ആവേശം വിതറി കേരളോൽസവം ഫുട്ബാളും വടം വലിയും
text_fieldsജിദ്ദ: വെള്ളിയാഴ്ച രാവേറെ വെകിയിട്ടും ജിദ്ദയിലെ ഹിലാൽശ്യം സ്റ്റേഡിയം ആവേശത്തിമിർപ്പിലായിരുന്നു. ‘ഇന്ത്യ @ 70' ഭാഗമായി കോണ്‍സുലേറ്റിെൻറ നേതൃത്വത്തില്‍ കേരളൈറ്റ്‌സ് ഫോറം സംഘടിപ്പിച്ച ഫുട്‌ബാള്‍, കമ്പവലി മത്സരങ്ങൾ പ്രവാസി മലയാളികളുടെ കായികപ്പോരിൽ ആഹ്ലാദഭരിതമായി. കളി കാണാൻ ആയിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയത്. കോൺസൽ ജനറൽ നൂർ മുഹമ്മദ് റഹ്മാൻ ശൈഖും ഉദ്യോഗസ്ഥരും മലയാളി പൗരസമൂഹവും മാമാങ്കത്തിന് സാക്ഷിയാവാനുണ്ടായിരുന്നു.
ഫുട്ബാൾ മത്സരത്തില്‍ റിയല്‍ കേരളയും വടംവലി മത്സരത്തില്‍ റെഡ് അറേബ്യയും ജേതാക്കളായി. സിഫിെൻറ സഹകരണത്തോടെ നടത്തിയ ഫുട്‌ബാള്‍ മത്സരത്തില്‍ റിയല്‍ കേരള എതിരില്ലാത്ത രണ്ട് ഗോളിന് മമ്പാട് ഫ്രൻഡ്സിനെ പരാജയപ്പെടുത്തി കിരീടം ചൂടി. വാശിയേറിയ വടംവലി മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് വി.സി.എ ക്ലബ് വാഴക്കാടിനെ റെഡ് അറേബ്യ മറിച്ചിട്ടത്. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി കോണ്‍സല്‍ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, കോണ്‍സല്‍മാരായ ഡോ. മുഹമ്മദ് നൂറൂല്‍ ഹസന്‍, ആനന്ദ് കുമാര്‍, മോയിന്‍ അക്തര്‍ തുടങ്ങിയവരും ഉദ്യോഗസ്ഥരും മത്സരത്തിന് സന്നിഹിതരായി.
വൈകുന്നേരം ആറിന് ആരംഭിച്ച മത്സരങ്ങള്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അവസാനിച്ചത്. ഫുട്‌ബാള്‍ സെമിയില്‍ റിയല്‍ കേരള രണ്ട് ഗോളുകള്‍ക്ക് ഷറഫിയ ട്രേഡേഴ്‌സിനെയും ഫ്രണ്ട്‌സ് മമ്പാട് ഏകപക്ഷീയമായ ഒരു ഗോളിന് എ.സി.സിയെയും പാരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. എട്ടു ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. നോക്കൗട്ട് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ മറ്റു ടീമുകള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
ഫുട്‌ബാള്‍ മത്സരങ്ങള്‍ക്കിടയില്‍ നടന്ന വടംവലി മത്സരത്തിലും എട്ടു ടീമുകളാണ് മാറ്റുരച്ചത്. ജിദ്ദയിലെ പ്രമുഖ ടീമുകളെ പിന്നിലാക്കിയാണ് വടംവലിയില്‍ റെഡ് അറേബ്യ വിജയികളായത്.
ജേതാക്കളായ റെഡ് അറേബ്യക്കു വേണ്ടി ഉവൈസ്, ഷിഹാബ്, ശരീഫ്, മനാഫ്, ഷൗക്കത്ത്, റസാഖ്, റംസാദ് എന്നിവര്‍ കരുത്ത് തെളിയിച്ചപ്പോള്‍ റണ്ണേഴ്‌സ് അപ്പായ വി.സി.എ ക്ലബ് വാഴക്കാടിനുവേണ്ടി സി.സി റസാഖ്, അഹമ്മദ് കുട്ടി, സല്‍മാന്‍, റിയാസ്, ഹമീദ്, നൗഫല്‍, ഹുസൈന്‍ വാഴക്കാട് എന്നിവര്‍ അണിനിരന്നു. ഈ മാസം 27, 28 തീയതികളില്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടക്കുന്ന കേരളോത്സവത്തില്‍ ജേതാക്കള്‍ക്ക് കോണ്‍സല്‍ ജനറല്‍ ട്രോഫി സമ്മാനിക്കും. സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര, ഫുട്‌ബാള്‍, വടംവലി മത്സര വിഭാഗം കണ്‍വീനര്‍ അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.