കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന്‍റെ പ്രധാന കർമങ്ങൾ ആരംഭിക്കാനിരിക്കെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവുമായ സി. മുഹമ്മദ് ഫൈസി മക്കയിൽ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമുമായി കൂടിക്കാഴ്ച നടത്തി. ഒരുക്കങ്ങൾ വിലയിരുത്തി. തീർഥാടകർക്ക് പരമാവധി മെച്ചപ്പെട്ട സൗകര്യങ്ങൾ ചെയ്തുനൽകുന്നതിൽ കോൺസുലേറ്റിന് കീഴിൽ ഇന്ത്യൻ ഹജ്ജ് മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മുഹമ്മദ് ഫൈസി പറഞ്ഞു.
ഇന്ത്യൻ തീർഥാടകരുടെ താമസ അനുബന്ധ സൗകര്യങ്ങൾ, അറഫ സംഗമം, മിനായിലെ ടെൻറ്, അറഫ-മിന മൂവ്മെൻറിനുള്ള ഗതാഗത സംവിധാനങ്ങൾ, രോഗികൾക്കായി പ്രത്യേകം ചെയ്തിട്ടുള്ള ക്രമീകരണങ്ങൾ തുടങ്ങിയ വിവിധ കാര്യങ്ങളിൽ ഇന്ത്യൻ ഹജ്ജ് മിഷന്‍റെ നേതൃത്വത്തിലൊരുക്കിയ സൗകര്യങ്ങളും സംവിധാനങ്ങളും കൂടിക്കാഴ്ചയിൽ കോൺസുൽ ജനറൽ പങ്കുവെച്ചു. നുസ്ക് കാർഡ് വിതരണത്തിൽ ബന്ധപ്പെട്ട ഏജൻസിയിൽ നിന്നുണ്ടായ കാലതാമസം വ്യാഴാഴ്ച പൂർണമായും പരിഹരിക്കപ്പെടുമെന്നും ബന്ധപ്പെട്ട ഏജൻസികൾക്ക് പ്രത്യേക അറിയിപ്പ് നൽകിയതായും കോൺസുൽ ജനറൽ അറിയിച്ചു. മലയാളി തീർഥാടകരിൽ നിന്നും ഇനിയും കാർഡ് ലഭിക്കാത്തവരുടെ ലിസ്റ്റ് കോൺസുലേറ്റ് ഓഫിസിന് കൈമാറിയിട്ടുണ്ട്.
മക്കയിൽ ഹജ്ജ് വേളയിൽ തീർഥാടകർക്ക് സേവനം ചെയ്യുന്നതിന് സന്നദ്ധ സംഘങ്ങൾക്ക് സൗദി ഹജ്ജ് മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി (തസ്രീഹ്) അനിവാര്യമായിരിക്കെ ഇതിൽ ഇളവുകൾ ലഭിക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ട്. ദുൽഹജ്ജ് 10ന് ശേഷം നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കാൻ ഇടയുണ്ട്. ഇതുവഴി ജംറകളിൽ തീർഥാടകർക്ക് സഹായമായി സന്നദ്ധ സംഘങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലയാളി തീർഥാടകരിൽ ഏതാനും പേർക്ക് അസുഖം കാരണം സ്വന്തമായി അറഫയിലേക്ക് പോകാൻ പ്രയാസം അനുഭവിക്കുന്നവരുണ്ട്. ഇവരെ ആംബുലൻസ് വഴി നേരിട്ട് അറഫയിൽ എത്തിക്കുന്നതിന് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
ഇതിനായി വളൻറിയർമാർക്ക് പ്രത്യേക ചുമതല നൽകി. മക്കയിൽ മലയാളി തീർഥാടകർ താമസിക്കുന്ന കേന്ദ്രങ്ങളിൽ എത്തി വളൻറിയർമാരുമായി സംസാരിച്ച് ഒരുക്കം വിലയിരുത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 18,200 തീർഥാടകരാണ് ഇത്തവണ ഹജ്ജ് കർമത്തിനായി പുറപ്പെട്ടത്. ഇതിൽ 17,920 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 280 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആണ്. 90 ഖാദിമുൽ ഹുജ്ജാജ് (ഹജ്ജ് വളൻറിയർ)മാരാണ് തീർഥാടകരുടെ സേവനത്തിനായി അനുഗമിച്ചത്. ലോകത്തിന്‍റെ അനേകം ദിക്കുകളിൽ നിന്നെത്തിയ തീർഥാടകർ ലബ്ബൈക്കിന്‍റെ മന്ത്രവുമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ മിന താഴ്വരയിൽ തമ്പടിക്കും. ശനിയാഴ്ച അറഫാ ഭൂമിയിൽ ജനലക്ഷങ്ങൾ സംഗമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.