കേരളം എങ്ങോട്ട്!
text_fieldsകേരളം എങ്ങോട്ടാണ് പോകുന്നത്? ലഹരി മാഫിയയും ഗുണ്ടാസംഘങ്ങളും കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്. ആരും എവിടെവെച്ചും ആക്രമിക്കപ്പെടാം എന്ന അവസ്ഥയിലേക്ക് കേരളം എത്തിയിരിക്കുന്നു. ഒപ്പം തലച്ചോറിൽ തിമിരം ബാധിച്ച പുതുതലമുറയും. മനസ്സ് മരവിപ്പിക്കുന്ന വാർത്തകളാണ് ഓരോനിമിഷവും ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങളുടെ മുന്നിലേക്കുവരുന്നത് തലസ്ഥാനനഗരി മാത്രമല്ല, കേരളം മുഴുവൻ നടുങ്ങി തരിച്ചുനിൽക്കുകയാണ്.
88 വയസ്സുള്ള പിതാവിന്റെ ഉമ്മയെയും പിതാവിന്റെ സഹോദരനെയും സഹോദരന്റെ ഭാര്യയെയും പെൺസുഹൃത്തിനെയും സ്വന്തം അനുജനെയും ഉൾപ്പെടെ അഞ്ചുപേരെ വെട്ടിക്കൊല്ലുകയും കാൻസർ രോഗബാധിതയായ സ്വന്തം പെറ്റമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത മകന്റെ വാർത്തയിൽ ഞെട്ടിത്തരിച്ചു കേരളം. 23 വയസ്സുള്ള പ്രതി മൂന്നുസ്ഥലങ്ങളിലായി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഈ അതിക്രൂരകൃത്യങ്ങൾ ചെയ്തത്, ഭയപ്പെടുത്തുന്ന കൂട്ടക്കുരുതി!
ഇന്നും സ്കൂളിൽ പോയിവന്ന ഒമ്പതാം ക്ലാസുകാരൻ അനുജനെപോലും കൊല്ലാൻ മാത്രം മനസ്സും ശരീരവും വികൃതമാകുന്ന തരത്തിലേക്ക് ആ 23 വയസ്സുകാരനെ അക്രമവാസനയിലേക്ക് എത്തിക്കുന്നത് എന്താണ്? നല്ലൊരു ചെറുപ്പക്കാരൻ എന്നാൽ എത്ര വേഗമാണ് അവൻ വേട്ടമൃഗമായി ആറുപേരെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നത്. അതിലൊരാൾ വയോവൃദ്ധയാണ്. ദുർബലയായ അവരെ പോലും വെറുതെവിടാൻ തോന്നാത്ത വിധം അത്രയും മനസ്സ് മരവിപ്പിക്കുന്ന എന്തുകാരണമാണ് ഇതിന്റെ പിന്നിൽ.
ഈ ആഴ്ചയിൽ തന്നെ കേരളത്തിൽ നടക്കുന്ന എത്രാമത്തെ കൂട്ടക്കൊലപാതകമാണിത്. അമ്മയെ കൊന്ന മകൻ, അച്ഛനെ കൊന്ന മകൻ, കാമുകനെ കൊന്ന കാമുകി, പിഞ്ചുകുഞ്ഞിനെ കിണറ്റിലേക്ക് എറിഞ്ഞുകൊല്ലുന്ന അമ്മ, മകളുടെ പ്രായം പോലുമില്ലാത്ത പെൺകുട്ടികളിൽ കാമം തിരയുന്നവർ, സഹപാഠികളെ പട്ടിക കൊണ്ട് പട്ടിയെ പോലെ തല്ലുന്നു, കോമ്പസ് കൊണ്ട് ശരീരം മുഴുവൻ വരയുന്നു, രാസലഹരിയുടെ വിപണനത്തിലും ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ യുവത എങ്ങോട്ടാണ് നടന്നുനീങ്ങുന്നത്?
മയക്കുമരുന്ന്, കൊലപാതകം, തട്ടികൊണ്ടുപോകൽ, വെട്ടിക്കൊല്ലൽ, കുത്തിക്കൊല്ലൽ, സമാധി, നിധിതേടൽ ഇങ്ങനെ ഇതെങ്ങോട്ടാണീ ദൈവത്തിന്റെ സ്വന്തം നാട് പോകുന്നത്. യാതൊരു സുരക്ഷയുമില്ലാതെ സ്വന്തം ജീവൻ ആർക്കുവേണമെങ്കിലും ഏതു വഴിപോക്കർക്കുവേണമെങ്കിലും ഒരു കത്തിമുനയിൽ തീരാവുന്ന രീതിയിൽ നമുക്കു ചുറ്റും ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നു.
ന്യൂജെൻ വയലൻസ് സിനിമകൾ നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുന്ന നെഗറ്റിവ് ഇംപാക്ട് ചെറുതല്ല. ഒപ്പം ലഹരി കൂടിയാകുമ്പോൾ അച്ഛനെന്നോ അമ്മയെന്നോ സഹോദരിയെന്നോ വ്യത്യാസമില്ലാതെ കുറ്റകൃത്യങ്ങൾ യഥേഷ്ടം നടക്കുകയാണ്. ഇത്തരം സിനിമകൾക്കോ ലഹരി മാഫികൾക്കെതിരെയോ ശക്തമായ നിയമനടപടി സ്വീകരിക്കാൻ കഴിയാത്ത രീതിയിൽ അധപതിച്ചുപോയി നമ്മുടെ സിസ്റ്റം!
-സുരേഷ് ശങ്കർ റിയാദ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.