നാടിൻ പ്രത്യേകതകൾ വിളംബരം ചെയ്ത് ഇന്ത്യൻ എംബസിയിൽ 'കേരളോത്സവം'
text_fieldsറിയാദ്: കേരളത്തിന്‍റെ പ്രകൃതിയും സംസ്കാരവും കലാപാരമ്പര്യവും ജീവിത തനിമയും തനത് ഭക്ഷണരീതിയും ലോകത്തിന് പരിചയപ്പെടുത്താൻ റിയാദിൽ ഇന്ത്യൻ എംബസി 'കേരളോത്സവം' സംഘടിപ്പിച്ചു. ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഇത്തരം സവിശേഷതകളെക്കുറിച്ച് വിവിധ രാജ്യങ്ങളുടെ നയതന്ത്രജ്ഞർക്കിടയിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന പ്രാദേശികോത്സവ പരമ്പരക്ക് തുടക്കം കുറിച്ചാണ് എംബസി ആസ്ഥാനത്ത് ഈ പരിപാടി നടന്നത്. കേരള സംസ്ഥാനത്തിന്റെ സാംസ്കാരിക, വിനോദസഞ്ചാര, വാണിജ്യ വശങ്ങൾ ഉയർത്തിക്കാട്ടിയ ഉത്സവം എംബസി ഷാർഷെ ദഫെയും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനുമായ രാം പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു.
അനുപമമായ ഭൂമിശാസ്ത്രം, ശാന്തമായ കായൽ, മലിനപ്പെടാത്ത കടൽത്തീരം, തനത് കലാരൂപങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാൽ പ്രസിദ്ധമായ കേരളത്തിെൻറ ഈ സവിശേഷതകൾ വിശദീകരിക്കുന്ന പരിപാടികൾ അരങ്ങേറി. കാർഷിക, വാണിജ്യ ഉൽപന്നങ്ങൾ, ടൂറിസം, ഭക്ഷണം, സംസ്കാരം എന്നിവയിലെ കേരളത്തിന്‍റെ തനത് സംഭാവനയുടെ പ്രദർശനമായിരുന്നു പ്രധാന പരിപാടി. ഡോക്യുമെൻററി പ്രദർശനം, ചെണ്ടവാദ്യം, തെയ്യം, പുലികളി, മറ്റ് നൃത്തരൂപങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ അരങ്ങേറി.
വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രജ്ഞർ, സൗദി കമ്പനികളുടെ പ്രതിനിധികൾ, സൗദിയിലെ ഇന്ത്യൻസാമൂഹിക പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിെൻറ ആകർഷകമായ ഹൗസ് ബോട്ടുകൾ, വിശാലമായ തേയിലത്തോട്ടങ്ങൾ, അതുല്യമായ ഇക്കോ ടൂറിസം, ഗംഭീരമായ വാസ്തുവിദ്യ, ആയുർവേദ ചികിത്സകൾ, അവിസ്മരണീയമായവും രുചകരവുമായ തനത് ഭക്ഷണ വിഭവങ്ങൾ എന്നിവയാൽ ആഗോള പ്രശസ്തമായ കേരളത്തിന്‍റെ പ്രത്യേകതകളെ കുറിച്ച് ലോകകേരള സഭ അംഗവും സാമൂഹികപ്രവർത്തകനുമായ ആൽബിൻ ജോസഫ് സമഗ്രമായ വീഡിയോ അവതരണത്തിെൻറ സഹായത്തോടെ വിശദീകരിച്ചു. സജിൻ അവതാരകനായി.
എംബസി അങ്കണത്തിൽ വിവിധ വാണിജ്യസ്ഥാപനങ്ങളാണ് ഉൽപന്നങ്ങളുടെ പ്രദർശന സ്റ്റാളുകൾ ഒരുക്കിയത്. പരിപാടികഴിഞ്ഞ് കേരളത്തിെൻറ തനത് ഭക്ഷണവിഭവങ്ങൾ രുചിച്ചാണ് എല്ലാവരും മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.