ഖമീസ് മുശൈത്ത് കെ.എം.സി.സി ഖാദിമെ മില്ലത്ത് അവാർഡ് കുഞ്ഞിമോൻ കാക്കിയക്ക്
text_fieldsഅബഹ: ഖമീസ് മുശൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നൽകുന്ന ‘ഖാദിമെ മില്ലത്ത് ഇന്റർനാഷനൽ സോഷ്യൽ സർവിസ് അവാർഡി’ന് മക്കയിലെ അബ്ദുൽ മുഹൈമിൻ ആലുങ്ങൽ എന്ന കുഞ്ഞിമോൻ കാക്കിയ അർഹനായി. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകർക്ക് കെ.എം.സി.സി സാംസ്കാരിക വിഭാഗമായ സംസ്കൃതി നൽകിവരുന്ന പുരസ്കാരങ്ങളുടെ ഭാഗമായാണ് ഫലകവും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ് നൽകുന്നത്.
സൗദി കെ.എം.സി.സി വർക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട്, യു.എ.ഇ കെ.എം. സി.സി ജനറൽ സെക്രട്ടറി അൻവർ നഹ, ഓൾ ഇന്ത്യ കെ.എം.സി.സി ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് ബാംഗ്ലൂർ, ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഖമീസ് മുശൈത്ത് സംസ്കൃതി ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ എന്നിവർ ഉൾപ്പെട്ട ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന ഹജ്ജ് തീർഥാടകർക്ക് നൽകി വരുന്ന സേവനങ്ങൾ, നാട്ടിലും പ്രവാസലോകത്തും ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്ന സഹായങ്ങൾ, വിവിധ സാമൂഹിക, സാംസ്കാരിക, ധാർമിക വിദ്യാഭ്യാസ സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണ, ജീവകാരുണ്യ രംഗങ്ങളിൽ നടത്തിവരുന്ന ഇടപെടലുകൾ തുടങ്ങിയവ വിലയിരുത്തിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് ജൂറി അംഗം അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.
1995ലാണ് കുഞ്ഞിമോൻ കാക്കിയ മക്കയിൽ പ്രവാസം ആരംഭിക്കുന്നത്. കെ.എം.സി.സിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ഒന്നര പതിറ്റാണ്ടിലധികമായി നേതൃപരമായ പങ്കുവഹിക്കുന്നു. നിലവിൽ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷററാണ്. ഹജ്ജ് വേളയിൽ മക്കയിൽ സേവനത്തിനെത്തുന്ന കെ.എം.സി.സി വളന്റിയർമാരെ നയിക്കാനുള്ള ചുമതല വർഷങ്ങളായി നിർവഹിച്ചുവരുന്നത് കുഞ്ഞിമോനാണ്.
മലപ്പുറം കൂട്ടിലങ്ങാടി കൊളപ്പറമ്പ് സ്വദേശിയായ കുഞ്ഞിമോൻ കാക്കിയ ആലുങ്ങൽ സദഖത്തുല്ല മുസ്ലിയാരുടെയും ബിയുമ്മ ഏലച്ചോലയുടെയും മകനാണ്. മക്ക മലയാളി അസോസിയേഷൻ, ഒ.ഐ.സി.സി, കെ.എം.സി.സി തുടങ്ങിയ സംഘടനകളുടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അടുത്ത വാരം ഖമീസ് മുശൈത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കുന്ന പുരസ്കാര ദാന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് കുട്ടി മാതാപ്പുഴ, ബഷീർ മൂന്നിയൂർ, മൊയ്തീൻ കട്ടുപ്പാറ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.