക്ക് ചികിത്സാസഹായം, സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള വായ്പ തുടങ്ങിയ പദ്ധതികൾക്ക് തുക വകയിരുത്തിയത് പ്രവാസികൾക്ക് ആശ്വാസകരമാണ്.
വിവിധ പദ്ധതികൾക്കായി 257.81 കോടി രൂപ വകയിരുത്തിയതിൽ 143.81 കോടി രൂപ നോർക്കയുടെ പ്രവർത്തനങ്ങൾക്കുള്ളതാണ്. സുസ്ഥിര ജീവനോപാധി പുനരധിവാസ പദ്ധതിയായ എൻ.ഡി.പി.ആർ.ഇ.എമ്മിന് 25 കോടിരൂപയും സാന്ത്വന പദ്ധതിക്ക് 33 കോടി രൂപയും വിവിധ ക്ഷേമപദ്ധതികൾക്കായി 12 കോടി രൂപയുമാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികൾക്കായി വകയിരുത്തിയിരിക്കുന്നത്. പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന ‘സാന്ത്വന’ പദ്ധതിയിലൂടെ, കുറഞ്ഞത് രണ്ടുവർഷം വിദേശത്ത് ജോലി ചെയ്ത് മടങ്ങി വന്ന മലയാളികൾക്ക് 50,000 രൂപ വരെ ചികിത്സാ സഹായവും ഒരു ലക്ഷം രൂപവരെ മരണാനന്തര ധനസഹായവും 15,000 രൂപവരെ വിവാഹ ധനസഹായവും നൽകുന്നുണ്ട്.
പൊതുമേഖല ശക്തിപ്പെടുത്തുന്നതിനൊപ്പം സ്വകാര്യ മേഖലയെ ആകർഷിക്കാനും ബജറ്റിൽ പദ്ധതികളുണ്ട്. ഇത് പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും മടങ്ങിയെത്തുന്ന പ്രവാസികൾക്കും ശുഭപ്രതീക്ഷ നൽകുന്നു. സംസ്ഥാന സർക്കാറിനെയും ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും അഭിനന്ദിക്കുന്നതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.