കേരള ബജറ്റ്; പ്രവാസലോകത്തിന്റെ പ്രതികരണം ഇങ്ങനെ
text_fieldsകേരളത്തിന്റെ ദീർഘകാല വികസനത്തിനുതകുന്നത് –കേളി
റിയാദ്: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റിനെ പൂർണമായും സ്വാഗതം ചെയ്യുന്നതായി കേളി കലാസാംസ്കാരിക വേദി. കേരളത്തിന്റെ ദീർഘകാല സമഗ്ര വികസനം മുൻനിർത്തിയുള്ള പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാഭ്യാസ മേഖലക്ക് 2,546 കോടി, ആരോഗ്യ മേഖലക്ക് 2,629 കോടി, വ്യവസായ മേഖലക്ക് 1,226 കോടി, ടൂറിസം വികസനത്തിന് നൂതന പദ്ധതികൾക്കായി 1,000 കോടി, സയൻസ് പാർക്കുകൾ, പുതിയ ഐ.ടി പാർക്കുകൾ, നാല് ഐ.ടി ഇടനാഴികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും ക്ഷേമത്തിനായി പ്രത്യേകം പദ്ധതികൾ, ലോകസമാധാന സമ്മേളനത്തിന് തുക നീക്കിവെച്ചത്, യുദ്ധക്കെടുതിമൂലം യുക്രെയ്നിൽനിന്ന് വന്ന വിദ്യാർഥികളുടെ പഠനം തുടരാൻ സഹായിക്കുമെന്ന പ്രഖ്യാപനം എന്നിവ ബജറ്റിലെ ചില പ്രത്യേകതകളാണ്. പ്രവാസികളുടെ കാര്യത്തിൽ സർക്കാർ എത്രമാത്രം പരിഗണന നൽകുന്നു എന്നതിന് ഉദാഹരണമാണ് ബജറ്റിൽ അനുവദിച്ച 147.51 കോടി രൂപ.
കഴിഞ്ഞ വർഷം പ്രവാസി ക്ഷേമത്തിനായി ബജറ്റിൽ അനുവദിച്ചത് 130 കോടിയോളം രൂപയാണ്. കോവിഡ് മഹാമാരിക്കാലത്തും പ്രളയാനന്തര കാലത്തും കേരളത്തിന്റെ ധനകാര്യ മേഖല മികച്ചരീതിയിൽ കൈകാര്യം ചെയ്ത് കേരളത്തിന്റെ കുതിപ്പിന് ആക്കംകൂട്ടുന്ന ഒരു വികസനോന്മുഖ ബജറ്റ് അവതരിപ്പിച്ച കേരള സർക്കാറിനെ അനുമോദിക്കുന്നതായി കുറിപ്പിൽ പറഞ്ഞു.
നാടിന്റെ വികസനത്തിന് ഊർജം പകരുന്ന ബജറ്റ് -നവോദയ
റിയാദ്: സമസ്ത മേഖലയെയും സ്പർശിക്കുന്നതും നാടിന്റെ സമഗ്ര വികസനത്തിന് ഊർജം പകരുന്നതുമാണ് സംസ്ഥാന ബജറ്റെന്ന് റിയാദിലെ നവോദയ സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. പ്രവാസികളെ കാര്യമായി ബജറ്റ് പരിഗണിച്ചിട്ടുണ്ട്. പ്രവാസി കാര്യത്തിന് 147 കോടിയും യുക്രെയ്ൻ യുദ്ധസാഹചര്യത്തിൽ നോർക്കക്ക് 10 കോടി രൂപ പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. പ്രവാസി ഏകോപന പുനഃസംയോജന പദ്ധതിക്ക് 50 കോടി രൂപയും വകയിരുത്തി. വിദ്യാഭ്യാസം, ആരോഗ്യം, കാർഷിക മേഖലയിലെല്ലാം വലിയൊരു ഉണർവ് ഈ ബജറ്റ് നൽകുന്നുണ്ട്. കുട്ടികളെയും യുവാക്കളെയും കാർഷിക മേഖലയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളും ബജറ്റിൽ ഉൾക്കൊണ്ടിട്ടുണ്ട്. പൊതുവിൽ അവഗണിക്കപ്പെട്ട ട്രാൻസ്ജെൻഡർ വിഭാഗത്തിനെപ്പോലും ബജറ്റ് പരിഗണിച്ചു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന ബജറ്റ് സമീപനം സ്വാഗതാർഹമാണ്. അതിനൊപ്പം കേരളത്തിന്റെ ജി.എസ്.ടി വിഹിതമടക്കം കൈമാറാത്ത കേന്ദ്ര സർക്കാർ നയത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം. നവകേരളത്തിന് പ്രതീക്ഷ നൽകുന്ന കേരള ബജറ്റിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായും വാർത്തക്കുറിപ്പിൽ പറഞ്ഞു.
യാഥാർഥ്യബോധമില്ലാത്ത ബജറ്റ് പ്രവാസികളെ അവഗണിച്ചു –റിയാദ് ഒ.ഐ.സി.സി
റിയാദ്: സംസ്ഥാന ബജറ്റ് തികച്ചും നിരാശജനകവും ലക്ഷ്യബോധമില്ലാത്തതും പ്രവാസികളെ പാടെ അവഗണിക്കുന്നതുമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. കോവിഡ് ബാധിച്ച് പ്രവാസലോകത്ത് മരിച്ചവരുടെ കുടുംബങ്ങളെപ്പറ്റി ബജറ്റിൽ ഒരിടത്തും പറയുന്നില്ല.
അതുപോലെ കോവിഡ് പ്രതിസന്ധിയിൽപെട്ട് നാട്ടിൽ തിരിച്ചെത്തി തിരികെ പോകാൻ സാധിക്കാത്ത പ്രവാസികളുടെ പുനരധിവാസത്തെ പറ്റിയും ബജറ്റ് മൗനംപാലിക്കുന്നു. ഇപ്പോൾ തന്നെ കടക്കെണിയിൽപെട്ടുഴറുന്ന സംസ്ഥാനത്തെ പടുകുഴിയിലേക്ക് നയിക്കാനുള്ള നിർദേശങ്ങളാണ് ധനമന്ത്രി ബജറ്റിലൂടെ മുന്നോട്ടുവെച്ചിട്ടുള്ളത്. കേരളത്തിലെ ജനങ്ങളെ കള്ളുകുടിപ്പിച്ചു കിടത്താനുള്ള ബോധപൂർവ ശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവാസികളുടെ വിഷയങ്ങൾ സ്പർശിച്ചിട്ടേയില്ല. കാർഷിക മേഖലയെ അവഗണിച്ചു.
ലോകസമാധാനത്തിനുവേണ്ടി രണ്ടുകോടി രൂപ നീക്കിവെക്കുക എന്ന തമാശകൾ മാറ്റിവെച്ചാൽ ബജറ്റ് പൂർണ പരാജയമാണ്. ഒരു ആചാരത്തിനുവേണ്ടി നടത്തുന്ന ഇത്തരം പരിപാടികൾ അവസാനിപ്പിച്ച് യാഥാർഥ്യബോധത്തോടുകൂടി വിഷയങ്ങളെ സമീപിച്ചാലേ രക്ഷയുള്ളൂവെന്ന് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രവാസികളെ അവഗണിച്ച നിരാശജനകമായ ബജറ്റ് – സൗദി ഒ.ഐ.സി.സി
റിയാദ്: ഇടതു സർക്കാറിന്റെ ബജറ്റ് പ്രവാസികളെ സംബന്ധിച്ചിടത്തോളം തികച്ചും നിരാശജനകമാണെന്ന് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ബജറ്റിൽ 3,500 രൂപയായി വർധിപ്പിച്ച പ്രവാസി പെൻഷൻ ഇതുവരെയും നൽകിത്തുടങ്ങിയിട്ടില്ല.
പുതിയ ബജറ്റിൽ ഇതുസംബന്ധിച്ച ഒരു പരാമർശങ്ങളുമില്ല. കോവിഡ് ബാധിച്ചു പ്രവാസലോകത്ത് മരിച്ചവരുടെ കുടുംബങ്ങളെപ്പറ്റി ഒന്നും പറയുന്നില്ല. കോവിഡ് പ്രതിസന്ധിയിലും കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നേകാൽ ലക്ഷം കോടി രൂപ വിദേശ നിക്ഷേപം നാട്ടിലെത്തിച്ചവരാണ് പ്രവാസികൾ. മഹാമാരിയെ തുടർന്ന് 15 ലക്ഷത്തിലധികം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരികെ നാട്ടിലെത്തിയിട്ടുമുണ്ട്. ഇവർക്കുവേണ്ടി ഒരു പ്രഖ്യാപനവും ബജറ്റിലില്ലാത്തത് അത്യന്തം നിരാശജനകമാണെന്നും നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ബജറ്റിന് വിശ്വാസ്യതയില്ല –തൃശൂർ ഒ.ഐ.സി.സി
റിയാദ്: കഴിഞ്ഞ ബജറ്റിലെ 70 ശതമാനം പദ്ധതികളും നടപ്പാക്കിയിട്ടില്ല എന്നിരിക്കെ പുതിയ ബജറ്റ് പ്രഖ്യാപനം വെറും പ്രഹസനം മാത്രമാണെന്ന് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി ആരോപിച്ചു. അതുകൊണ്ട് തന്നെ പുതിയ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ഒരു തരത്തിലുള്ള വിശ്വാസ്യതയുമില്ല.
അടുത്തമാസം ശമ്പളം കൊടുക്കാൻ പോലും ട്രഷറിയിൽ പണമില്ല എന്നുപറയുന്ന സർക്കാർ ലോകസമാധാനത്തിനായി രണ്ടുകോടി വകയിരുത്തിയിരിക്കുന്നത് കാണുമ്പോൾ ഈ ബജറ്റ് ഒട്ടും യാഥാർഥ്യബോധം ഇല്ലാത്തതാണെന്ന് മനസ്സിലാക്കാനാകും.
ഖജനാവില് പണം ഇല്ലാതെ എങ്ങനെയാണ് ഇത്രയധികം ക്ഷേമപദ്ധതികളും സാമൂഹിക സുരക്ഷ പദ്ധതികളും നടപ്പിൽ വരുത്തുന്നതെന്നും കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു.
പ്രവാസികളെ പൂർണമായും തഴയുന്നൊരു സർക്കാറാണിതെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നു. സംസ്ഥാന സര്ക്കാറിന്റെ പൊതുധനസ്ഥിതിയെ കുറിച്ച് എത്രയും പെട്ടെന്ന് ധവളപത്രം പുറത്തിറക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.