പോക്സോ കേസ് പ്രതിയെ കേരള പൊലീസ് റിയാദിൽനിന്ന് കൊണ്ടുപോയി
text_fieldsപ്രതിയെ കൊണ്ടുപോകാൻ റിയാദിലെത്തിയ മണ്ണാർക്കാട് ഡിവൈ.എസ്.പി സുന്ദരൻ, എസ്.സി പൊലീസ് ഓഫിസർ കെ. നൗഷാദ്, സിവിൽ പൊലീസ് ഓഫീസർ റംഷാദ് എന്നിവർ
റിയാദ്: 16 വയസ്സുള്ള പെൺകുട്ടിയെ കെട്ടി ഏതാനും ദിവസങ്ങൾക്കുശേഷം സൗദിയിലേക്ക് മടങ്ങിയ പ്രവാസി മലയാളിക്കെതിരെ ഒടുവിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ ലൈംഗീക പീഡന പരാതിയും. പോക്സോ, ശൈശവ വിവാഹ കേസുകളിൽ കുടുങ്ങിയ മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ മണ്ണാർക്കാട് പൊലീസ് റിയാദിലെത്തി സൗദി പൊലീസിൽനിന്ന് ഏറ്റുവാങ്ങി നാട്ടിലേക്ക് തിരിച്ചു.
മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. നാട്ടിലെത്തിയശേഷം വെളിപ്പെടുത്താം എന്ന നിലപാടിലാണ് പൊലീസ്. മണ്ണാർക്കാട് ഡി.വൈ.എസ്.പി സുന്ദരനും സംഘവുമാണ് കഴിഞ്ഞദിവസം റിയാദിലെത്തി അറസ്റ്റ് ചെയ്തത്.
ചൈൽഡ് മാരേജ് ആക്റ്റ് ലംഘനം, പോക്സോ കേസ് എന്നിവയാണ് പ്രതിക്കെതിരെയുള്ളതെന്ന് പൊലീസ് സംഘം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 2022-ലാണ് 16 വയസ്സുള്ള കുട്ടിയെ യുവാവ് വിവാഹം കഴിച്ചത്. റിയാദിൽ ജോലി ചെയ്യുന്ന ഇയാൾ കല്യാണം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുശേഷം അവധി കഴിഞ്ഞ് മടങ്ങി. മാസങ്ങൾക്ക് ശേഷം വധുവും ബന്ധുക്കളും ഭർത്താവ് പീഡിപ്പിച്ചെന്ന് ആരോപിച്ച് മണ്ണാർക്കാട് പൊലീസിൽ പരാതി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ശൈശവ വിവാഹ നിരോധന നിയമമനുസരിച്ചുള്ള കുറ്റമുണ്ടെന്നും കണ്ടെത്തി അതുംകൂടി യുവാവിനെതിരെ ചാർജ് ചെയ്തത്. മാത്രമല്ല ശൈശവ വിവാഹ നിരോധന നിയമപ്രകാരം വധുവിന്റെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതി സൗദിയിലായതിനാൽ പൊലീസ് ഇന്റർപോളിന്റെ സഹായം തേടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. കേസ് നിലവിലുണ്ടെന്നും അറസ്റ്റ് ഉണ്ടാകുമെന്നും ഭയന്ന് 2022ന് ശേഷം പ്രതി നാട്ടിലേക്ക് പോയിട്ടില്ല. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പടുവിച്ചു. ഇത് ഇറങ്ങിയതോടെ നാഷനൽ സെൻട്രൽ ബ്യൂറോ ഓഫ് ഇന്ത്യയുടെ ആവശ്യപ്രകാരം സൗദി ഇന്റർപോൾ പ്രതിയെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് അറസ്റ്റ് സംബന്ധിച്ച വിവരം കേരള പൊലീസിന് ലഭിക്കുന്നത്. പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള തുടർനടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഈ മാസം 20നാണ് മണ്ണാർക്കാട് ഡി.വൈ.എസ്.പി സുദർശൻ, എസ്.സി പോലീസ് ഓഫിസർ കെ. നൗഷാദ്, സിവിൽ പൊലീസ് ഓഫിസർ റംഷാദ് എന്നിവരടങ്ങുന്ന സംഘം റിയാദിലെത്തിയത്.
തുടർന്ന് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പ്രതിയെ കൈമാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. ചൊവ്വാഴ്ച (മാർച്ച് 25) രാത്രി 10 ഓടെ സൗദി നാഷനൽ ക്രൈം ബ്യൂറോ പ്രതിയെ റിയാദ് കിങ് ഖാലിദ് എയർപോർട്ടിൽവെച്ച് കേരള പൊലീസ് സംഘത്തിന് കൈമാറി. രാത്രി 11.55ന് എയർ ഇന്ത്യ എക്സ്പ്രസിൽ പ്രതിയുമായി പൊലീസ് നാട്ടിലേക്ക് പുറപ്പെട്ടു. റിയാദിൽ വന്നിറങ്ങിയത് മുതൽ എല്ലാ സൗകര്യങ്ങളും സൗദി ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ചിരുന്നു. മടക്കയാത്ര വരെ റിയാദ് പൊലീസ് ഒപ്പമുണ്ടായിരുന്നു. വാഹന, താമസ സൗകര്യങ്ങളും സൗദിയധികൃതർ ഒരുക്കിനൽകിയെന്നും ഡി.വൈ.എസ്.പിയും സംഘവും പറഞ്ഞു.
അറബ് തർജമ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സാമൂഹികപ്രവർത്തകൻ സിദ്ധിഖ് തുവ്വൂരും സംഘത്തെ സഹായിച്ചു. 2010ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ സൗദി സന്ദർശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള സുപ്രധാന കരാറുണ്ടാക്കിയത്. അതിനുശേഷം നാട്ടിലുണ്ടായ കേസുകളിൽ പ്രതികളായ നിരവധി ഇന്ത്യക്കാരെ സൗദിയിൽനിന്ന് റെഡ്കോർണർ നോട്ടീസിലൂടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ടുണ്ട്. ഇന്ത്യയിൽ കുറ്റകൃത്യം നടത്തിയശേഷം സൗദിയിലേക്ക് രക്ഷപ്പെടാൻ ഇനി ഒരാൾക്കും കഴിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.