എന്തുപറ്റി ഈ ഇടതിന്?
text_fieldsഏറെ വാശിയും വീര്യവും നിറഞ്ഞൊരു ഉപതെരഞ്ഞെടുപ്പാണ് ഇപ്പോൾ പാലക്കാട് നടന്നത്. വയനാട് ലോക്സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും പാലക്കാടിനൊപ്പം തെരഞ്ഞെടുപ്പ് നടന്നെങ്കിലും പാലക്കാടിന്റെ അത്ര ചൂട് ഈ രണ്ട് മണ്ഡലങ്ങളിലും കാണാനുണ്ടായിരുന്നില്ല. പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും ഈ രാഷ്ട്രീയ താപനില പാലക്കാട് ഉയർന്ന് കൊണ്ടിരുന്നു.
പെട്ടി വിവാദത്തിൽ ബി.ജെ.പിയും സി.പി.എമ്മും തോളോട് തോൾ ചേർന്ന് കോൺഗ്രസിനെതിരെ കരുനീക്കം നടത്തിയതും പൊലീസ് ഒപ്പം ചേർന്നതുമൊക്കെ ഏറെ കോളിളക്കമുണ്ടാക്കി. പി. സരിന്റെ കൂടുമാറ്റവും ഇടതുസ്ഥാനാർഥിത്വവും ആദ്യ ഘട്ടത്തിൽ ചർച്ച ചെയ്യപ്പെട്ടെങ്കിലും സന്ദീപ് വാര്യരുടെ ബി.ജെ.പിയുമായുള്ള തെറ്റിപ്പിരിയലും ഒടുക്കം കോൺഗ്രസിലേക്കുള്ള ചുവടുമാറ്റവും ക്ലൈമാക്സിലേക്കടുക്കുന്ന വേളയിൽ പാലക്കാടിനെ മുൾമുനയിൽ നിർത്തി.
സന്ദീപ് വാര്യർ സി.പി.എമ്മിലേക്കാണെന്ന ചർച്ചകളും പ്രസ്താവനകളും ഉന്നതരായ നേതാക്കളിൽനിന്നുതന്നെ പുറത്തുവന്നപ്പോൾ അതിനപ്പുറം വലിയ ട്വിസ്റ്റൊന്നും രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചിരുന്നില്ല. ക്രിസ്റ്റൽ ക്ലിയർ എന്നും മികച്ച കോമ്രേഡ് ആകുമെന്നുമൊക്കെയുള്ള പ്രതീക്ഷ പരസ്യമായി തന്നെ സി.പി.എം നേതാക്കൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് വാര്യർ കോൺഗ്രസിലെത്തിയെന്ന് മാധ്യമങ്ങൾപോലും അറിയുന്നത്. സന്ദീപ് വാര്യരെ കിട്ടാതിരുന്നതിന്റെ കൊതിക്കെറുവ് പിന്നീടുള്ള ദിവസങ്ങളിൽ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുമുള്ള പ്രചാരണങ്ങളിൽ കാണാനുണ്ടായിരുന്നു. ബി.ജെ.പിയെക്കാൾ സന്ദീപിനെതിരെ പ്രചാരണമഴിച്ചുവിട്ടതും സി.പി.എം തന്നെയായിരുന്നു. വാര്യരുടെ മുൻ നിലപാടുകൾ സി.പി.എം സൈബർ പേജുകളിൽ പിന്നീടുള്ള ദിവസങ്ങളിൽ ചൂടുള്ള ചർച്ചയായി. സന്ദീപിനെ കുറിച്ചുള്ള സി.പി.എമ്മിന്റെ മലക്കം മറിച്ചിലുകൾ എതിർപക്ഷവും പ്രചരിപ്പിച്ചു.
എന്നാൽ തെരഞ്ഞെടുപ്പ് തലേന്ന് പ്രമുഖ മുസ്ലിം വിഭാഗങ്ങളുടെ ദിനപത്രങ്ങളായ സുപ്രഭാതത്തിലും സിറാജിലും സി.പി.എം നൽകിയ മുഴുപ്പേജ് പരസ്യമാണ് കുറച്ചു കാലത്തേക്കെങ്കിലും കേരള രാഷ്ട്രീയത്തിൽ ചർച്ചാ വിഷയമാവുക. പാർട്ടിപത്രമായ ദേശാഭിമാനിയിൽ നൽകാതെ ഈ രണ്ട് പത്രങ്ങളെ തിരഞ്ഞെടുക്കാനുള്ള കാരണം മുസ്ലിം വികാരം ആളിക്കത്തിക്കുക എന്നത് തന്നെയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ പയറ്റിയ ‘കാഫിർ’ സ്ക്രീൻ ഷോട്ട് ഹിന്ദുവിഭാഗങ്ങളെ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ തിരിക്കാനായിരുന്നുവെങ്കിൽ ഇവിടെ മുസ്ലിം വിഭാഗങ്ങളെ കോൺഗ്രസിനെതിരെ തിരിക്കാനുള്ള ചാണക്യ തന്ത്രമായിരുന്നു. വൈകാരികതയെ ഇളക്കി വിട്ട് കേരളത്തിൽ കുറച്ചു കാലമായി സി.പി.എം പയറ്റുന്ന തന്ത്രം ബി.ജെ.പിക്ക് വളമാകുന്നത് പാർട്ടി തിരിച്ചറിയാതെ പോകുന്നത് മതേതര ചേരിയെ ഏറെ നിരാശപ്പെടുത്തുന്നത് തന്നെയാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള ഈ തീക്കളി ഇടതുപക്ഷം ഇനിയും തുടർന്നാൽ നഷ്ടം പാർട്ടിക്ക് തന്നെയാണെന്ന പാഠം ഇനിയെങ്കിലും സി.പി.എം തിരിച്ചറിയണം.
നിങ്ങൾക്ക് വായനക്കാരുമായി പങ്കുവെക്കാനുള്ള ചിത്രങ്ങളും അഭിപ്രായങ്ങളും മറ്റുവിവരങ്ങളും INBOXലേക്ക് അയക്കുക. mail: saudiinbox@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.