കേരള എഞ്ചിനീയേഴ്സ് ഫോറം ശാസ്ത്ര, കലാമേള
text_fieldsറിയാദ്: മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ കേരള എഞ്ചിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) 'തരംഗ് 24' എന്ന ശീർഷകത്തിൽ ശാസ്ത്ര, കലാ മേള സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹിഷാം അബ്ദുൽ വഹാബും ഐ.ഡി ഫുഡ് ഗ്ലോബൽ സി.ഇ.ഒയും യുവ സംരംഭകനുമായ പി.സി മുസ്തഫയും അതിഥികളായെത്തും. ജൂൺ ഏഴിന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ റിയാദിലെ നവാരിസ് ഹാളിലാണ് പരിപാടികൾ. സംഘടന അംഗങ്ങളുടെ കുടുംബങ്ങളും കുട്ടികളും ഒരുക്കുന്ന കലാപ്രകടനങ്ങളും മത്സരങ്ങളും വേദിയിലുണ്ടാകും. പരിപാടിയുടെ ഭാഗമായി റിയാദിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്റർ സ്കൂൾ ക്വിസ് മത്സരവും നടക്കും. സംഘടനയുടെ വിവരങ്ങളും, നൽകുന്ന സേവനങ്ങളുമെല്ലാം ഉൾപ്പെടുത്തിയുള്ള കെ.ഇ.എഫിന്റെ മൊബൈൽ ആപ്പും വേദിയിൽ പുറത്തിറക്കും. വ്യത്യസ്ത മേഖലകളിൽ തൊഴിലെടുക്കുന്ന മലയാളി എഞ്ചിനീയർമാരുമായി പരസ്പരം സംവദിക്കാനും രാജ്യത്ത് പുതിയ സാധ്യതകളെകുറിച്ചും, തൊഴിൽ രംഗത്തുണ്ടാകുന്ന മാറ്റങ്ങളെകുറിച്ചും കൃത്യമായ വിവരങ്ങൾ പങ്കുവെക്കാനുമുള്ള വേദി കൂടിയാണ് കെ.ഇ.എഫ്. നിർമ്മാണ രംഗത്ത് ഉൾപ്പടെ രാജ്യത്തുണ്ടാകുന്ന വലിയ കുതിപ്പ് ഈ മേഖലയിൽ തൊഴിൽ തേടുന്നവർക്കും നിക്ഷേപം നടത്തുന്നവർക്കും ഏതൊക്കെ രീതിയിൽ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ചുള്ള മാർഗനിർദേശവും അവബോധവും സംഘടന നൽകി വരുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു..
800 ഓളം അംഗങ്ങളുള്ള കെ.ഇ.എഫിൽ സ്ത്രീ സാന്നിധ്യവും സജീവമാണ്. വനിത എഞ്ചിനീയർമാരെ തൊഴിലിടത്തിലേക്ക് പ്രാപ്തരാക്കുന്നതിനും മേഖലയിലെ സംരംഭക സാധ്യത ഉപയോഗപ്പെടുത്തുന്നതിനും വേണ്ടി 'ഷീ കണക്റ്റ്' എന്ന തലക്കെട്ടിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നതിനും, കൂടുതൽ ഉയർന്ന പദവിയിലേക്ക് ഉയരാൻ ആവശ്യമായ പരിശീലനം നൽകുന്നതിനും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുന്നതിന് പ്രൊഫഷണൽ കൺസൾട്ടൻസി സെൽ കൂട്ടായ്മക്ക് കീഴിൽ പ്രവർത്തനം സജീവമാണ്. സംഘടനക്കകത്തെ അംഗങ്ങളുടെ കല, കായിക രംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സംഗീതം, ഫുട്ബാൾ, ബാഡിമിന്റൺ, വോളിബാൾ ഉൾപ്പടെയുള്ള വിനോദ പരിപാടികളും നടക്കുന്നുണ്ട്. 1998 ൽ ജിദ്ദയിൽ പിറവി കൊണ്ട കെ.ഇ.എഫ് ഇന്ന് സൗദിലുടനീളം വ്യാപിച്ച രണ്ടായിരത്തോളം അംഗങ്ങളുള്ള സംഘടനയാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കെ.ഇ.എഫ് വൈസ് പ്രസിഡന്റ് ആഷിഖ് പാണ്ടികശാല, ജനറൽ സെക്രട്ടറി നിസാർ ഹുസൈൻ, നിത ഹമീദ്, മുഹമ്മദ് മുർഷിദ്, മുഹമ്മദ് ഷാഹിദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.