കേരളത്തിനുവേണ്ടത് സാമൂഹിക സുരക്ഷിതത്വം -എൻ.പി. ഹാഫിസ് മുഹമ്മദ്
text_fieldsറിയാദ്: കേരളം അസാധാരണമായൊരു ദേശമാണെന്നും ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലോ ലോകത്ത് അധികം പ്രദേശങ്ങളിലോ ഇല്ലാത്ത വ്യത്യസ്തതകളാണ് കേരളത്തിലെന്നും പ്രമുഖ എഴുത്തുകാരൻ എൻ.പി. ഹാഫിസ് മുഹമ്മദ്. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, ലോകത്തെവിടെയും ജോലിചെയ്യാൻ പ്രാപ്തമായ തൊഴിൽപരമായ വളർച്ച, ആരോഗ്യരംഗത്തെ സമാനതകളില്ലാത്ത ഉയർന്ന നിലവാരം, രാഷ്ട്രീയ അവബോധത്തിലുള്ള ശേഷിയുമെല്ലാം മലയാളിയെ ലോകതലത്തിൽ മുന്നിട്ടുനിർത്തുന്ന ഘടകങ്ങളാണ്. റിയാദ് പുസ്തകോത്സവത്തിൽ അതിഥിയായെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തിൽ സമൂഹം, സ്ത്രീ, എഴുത്ത് എന്നീ വിഷയങ്ങളിൽ സംസാരിക്കുകയായിരുന്നു.
സാമൂഹികാരോഗ്യം ഭദ്രമല്ല
ഈ പറഞ്ഞ സവിശേഷതകളൊക്കെ കേരളീയർക്കുണ്ടെങ്കിലും നമ്മുടെ സാമൂഹികമായ ആരോഗ്യം അത്ര നല്ലതല്ല. ഏറ്റവുമധികം ആൽക്കഹോളിസ്റ്റുകൾ കേരളത്തിലാണ്. മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ രൂക്ഷമാണ്. വൈവാഹിക ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ആത്മഹത്യ, കുടുംബത്തകർച്ച, റോഡപകടങ്ങൾ എല്ലാം ചെന്നെത്തിനിൽക്കുന്നത് മദ്യത്തിലും മയക്കുമരുന്നിലുമാണ്. സാമൂഹിക ജീവിതത്തിന് ഭീഷണിയാകുന്ന ക്വട്ടേഷൻ സംഘങ്ങൾ, സ്ത്രീ പീഡകർ, കുട്ടികൾക്കും വൃദ്ധർക്കുമെതിരെയുള്ള അതിക്രമങ്ങൾ എല്ലാം അനുദിനം വർധിക്കുകയാണ്. ഇത് 'രേഖപ്പെടുത്തുന്നതാണ് കാരണ'മെന്ന വാദത്തോട് യോജിക്കാനാവില്ല. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ലഭിക്കുന്ന സ്വസ്ഥത നമ്മുടെ പ്രദേശത്തില്ലെന്ന് നമുക്ക് യാത്രചെയ്യുമ്പോൾ ബോധ്യപ്പെടും.
കേരളത്തിന്റെ സാമൂഹികാരോഗ്യത്തെ കുറിച്ച് നാം ജാഗ്രത പാലിക്കണം. പ്രവാസികൾ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ഇത് മുൻകൂട്ടിക്കണ്ട് നമ്മുടെ രാഷ്ട്രീയ സാംസ്കാരിക സമൂഹ ശാസ്ത്രജ്ഞന്മാർ ഒരു ചുക്കും ചെയ്തിട്ടില്ല. കേരളത്തിന്റെ നട്ടെല്ലായ ഒരു വിഭാഗം പെട്ടെന്ന് തൊഴിലില്ലാതായി തിരിച്ചുവരുമ്പോൾ സ്വാഭാവികമായും കുടുംബത്തിലുണ്ടാക്കുന്ന പ്രയാസം വലുതായിരിക്കും. ഇത്തരം പ്രശ്നങ്ങൾക്കുനേരെ കണ്ണും പൂട്ടിയിരിക്കുന്ന സമൂഹം കൂടിയാണ് കേരളീയർ. നമുക്ക് സാമൂഹിക സുരക്ഷക്കുവേണ്ടി ഒരു വകുപ്പും മന്ത്രാലയവും ഉടനടി വേണമെന്നും ഹാഫിസ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
സ്ത്രീ മുന്നേറ്റം തുടരുന്നു
സ്ത്രീസമൂഹം എല്ലാ മേഖലകളിലും ഉയർന്നുവരുന്ന കാഴ്ചയാണ് നാം കാണുന്നത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ 75 ശതമാനം പെൺകുട്ടികളാണ്. റിസർച്ചിൽ 60 ശതമാനത്തിലധികം പെൺകുട്ടികളാണ്. ഫാറൂഖ് കോളജിൽ ഒരു വർഷം 76 ശതമാനംവരെ മുസ്ലിം പെൺകുട്ടികൾ ഉണ്ടായിരുന്നു. അവർ പഠിക്കുകയും മുന്നേറുകയും ചെയ്യുന്നു. എന്നാൽ മുസ്ലിം സമൂഹത്തിലെ ആൺകുട്ടികൾ വേണ്ടത്ര പഠിക്കാതെപോകുന്നത് സ്വാഭാവികമായും ആഘാതമുണ്ടാക്കും. ഇന്ന് പെൺകുട്ടികൾ തീരുമാനങ്ങളെടുക്കുന്ന ഒരു കാലത്താണ് നാം. ഈ മാറ്റം പുരോഗമന നവോത്ഥാന ചലനങ്ങളുടെ ഭാഗമാണ്. പുരുഷമേധാവിത്വത്തെ ചോദ്യംചെയ്യുക എന്നത് ആധുനിക കാലത്തിന്റെ നേട്ടമാണ്. ഇത് ഫെമിനിസമല്ല, മനുഷ്യാവകാശ പ്രശ്നമാണ്. സ്ത്രീക്കും പുരുഷനും തുല്യനീതി എന്നത് നിയമപരമായ പരിരക്ഷയുടെയും സാമൂഹികമായ അനുഭവങ്ങളുടെയും അടിത്തറയിലുണ്ടാവേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
'എസ്പതിനായിരം'
സംഗീതജ്ഞനായ ബാബുരാജിനെ കുറിച്ചുളള ഒരു നോവൽ പത്ത് അധ്യായം പൂർത്തിയായെങ്കിലും മുന്നോട്ടുള്ള പ്രയാണത്തിൽ തടസ്സം നേരിട്ടപ്പോൾ ഇടക്കാലത്ത് എഴുതിയ നോവലാണ് 'എസ്പതിനായിരം'. എന്റെ ബാല്യ, കൗമാര കാലത്തെ അനുഭവങ്ങളാണ് പ്രതിപാദനം. ഞാൻ ജനിച്ചുവളർന്ന കോഴിക്കോട്ടെ തീരദേശ ഭാഗമായ തെക്കേപ്പുറം ഏറെ സവിശേഷത നിറഞ്ഞ ഒരു പ്രദേശമാണ്. മുസ്ലിംകളാണ് നൂറു ശതമാനവും. മരുമക്കത്തായവും പുയ്യാപ്ല സംസ്കാരവും നിലനിൽക്കുന്ന ഈ സ്ഥലം സാമൂഹികശാസ്ത്രപരമായ ഒരത്ഭുതമാണ്.
അവരുടെ വിവാഹം, കാതുകുത്ത്, സുന്നത്ത് കല്യാണം, ഭക്ഷണം, സൽക്കാരം എല്ലാംതന്നെ സവിശേഷമായ ജീവിതരീതിയാണ്. എസ്പതിനായിരം കഥകളുറങ്ങുന്ന തെക്കേപ്പുറത്ത് കൂടി കൗമാരക്കാരനായ ഹാഫിസ് എന്ന കൗമാരക്കാരൻ നടത്തുന്ന പ്രയാണമാണ് ഈ നോവൽ. പിതാവ് എൻ.പി. മുഹമ്മദിന്റെ വിഖ്യാതമായ 'എണ്ണപ്പാടം'നോവൽ തെക്കേപ്പാടത്തിന്റെ കീഴാളപക്ഷ മുഖമാണ് അനാവരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ എഴുത്തുകാർ
ഇന്നത്തെ എഴുത്തുകാർ ഒരു ട്രെൻഡിനെയോ പാറ്റേണിനെയോ പിന്തുടരുന്നവരല്ലെന്നും അവർ വ്യത്യസ്ത പാതകൾ വെട്ടിത്തെളിക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ദുഗോപനെഴുതുന്നപോലെയല്ല വിനോയ് തോമസ് എഴുതുന്നത്. അദ്ദേഹം എഴുതുന്നപോലെയല്ല ദേവദാസ് എഴുതുന്നത്. അവർക്ക് ശേഷമുള്ള എഴുത്തുകാരും പുതിയ ട്രെൻഡുകൾ സ്വയം സൃഷ്ടിക്കുന്നവരാണ്. ഇത് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം അഭിലഷണീയമായ പ്രവണതയാണെന്നും എൻ.പി. ഹാഫിസ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.